
ദോഹ:സമൂഹമാധ്യമങ്ങളിലുംദൃശ്യമാധ്യമങ്ങളിലും നിറയുന്ന വൈരുദ്ധ്യങ്ങളായ ഭക്ഷണ ഉപദേശങ്ങൾ സാധാരണക്കാരായ ഉപഭോക്താക്കളെ കടുത്ത ആശയക്കുഴപ്പത്തിലാക്കുന്നതായി റിപ്പോർട്ട്. ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്ന പരസ്പരവിരുദ്ധമായ പഠനങ്ങളും 'ട്രെൻഡുകളും' പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ, ഭക്ഷ്യവസ്തുക്കളെ ശാസ്ത്രീയമായി വർഗ്ഗീകരിക്കുന്ന സ്വതന്ത്ര ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് പൗരന്മാരും ആരോഗ്യ വിദഗ്ധരും ആവശ്യപ്പെടുന്നു. ഒരു വിഭാഗം വിദഗ്ധർ ഗുണകരമെന്ന് വിശേഷിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ മറ്റൊരു വിഭാഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് വാദിക്കുന്നതാണ് നിലവിലെ പ്രധാന പ്രശ്നം. ശാസ്ത്രീയമായ തെളിവുകളേക്കാൾ ഉപരിയായി മാർക്കറ്റിംഗ് താൽപ്പര്യങ്ങളും സോഷ്യൽ മീഡിയ ട്രെൻഡുകളും ഭക്ഷണ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നു. ഇത് കുടുംബങ്ങൾക്കിടയിൽ വലിയ ഉത്കണ്ഠയ്ക്ക് കാരണമാകുന്നുണ്ടെന്ന്പ്രാദേശിക പത്രമായ 'അൽ ശർഖ്' നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.പാലുൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കുക, ചിക്കൻ അല്ലെങ്കിൽ നാരുകളുള്ള പച്ചക്കറികൾ എന്നിവയ്ക്കെതിരെ അനാവശ്യമായ മുന്നറിയിപ്പുകൾ നൽകുക തുടങ്ങിയവ അടിസ്ഥാന ശാസ്ത്ര തത്വങ്ങളിൽ നിന്നുള്ള വ്യതിയാനമാണെന്ന് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ഡോ. ആയിഷ സഖർ പറഞ്ഞു. മാംസം, പച്ചക്കറികൾ, പാൽ, മുട്ട, മത്സ്യം, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുൾപ്പെടുന്ന 'ഫുഡ് പിരമിഡ്' ശൈലിയാണ് പിന്തുടരേണ്ടതെന്ന് അവർ ഓർമ്മിപ്പിച്ചു.പോഷകാഹാര ശാസ്ത്രം എന്നത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നും കൂടുതൽ കൃത്യതയുള്ള പുതിയ പഠനങ്ങൾ വരുമ്പോൾ നിർദ്ദേശങ്ങളിലും മാറ്റം വരാമെന്നും ന്യൂട്രീഷ്യനിസ്റ്റ് ഷിറീൻ അലി ചൂണ്ടിക്കാട്ടി. പ്രായം, ലിംഗഭേദം, ജീവിതശൈലി എന്നിവയനുസരിച്ച് ഓരോ വ്യക്തിക്കും അനുയോജ്യമായ ഭക്ഷണക്രമം വ്യത്യസ്തമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.ഓട്സ്, സസ്യജന്യ പാൽ (Plant-based milk) എന്നിവയെക്കുറിച്ച് പോലും വിരുദ്ധമായ അഭിപ്രായങ്ങൾ വരുന്നത് ഡോക്ടർമാരിലുള്ള വിശ്വാസം കുറയാൻ കാരണമാകുന്നുവെന്ന് പൗരന്മാർ പരാതിപ്പെടുന്നു. കൃത്യമായ യോഗ്യതയില്ലാത്തവർ സോഷ്യൽ മീഡിയയിൽ 'ന്യൂട്രീഷൻ വിദഗ്ധർ' എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നതും വാണിജ്യ പരസ്യങ്ങൾ ശാസ്ത്രീയ തെളിവുകളില്ലാതെ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും സാഹചര്യം സങ്കീർണ്ണമാക്കുന്നു.തദ്ദേശീയമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഭക്ഷണസാധനങ്ങളെ തരംതിരിക്കാനും അവയുടെ ഗുണദോഷങ്ങൾ വ്യക്തമാക്കാനും ഔദ്യോഗിക ലബോറട്ടറികളും ഗവേഷണ കേന്ദ്രങ്ങളും വേണമെന്നതാണ് പൊതുവായ ആവശ്യം. ഓരോ സമൂഹത്തിന്റെയും ഭക്ഷണരീതികൾ വ്യത്യസ്തമായതിനാൽ പ്രാദേശികമായ പഠനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഹമദ് അൽ യാഫി ഉൾപ്പെടെയുള്ള പൗരന്മാർ അഭിപ്രായപ്പെട്ടു.
അശാസ്ത്രീയമായ ഡയറ്റ് ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ, ആരോഗ്യവിദഗ്ധരുടെ കൃത്യമായ നിർദ്ദേശങ്ങൾ തേടാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.










