07:51pm 06 August 2026
NEWS
ശക്തമായ മഴ; പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
06/08/2026  06:54 PM IST
nila
ശക്തമായ മഴ; പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (ഓഗസ്റ്റ് 7) ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ടയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളത്തേക്ക് ഓറഞ്ച് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

ആലപ്പുഴയിൽ ശക്തമായ മഴയെ തുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴ മുന്നറിയിപ്പ് തുടരുന്നതും നിരവധി സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും കണക്കിലെടുത്താണ് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ കളക്ടർ ഷാജി വി. നായർ വെള്ളിയാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സംസ്ഥാനത്ത് നിലവിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img