07:50am 19 April 2026
NEWS
സ്‌കൂട്ടർ തട്ടിപ്പിൽ പങ്കില്ലെന്ന് കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്
05/02/2025  02:23 PM IST
nila
സ്‌കൂട്ടർ തട്ടിപ്പിൽ പങ്കില്ലെന്ന് കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്

കണ്ണൂർ: സ്‌കൂട്ടർ തട്ടിപ്പ് കേസിൽ പങ്കില്ലെന്ന് കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റ്. കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ അഭിഭാഷകയായ ലാലി വിൻസെന്റ്  കണ്ണൂർ ടൗൺ പോലീസെടുത്ത കേസിൽ ഏഴാം പ്രതിയാണ്. സോഷ്യോ എക്കണോമിക് ആൻഡ് എൻവയേൺമെന്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ എല്ലാ രാഷ്ട്രീയപാർട്ടിയിൽപെട്ടവരും ഉൾപ്പെട്ടിട്ടുണ്ടെന്നും ലാലി വിൻസെന്റ് പറയുന്നു. അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകൾ ഇതിന് മുമ്പും കൈകാര്യം ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. 

മുമ്പ് വനിതാ കമ്മിഷൻ അംഗമായിരുന്ന പ്രമീളാ ദേവിയുടെ സ്റ്റാഫായിരുന്നു അനന്തുകൃഷ്ണൻ. പിന്നീട് പ്രമീളാ ദേവി ബി.ജെ.പിയിലേക്ക് പോയെന്നും അനന്തുകൃഷ്ണൻ ബിസിനസുമായി മുന്നോട്ടുപോയെന്നുമാണ് തന്നോട് പറഞ്ഞത്.  അനന്തുകൃഷ്ണനെ പറ്റിച്ചിട്ടുള്ള കേസുകളാണ് മുമ്പ് താൻ കൈകാര്യം ചെയ്തിരുന്നതെന്നും ലാലി വിൻസെൻറ് പറഞ്ഞു.

കഴിഞ്ഞ മൂന്നുവർഷത്തോളമായി പല ബിസിനസുകളുടെയും കരാറുകൾ ചെയതുകൊടുക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു. മോട്ടോർബൈക്ക് കമ്പനികൾ, ഫോൺ, ലാപ്‌ടോപ്പ് കമ്പനികൾ തുടങ്ങിയ വലിയ കമ്പനികളുമായിട്ടുള്ള കരാറുകളാണ്. 75-ലധികം എൻ.ജി.ഒകളുമായിട്ടുള്ള കരാറുകളുണ്ട്. സോഷ്യോ എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി അഥവാ സീഡ് കേരളം മുഴുവൻ പടർന്നുകിടക്കുന്നതാണ്. അതിൽ എല്ലാ രാഷ്ട്രീയപാർട്ടിക്കാരുമുണ്ട്. പ്രമുഖരായ ഒരുപാടുപേരുണ്ട്. അതിൽ കോൺഗ്രസ് നേതാക്കളും സിപിഎം നേതാക്കളുമുണ്ടെന്നും ലാലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം അഭിമുഖത്തിന് പോകാനും ഇരിക്കാനും അനന്തുകൃഷ്ണന് കഴിഞ്ഞിട്ടുണ്ട്. അതേസമയം കൂടുതൽ പഠിച്ചുകഴിഞ്ഞാൽ പരാതികളെ കുറിച്ച് തനിക്ക് ബോധ്യപ്പെടുമായിരിക്കുമെന്നും ലാലി കൂട്ടിച്ചേർത്തു.

കേസിൽ കഴിഞ്ഞ ദിവസം അനന്തുകൃഷ്ണൻ അറസ്റ്റിലായശേഷം വിവിധ ജില്ലകളിൽ നിന്നുള്ള പരാതികളുടെ എണ്ണം കൂടിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരാനാണ് സാധ്യത. പത്തിലേറെ സന്നദ്ധ സംഘടനകൾ തട്ടിപ്പിനിരയായി. ഇവരിൽ രണ്ട് സംഘടനകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ണൂരിൽ ഇതുവരെ 392 പരാതിയാണ് ലഭിച്ചത്. ഇടുക്കിയിൽ ലഭിച്ചത് 129 പരാതികളാണ്. 2019-ൽ ഇടുക്കിയിൽ തട്ടിപ്പ് കേസിൽ അനന്തു കൃഷ്ണൻ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു പുതിയ തട്ടിപ്പ്. നാല് വർഷം കൊണ്ട് പല ഉന്നതരേയും ഇയാൾ തട്ടിപ്പിന് ഇരയാക്കി. കോടികൾ സമ്പാദിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാൾ.

അതേസമയം ബ്ലോക്ക് അടിസ്ഥാനത്തിൽ സൊസൈറ്റികൾ രൂപീകരിച്ചാണ് അനന്തുവും സംഘവും തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. 1,20,000 രൂപ വിലയുള്ള സ്‌കൂട്ടർ 60,000 രൂപയ്ക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. പ്രാദേശികതലത്തിൽ വാർഡംഗത്തെയും മറ്റും സ്വാധീനിച്ച് സീഡ് സൊസൈറ്റി എന്നപേരിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. വിശ്വാസ്യത സൃഷ്ടിക്കാനായി ഇവർ കോഴിക്കോട് പോലീസിന്റെ നേതൃത്വത്തിലുള്ള ക്ഷേമനികേതനിൽ തയ്യൽ ക്ലസ്റ്റർ തുടങ്ങിയിരുന്നു. കണ്ണൂർ പോലീസ് സഹകരണ സംഘവുമായി സഹകരിച്ച് സ്‌കൂൾ കിറ്റ് വിതരണവും നടത്തി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img