
സ്കൂബാ ഡൈവിങ് പരിശീലനത്തിനിടെ പരിശീലകൻ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി രംഗത്ത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും യുവതി സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതോടെ പരിശീലകനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരിശീലകന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തി തീർത്തും അധാർമ്മികമെന്നാണ് സ്കൂബാ വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നത്.
ഈജിപ്ത് സ്വദേശിനിയായ മെദീൻ എന്ന യുവതിയാണ് പരിശീലകനെതിരെ പരാതിയുമായി മുന്നോട്ട് വന്നത്. പരിശീലന സെഷനിനിടെ വെള്ളത്തിനടിയിൽ വെച്ച് പരിശീലകൻ അനാവശ്യമായി തന്റെ ശരീരത്തിൽ സ്പർശിക്കുന്ന ദൃശ്യങ്ങളാണ് യുവതി പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയിൽ യുവതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശീലകൻ കൈവയ്ക്കുന്നതും പിടിക്കുന്നതും വ്യക്തമായി കാണാം.
ഇത്തരം സ്പർശങ്ങൾ സുരക്ഷാ നടപടികളുടെ ഭാഗമോ സ്കൂബാ പരിശീലനത്തിന്റെ പ്രോട്ടോക്കോളിന്റെ ഭാഗമോ അല്ലെന്ന് യുവതി വ്യക്തമാക്കി. ഒടുവിൽ അസ്വസ്ഥത സഹിക്കാനാകാതെ യുവതി പരിശീലകന്റെ കൈ തട്ടി മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. സ്വതന്ത്രമായി സ്കൂബാ ഡൈവിങ് കേന്ദ്രം നടത്തുന്നയാളാണ് ഇയാളെന്നും പേരടക്കം വെളിപ്പെടുത്തിയാണ് യുവതി വീഡിയോ പുറത്തുവിട്ടത്.
വെള്ളത്തിനടിയിലായാലും നമ്മളെ അസ്വസ്ഥരാക്കുന്ന പ്രവൃത്തികളെ ഒരിക്കലും സഹിക്കേണ്ടതില്ലെന്നും അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഉടൻ പ്രതികരിക്കണമെന്നും യുവതി മറ്റു ഒറ്റയ്ക്കുള്ള സ്കൂബാ യാത്രികരോട് അഭ്യർത്ഥിച്ചു.
സംഭവത്തിൽ പരിശീലകനെതിരെ നടപടി വേണമെന്നും കർശനമായ ശിക്ഷ നൽകണമെന്നും സാമൂഹികമാധ്യമങ്ങളിൽ നിരവധി പേർ ആവശ്യപ്പെടുന്നു. പരിശീലനത്തിനിടെ പരിശീലകന്റെ ഇടപെടൽ ചില സാഹചര്യങ്ങളിൽ ആവശ്യമായേക്കാമെങ്കിലും വീഡിയോയിൽ കാണുന്ന പ്രവർത്തനം പൂർണ്ണമായും അനാവശ്യവും അംഗീകരിക്കാനാകാത്തതുമാണെന്ന് സ്കൂബാ സമൂഹത്തിലെ അംഗങ്ങളും അഭിപ്രായപ്പെട്ടു.











