
ബസ് ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ യുകെജി വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ച് സ്കൂൾ അധികൃതർ. മലപ്പുറം ചേലമ്പ്രയിലാണ് സംഭവം. ചേലമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർത്ഥിയെയാണ് ബസിൽ കയറ്റേണ്ടെന്ന് പ്രധാനാധ്യാപിക അറിയിച്ചത്. സ്‌കൂളിലേക്കായി ഇറങ്ങിയ അഞ്ചു വയസുകാരനെ രക്ഷിതാക്കളെ പോലും അറിയിക്കാതെയാണ് വഴിയിൽ ഉപേക്ഷിച്ച് സ്‌കൂൾ ബസ് പോയത്.
തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. പതിവുപോലെ ബസ് കാത്തുനിന്ന കുട്ടിയോട് പൈസ തരാത്തതിനാൽ ബസിൽ കയറേണ്ടത് അറിയിച്ചത്. പണം തരാത്തതിനാൽ ബസിൽ കയറ്റേണ്ടന്ന് സ്‌കൂൾ ബസ് ഡ്രൈവറോട് പ്രധാനാധ്യാപിക പറഞ്ഞിരുന്നു.
മറ്റു വിദ്യാർത്ഥികൾ ബസിൽ കയറി പോയതോടെ അഞ്ചു വയസുകാരൻ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കരഞ്ഞുകൊണ്ട് നടന്ന കുട്ടിയെ അയൽവാസികളാണ് വീട്ടിലെത്തിച്ചത്. ആയിരം രൂപ ഫീസ് അടയ്ക്കാൻ വൈകിയതിനാണ് കുട്ടിക്കെതിരേ പ്രധാനാധ്യാപികയുടെ പ്രാകൃത നടപടി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പൊലീസിലും കുടുംബം പരാതി നൽകി.











