
ലക്നൗ: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂളിന്റെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലാണ് സംഭവം. ഹസ്‌നൈൻ പബ്ലിക് സ്കൂളിലാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു.
സ്വാതന്ത്ര്യദിന പരിപാടികൾ പുരോഗമിക്കുന്നതിനിടെയാണ് സ്കൂളിന്റെ പ്രധാന കവാടത്തിലെ മേൽക്കൂര അപ്രതീക്ഷിതമായി തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി കുട്ടികൾ കുടുങ്ങി. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരു വിദ്യാർഥി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരുക്കേറ്റ രണ്ട് വിദ്യാർഥികളെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടവിവരം ലഭിച്ചതോടെ ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, സർക്കിൾ ഓഫിസർ, തഹസിൽദാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പൊലീസും നാട്ടുകാരും ചേർന്നാണ് അവശിഷ്ടങ്ങൾ നീക്കി കുട്ടികളെ പുറത്തെടുക്കുന്നതിനുള്ള അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. അപകടസമയത്ത് സ്കൂൾ പരിസരത്തും സമീപ റോഡിലും വലിയ തിരക്കുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു.
കെട്ടിടത്തിന്റെ നിർമാണത്തിലെ അപാകതയാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്നതടക്കം പരിശോധിക്കാൻ ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.










