
സംസ്ഥാനത്തെ സ്കൂളികളിലേക്ക് പുതിയ സമയക്രമം നിർദ്ദേശിച്ച് സമസ്ത. നിലവിൽ സർക്കാർ നടപ്പാക്കിയ രാവിലെയും വൈകിട്ടും അധികം പതിനഞ്ച് മിനിറ്റ് ക്ലാസ് എന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സമസ്ത. ഇതിനു പകരം വൈകുന്നേരം അരമണിക്കൂർ അധികം പഠനസമയം എന്ന നിർദ്ദേശമാണ് സമസ്ത മുന്നോട്ട് വെക്കുന്നത്. ഓണം- ക്രിസ്മസ് - മധ്യവേനൽ അവധി ദിനങ്ങൾ കുറച്ചും സ്കൂളുകളിലെ പ്രവർത്തിദിനങ്ങൾ വർധിപ്പിക്കാമെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയിൽ ഈ നിർദ്ദേശങ്ങളാകും സമസ്ത മുന്നോട്ട് വെക്കുക എന്നാണ് റിപ്പോർട്ട്.
ഇന്നലെ ചേർന്ന സമസ്ത ഏകോപന സമിതിയിലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ സമയക്രമം നിർദ്ദേശിക്കാൻ തീരുമാനമായത്. യോഗത്തിൽ വന്ന നിർദ്ദേശങ്ങളാകും സമസ്ത വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയിൽ മുന്നോട്ടുവെക്കുക. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ട് വിളിച്ചാണ് ചർച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. എങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും തീരുമാനം അവരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ചർച്ചയെന്നും മന്ത്രി പറഞ്ഞു.
എന്നാൽ സമയമാറ്റവുമായി ഒരു നിലക്കും യോജിച്ചുപോകാൻ സാധിക്കില്ല എന്നതാണ് സമസ്തയുടെ നിലപാട്. 12 ലക്ഷത്തോളം വിദ്യാർത്ഥികൾ സമസ്തയുടെ മദ്രസകളിൽ മാത്രമായി പഠിക്കുന്നുണ്ട്. അത്രയും കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് സമസ്ത.











