1700 വർഷങ്ങൾക്ക് ശേഷം സാന്താക്ലോസിന്റെ മുഖം ശാസ്ത്രജ്ഞർ പുനർനിർമിച്ചു. ന്യൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് സാന്താക്ലോസ് എന്ന ആശയത്തിന് പ്രചോദനമായ വിശുദ്ധ നിക്കോളസിന്റെ മുഖം ഗവേഷകർ സൃഷ്ടിച്ചിരിക്കുന്നത്. പുരാതന ഗ്രീക്ക് നഗരമായ മൈറയിലെ വിശുദ്ധ നിക്കോളസിന്റെ തലയോട്ടിയിൽനിന്നുള്ള ഡാറ്റകൾ വിശകലനം ചെയ്താണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ഗവേഷക സംഘത്തിലെ പ്രധാന വക്താവായ സിസറോ മൊറെയ്സ് ആണ് നിക്കോളസിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. രൂപകൽപന ചെയ്ത നിക്കോളസിന്റെ ത്രീഡി ചിത്രങ്ങൾ, ആദ്യകാല സാഹിത്യങ്ങളിലെ സാന്താ ക്ലോസിന്റെ വിവരണങ്ങളുമായി സാമ്യമുള്ളതാണെന്ന് സിസറോ മൊറെയ്സ് പറഞ്ഞു. 1823-ലെ Twas The Night Before Christmas എന്ന കവിതയിൽ സാന്താ ക്ലോസിനെ വർണിച്ചപോലെ, റോസ് കവിളുകൾ, വലിയ മുഖം, ചെറി പോലെയുള്ള മൂക്ക് എന്ന വർണനകൾക്ക് സമാനമാണ് പുതിയ ചിത്രങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനർ (ഇന്നത്തെ തുർക്കി) പ്രവിശ്യയിലെ മൈറ എന്ന നഗരത്തിലാണ് വിശുദ്ധ നിക്കോളാസ് താമസിച്ചിരുന്നത്. മൈറയിലെ ബിഷപ്പ് ആയിരുന്നു അദ്ദേഹം എന്നാണ് കരുതുന്നത്. നല്ല പെരുമാറ്റമുള്ള കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതിലും ദരിദ്രരെയും രോഗികളെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുന്നതിലും ആയിരുന്നു നിക്കോളാസിന്റെ ശ്രദ്ധ. കാലക്രമേണ വിശുദ്ധ നിക്കോളാസ്, ക്രിസ്തുമസിന് സമ്മാനങ്ങൾ കൊണ്ടുത്തരുന്ന നമ്മുടെ ആധുനിക സാന്താക്ലോസായി രൂപാന്തരപ്പെടുകയായിരുന്നു.
എ.ഡി. 343-ലായിരുന്നു നിക്കോളാസിന്റെ മരണം. ആദ്യം മൈറയിൽ തന്നെ ആയിരുന്നു അദ്ദേഹത്തെ അടക്കം ചെയ്തത്. പിന്നീട് അസ്ഥികൾ ഇറ്റലിയിലെ ബാരിയിലേക്ക് മാറ്റി. അവ ഇപ്പോഴും ഇവിടെ തന്നെ തുടരുകയാണ്.