
കൊച്ചി/ബ്രൗൺഷ്വൈഗ്: ആമാശയത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ ഓർമ്മശക്തിയെയും പഠന ശേഷിയെയും ബാധിക്കുന്നത് എങ്ങനെ എന്നതിന്റെ വ്യക്തമായ ജൈവശാസ്ത്രപരമായ കാരണം കണ്ടെത്തി ഇന്തോ-ജർമ്മൻ ഗവേഷകസംഘം. ആമാശയത്തിലെ ആരോഗ്യവും തലച്ചോറിന്റെ പ്രവർത്തനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ദീർഘകാല സംശയങ്ങളെ ശരിവെക്കുന്നതാണ് ഈ കണ്ടെത്തൽ.
'ബിഎംസി ബയോളജിയുടെ (BMC Biology) ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നത് ദീർഘകാല ആന്റിബയോട്ടിക് ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിവ എങ്ങനെയാണ് കുടലിലെ സൂക്ഷ്മാണുക്കളുടെ (Gut microbiome) അസന്തുലിതാവസ്ഥക്ക് കാരണമാവുന്നതെന്നും, ആ മാറ്റങ്ങൾ ശരീരത്തിൽ എങ്ങനെ വീക്കം (inflammation) സൃഷ്ടിക്കുന്നതെന്നും വ്യക്തമാക്കുന്നു. ഈ വീക്കം തലച്ചോറിലെ ഓർമ്മകൾ രൂപപ്പെടുത്താൻ സഹായിക്കുന്ന നാഡീവ്യൂഹങ്ങളെ ബാധിക്കുന്നു എന്നതാണ് സുപ്രധാനകണ്ടെത്തൽ.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും (DST) ജർമ്മൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസിന്റെയും (DAAD) സഹകരണത്തോടെയാണ് ഗവേഷണം നടന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) സെന്റർ ഫോർ ന്യൂറോസയൻസ്, സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോ ഡീജനറേഷൻ ആൻഡ് ബ്രയിൻ ഹെൽത്ത് (CENABH) എന്നിവയുടെ മേധാവി ഡോ. ബേബി ചക്രപാണി പി.എസ്, ജർമ്മനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ബ്രൗൺഷ്വൈഗിലെയും ഹെൽമ്ഹോൾട്സ്സെന്റർ ഫോർ ഇൻഫെക്ഷൻ റിസർച്ചിലെയും (HZI) പ്രൊഫ. മാർട്ടിൻ കോർട്ടെ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഡോ. ചക്രപാണിയുടെ കീഴിൽ ഗവേഷണം നടത്തുന്ന കൃഷ്ണപ്രിയയുടെ പിഎച്ച്ഡി പഠനത്തിന്റെ ഭാഗമാണ് ഈ പഠനം.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുടലിലെ സൂക്ഷ്മാണു സമൂഹ-വ്യവസ്ഥയിലുണ്ടാകുന്ന അസന്തുലിതാവസ്ഥ (Gut dysbiosis) കുടലിനുപുറത്തുള്ള ശാരീരിക പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗവേഷകർപരിശോധിച്ചു. കുടലിലെ ബാക്ടീരിയകളുടെ സമൂഹത്തിലും പ്രവർത്തനത്തിലും ഉണ്ടാവുന്ന തകരാറുകൾ ശരീരത്തിൽ കോശങ്ങടെ ശോഥത്തിനും (inflammation) ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനും കാരണമാവുകയും, ഇത് കുടലിന്റെ സംരക്ഷണപാളിയെ (gut barrier) തകർക്കുകയും ചെയ്യുന്നു. ഇതിലൂടെ തലച്ചോറിലെ പ്രതിരോധ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുന്ന സന്ദേശങ്ങൾ തലച്ചോറിലെത്തുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. “കുടലിലുണ്ടാകുന്ന അസന്തുലിതാവസ്ഥ കുടലിൽ മാത്രം ഒതുങ്ങി നിൽക്കാത്ത ഒരു നാഡീവീക്കത്തിന് (neuroinflammation) കാരണമാകുന്നു. ഈ വീക്കം ഒടുവിൽ തലച്ചോറിലെ പ്രതിരോധകോശങ്ങളെയും സ്വാധീനിക്കുന്നതായികാണുന്നു,” ഡോ. ബേബി ചക്രപാണി പറഞ്ഞു. തലച്ചോറിലെ മാലിന്യങ്ങൾ നീക്കംചെയ്യുകയും ദുർബലമായ നാഡീസന്ധികളെ (synapses) മാറ്റി തലച്ചോറിനെ ശുദ്ധീകരിക്കുകയും ചെയ്യുന്ന 'മൈക്രോഗ്ലിയ' (Microglia) എന്ന പ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നു. കുടലിലെ വീക്കം മൂലം സമ്മർദ്ദത്തിലാകുന്ന മൈക്രോഗ്ലിയ കോശങ്ങൾ അമിതമായി പ്രവർത്തിക്കാൻ തുടങ്ങുന്നു. ഇത് ദുർബലമായവയെ മാത്രമല്ല, ഓർമ്മ ശക്തിക്ക് അത്യന്താപേക്ഷിതമായ ആരോഗ്യമുള്ള നാഡീബന്ധങ്ങളെക്കൂടി നശിപ്പിക്കുന്നു. “ആവശ്യമില്ലാത്തവയെ മാത്രം നീക്കം ചെയ്യുക എന്നതാണ് ശരിയായി ചെയ്യേണ്ടത്, എന്നാൽ ഓർമ്മകൾ സൂക്ഷിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന നാഡീബന്ധങ്ങളെയും ഇവ നശിപ്പിക്കാൻ തുടങ്ങുന്നു. ഇത് പഠനശേഷിയെയും ഓർമ്മശക്തിയെയും സാരമായി ബാധിക്കുന്നു,” പ്രൊഫ. മാർട്ടിൻ കോർട്ടെ വിശദീകരിച്ചു. അമിതമായ ആന്റിബയോട്ടിക് ഉപയോഗം, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ (processed diets), മാനസികസമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ കുടലിലെ സൂക്ഷ്മാണുക്കളുടെ വൈവിധ്യത്തെ ബാധിക്കുകയും 'ഗട്ട് ഡിസ്ബയോസിസിന് കാരണമാവുകയും ചെയ്യുന്നുവെന്ന് പ്രസ്തുത ഗവേഷണം ചൂണ്ടിക്കാട്ടുന്നു. "കുടലിന്റെ ആരോഗ്യം ദഹനവുമായി മാത്രം ബന്ധപ്പെട്ടതാണെന്നാണ് ആളുകൾ സാധാരണയായി കരുതുന്നത്. എന്നാൽ തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും കുടലിന്റെ ആരോഗ്യം അത്യന്താപേക്ഷിതമാണെന്ന് ഞങ്ങളുടെ പഠന ഫലങ്ങൾ തെളിയിക്കുന്നു," പ്രൊഫ. മാർട്ടിൻ കോർട്ടെ പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ മിതമായ ഉപയോഗം, പ്രോബയോട്ടിക്സ്, സമീകൃതാഹാരം എന്നിവയിലൂടെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് ദഹനവ്യവസ്ഥയെ മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങളെയും സംരക്ഷിക്കുമെന്ന് പഠനം നിർദ്ദേശിക്കുന്നു. "കുടലും തലച്ചോറും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് നാം മനസ്സിലാക്കി വരുന്നതേയുള്ളൂ. ആസങ്കീർണ്ണമായ ബന്ധം കണ്ടെത്തുന്നതിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഈ പഠനം," ഡോ. ചക്രപാണി പറഞ്ഞു.
കുടലിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിലൂടെ ഓർമ്മക്കുറവ് പരിഹരിക്കാനാവുമോ എന്നും, നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന (neurodegenerative disorders) സമാനമായ മാറ്റങ്ങൾ നടക്കുന്നുണ്ടോ എന്നും വരുംകാല പഠനങ്ങളിൽ പരിശോധിക്കുമെന്ന് ഗവേഷകസംഘം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഡോ. ബേബി ചക്രപാണി, ഫോൺ: 9495109908 ബന്ധപെടുക.







