
ദോഹ: സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തലങ്ങൾ പരിഗണിക്കാതെ, യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര സാമ്പത്തിക സഹായ-സ്കോളർഷിപ്പ് പദ്ധതികളുമായി ഖത്തർ ഫൗണ്ടേഷൻ. എജ്യുക്കേഷൻ സിറ്റിയിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്ക് തടസ്സമില്ലാതെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് ഫൗണ്ടേഷൻ ഒരുക്കിയിരിക്കുന്നത്.
സാമ്പത്തിക ശേഷി കുറഞ്ഞതുകൊണ്ട് മാത്രം ഒരു വിദ്യാർത്ഥിക്കും ലോകോത്തര വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്ന 'തുല്യ അവസരം' (Equal Opportunity) എന്ന തത്വത്തിലൂന്നിയാണ് ഖത്തർ ഫൗണ്ടേഷന്റെ ഈ സുപ്രധാന ചുവടുവെപ്പ്. സ്വദേശി വിദ്യാർത്ഥികൾക്ക് പുറമെ അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.എജ്യുക്കേഷൻ സിറ്റിക്ക് കീഴിലുള്ള സർവ്വകലാശാലകളിൽ പഠിക്കുന്നതും അക്കാദമിക് രംഗത്ത് മികച്ച വിജയം കൈവരിക്കുന്നതുമായ വിദ്യാർത്ഥികൾക്കാണ് മത്സരബുദ്ധിയോടെയുള്ള സ്കോളർഷിപ്പുകൾ നൽകുന്നത്. ചുരുങ്ങിയത് രണ്ട് സെമസ്റ്ററുകളെങ്കിലും പൂർത്തിയാക്കുകയും നിശ്ചിത ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് (GPA) നിലനിർത്തുകയും ചെയ്യുന്നവർക്കാണ് ഇതിന് അർഹത.
സ്കോളർഷിപ്പിന് അർഹതയുള്ള പ്രധാന സർവ്വകലാശാലകൾ:
ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി, ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി, കാർണെഗി മെല്ലൻ യൂണിവേഴ്സിറ്റി, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി, ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി, വെയിൽ കോർണെൽ മെഡിസിൻ, വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ദി ആർട്സ്.മേഖലയിലെ തന്നെ ഏറ്റവും ആകർഷകമായ പദ്ധതികളിലൊന്നാണ് ഖത്തർ ഫൗണ്ടേഷൻ നൽകുന്ന പലിശരഹിത വിദ്യാഭ്യാസ വായ്പകൾ. വിദ്യാർത്ഥിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി കൃത്യമായി വിലയിരുത്തിയാണ് വായ്പ അനുവദിക്കുന്നത്.
പഠനകാലത്ത് വിദ്യാർത്ഥികൾക്ക് സാമ്പത്തിക ഭാരമുണ്ടാകാത്ത രീതിയിലാണ് ഇതിന്റെ ഘടന. കോഴ്സ് പൂർത്തിയാക്കി ജോലി ലഭിച്ച ശേഷം മാസശമ്പളത്തിന്റെ നിശ്ചിത ശതമാനം തുകയായി വായ്പ തിരിച്ചടയ്ക്കാം. അതല്ലെങ്കിൽ ഖത്തറിലെ അംഗീകൃത സ്ഥാപനങ്ങളിൽ നിശ്ചിത കാലയളവിൽ പെയ്ഡ് സർവീസുകൾ (ജോലി) ചെയ്തുകൊണ്ടും ഈ ബാധ്യത തീർക്കാവുന്നതാണ്.ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി സാമ്പത്തിക സഹായത്തിനായുള്ള അപേക്ഷാ പ്രക്രിയകൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പോർട്ടലിൽ അക്കൗണ്ട് സൃഷ്ടിച്ച് ആവശ്യമായ ഫോമുകളും വരുമാന രേഖകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും എളുപ്പത്തിൽ അപ്ലോഡ് ചെയ്യാം. വരുമാനത്തിലുണ്ടാകുന്ന മാറ്റങ്ങൾ, മറ്റ് ഗ്രാന്റുകൾ ലഭിക്കൽ, പഠനം നിർത്തലാക്കൽ തുടങ്ങിയ വിവരങ്ങൾ സുതാര്യത ഉറപ്പാക്കാനായി ഫിനാൻഷ്യൽ സപ്പോർട്ട് ഡിപ്പാർട്ട്മെന്റിനെ കൃത്യമായി അറിയിക്കേണ്ടതുണ്ട്.വിദ്യാർത്ഥികളിൽ സ്വയംപര്യാപ്തത വളർത്തുന്നതിനായി കാമ്പസിനുള്ളിൽ തന്നെ പാർട്ട് ടൈം ജോലികളും ഖത്തർ ഫൗണ്ടേഷൻ നൽകുന്നുണ്ട്. അക്കാദമിക്-റിസർച്ച് അസിസ്റ്റന്റുമാർ, സ്റ്റുഡന്റ് സെന്ററുകളിലെ ജോലികൾ, അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠന-ജീവിതച്ചെലവുകൾക്കുള്ള പണം സ്വയം കണ്ടെത്താനാകും.
ജി.സി.സി പൗരന്മാർക്ക് സർക്കാർ-സ്വകാര്യ ഫണ്ടിംഗ് അവസരങ്ങളും, യോഗ്യരായ അമേരിക്കൻ വിദ്യാർത്ഥികൾക്ക് യു.എസ് ഫെഡറൽ ഫണ്ടിംഗ് പ്രോഗ്രാമുകളും ഇതിലൂടെ പ്രയോജനപ്പെടുത്താം.










