
മലമ്പുഴ: അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ ദിവസങ്ങളോളം സംഭവം മറച്ചുവച്ചുവെന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം.
ഡിസംബർ 18-ന് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. അതേ ദിവസം തന്നെ വിവരം അറിഞ്ഞിട്ടും, ബന്ധപ്പെട്ട നിയമസംവിധാനങ്ങളെയോ പൊലീസിനെയോ ഉടൻ അറിയിക്കാൻ സ്കൂൾ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 19-ന് അധ്യാപകനെതിരെ മാനേജ്മെന്റ് തലത്തിൽ നടപടി സ്വീകരിച്ചെങ്കിലും, ഔദ്യോഗിക പരാതി നൽകുന്നതിൽ അനാവശ്യമായ താമസം ഉണ്ടായി.
പൊലീസ് അന്വേഷണം ആരംഭിച്ച് സ്കൂളിലെത്തിയതിന് ശേഷമാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. പീഡന വിവരം മറച്ചുവച്ചതും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതുമുൾപ്പെടെയുള്ള വിഷയങ്ങളിൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി സ്കൂളിലെ പ്രധാനാധ്യാപകനോടും മാനേജ്മെന്റ് പ്രതിനിധികളോടും ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് സാധ്യത.
സംഭവത്തിൽ പ്രതിയായ മലമ്പുഴയിലെ സ്കൂൾ അധ്യാപകൻ അനിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിനിരയായ വിദ്യാർത്ഥി സഹപാഠിയോടാണ് ആദ്യം വിവരം പറഞ്ഞത്. തുടർന്ന് ആ കുട്ടിയുടെ അമ്മ വഴിയാണ് സംഭവം പുറത്തറിഞ്ഞത്.











