
ദോഹ: 2026-2027 അക്കാദമിക വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഖത്തറിലെ സ്കൂളുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി. രാജ്യത്തുടനീളമുള്ള 649 പൊതു, സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 4,19,373 വിദ്യാർത്ഥികളാണ് പുതിയ അധ്യയന വർഷത്തെ വരവേറ്റത്.
ആദ്യ ദിനത്തിൽ സ്കൂളുകളിൽ 70 ശതമാനത്തിലധികം ഹാജർ നില രേഖപ്പെടുത്തിയതായി പ്രിൻസിപ്പൽമാർ അറിയിച്ചു. അവധിക്കാലം കഴിഞ്ഞ് വിദേശത്ത് നിന്നുള്ള കുടുംബങ്ങളുടെ തിരിച്ചുവരവിലുണ്ടായ താമസം മാത്രമാണ് ഹാജർനില കുറയാൻ കാരണമായത്.വിദ്യാർത്ഥികളുടെ സുരക്ഷയും കൃത്യനിഷ്ഠയും ഉറപ്പാക്കാൻ ബസുകളിലും സ്കൂളുകളിലും പുതിയ ഫിംഗർപ്രിന്റ് (വിരലടയാള) സംവിധാനം പ്രാബല്യത്തിൽ വരുത്തി. ബസ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ ദിവസവും 5 തവണയും സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ 2 തവണയും വിരലടയാളം പതിപ്പിക്കണം.ആദ്യ രണ്ടു ദിവസങ്ങളിൽ ഉച്ചയ്ക്ക് 11 മണി വരെയായിരിക്കും അധ്യയന സമയം. ചൊവ്വാഴ്ച മുതൽ സാധാരണ സമയക്രമത്തിലേക്ക് മാറും.ആദ്യ ദിനത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് ക്ലാസുകളും സമയക്രമവും നിശ്ചയിച്ചു നൽകുകയും പാഠപുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ വിദ്യാർത്ഥികളുടെ കഴിവുകളും പാളിച്ചകളും കണ്ടെത്തി പ്രത്യേക പരിഹാര ബോധന പദ്ധതികൾ (Remedial plans) നടപ്പിലാക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് സാമൂഹിക വികസന കുടുംബ മന്ത്രാലയം 'വസ്വൽ ഇയാലക്' (നിങ്ങളുടെ മക്കളെ സ്കൂളിൽ കൊണ്ടുവിടൂ) എന്ന പേര പുതിയ ബോധവൽക്കരണ പ്രചാരണത്തിന് തുടക്കമിട്ടു. കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്ന ദിവസേനയുള്ള യാത്രകൾ മാതാപിതാക്കളും മക്കളും തമ്മിലുള്ള ആശയവിനിമയത്തിനും കുടുംബബന്ധങ്ങൾ ശക്തമാക്കുന്നതിനുമുള്ള അവസരമാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.










