
സ്കൂളിൽ വിദ്യാർഥിനികൾ സ്കൂൾ യൂണിഫോമിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്കൂൾ വരാന്തയിൽ ഇരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കന്യാകുമാരി ജില്ലയിലെ തക്കല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഓഗസ്റ്റ് ഒന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം.
പുറത്തുനിന്ന് ഭക്ഷണവും മദ്യവും സ്കൂളിലെത്തിച്ചതിനെക്കുറിച്ച് വിദ്യാർഥിനികൾ സംസാരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ ചിത്രീകരിക്കുന്നതിന്റെ കാരണം ഒരു വിദ്യാർഥിനി ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ജില്ലാ ഭരണകൂടം സംഭവത്തിൽ ഇടപെട്ടത്. സ്കൂൾ ക്യാമ്പസിനുള്ളിൽ മദ്യം എത്തിയത് എങ്ങനെയെന്നും വിദ്യാർഥിനികൾക്ക് ഇത് ലഭിച്ചതിന്റെ ഉറവിടം എന്താണെന്നും ഉൾപ്പെടെ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.
സ്കൂളിൽ എൻട്രൻസ് പരീക്ഷകൾക്കുള്ള പരിശീലന ക്ലാസുകളും നടക്കുന്നുണ്ട്. ഈ പ്രത്യേക ക്ലാസിന് ശേഷമായിരിക്കാം വിദ്യാർഥിനികൾ പുറത്തുനിന്ന് ഭക്ഷണവും മദ്യവും എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെ തുടർന്ന് പ്രിൻസിപ്പൽ പ്രമീളയെ സ്ഥലംമാറ്റി. നാഗർകോവിലിലെ മറ്റൊരു സ്കൂളിലേക്കാണ് പ്രിൻസിപ്പലിനെ മാറ്റിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.











