
സിനിമയിലെ ചില ദൃശ്യങ്ങൾ, അല്ലെങ്കിൽ രംഗങ്ങൾ കാലത്തിന്റെ ഒഴുക്കിനെ അതിജീവിച്ച് മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടാവും. അവ കലാപരമായി ഉയർന്ന നിലവാരമുള്ള ക്ലാസിക്ക് ഗണത്തിൽപ്പെട്ട സിനിമകളിലുള്ളതായിരിക്കണമെന്നില്ല. ശുദ്ധകച്ചവട സിനിമകളിലേതുമാകാം. അത്തരം ചിത്രങ്ങളിലെ ചില രംഗങ്ങൾ ഇന്നും മനസ്സിൽ കിടപ്പുണ്ട്.
ശിവാജി ഗണേശനും ലോറി അപകടവും
1981 ൽ ഇറങ്ങിയ 'ലോറി ഡ്രൈവർ രാജാക്കണ്ണ്' എന്ന തമിഴ് ചിത്രം. എ.സി. ത്രിലോക്ചന്ദർ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകൻ ശിവാജി ഗണേശനാണ്. ശ്രീപ്രിയയാണ് നായിക.
പരുക്കൻ സ്വഭാവമുള്ള, മദ്യപാനമുൾപ്പെടെ സർവ്വ ദുശ്ശീലങ്ങളുമുള്ള ലോറി ഡ്രൈവർ രാജാക്കണ്ണ്.
നേരം പരപരാ വെളുത്തുവരുന്നതേയുള്ളൂ. പച്ചപ്പും മരങ്ങളുമുള്ള ഒരു കുന്നിന്റെ അടിവാരത്തെ ഗ്രാമീണപാതയിലൂടെ നിറയെ ചരക്കുകയറ്റിയ ഒരു ലോറി നല്ല വേഗതയിൽ ഓടിവരികയാണ്. ശിവാജി ഗണേശനാണ് ഡ്രൈവർ. ക്ലീനറുമുണ്ട്.
തുടർന്ന് കുന്നിൻമുകളിലേക്ക് ഫോക്കസ് ചെയ്ത ലോംഗ് ഷോട്ട്. നേരിയ മഞ്ഞുള്ള ദൃശ്യത്തിൽ ആരുമില്ല. സാവധാനം ഒരു കലപ്പ തോളിലേന്തിയ ഒരു യുവകർഷകൻ താഴേക്ക് നടന്നുവരുന്നു.
അയാൾ ഗ്രാമപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നു. തലേരാത്രി അകത്താക്കിയ മദ്യത്തിന്റെ ലഹരി വിട്ടുമാറാത്ത ഡ്രൈവർ അത് ശ്രദ്ധിക്കുന്നില്ല.
ലോറി അയാളെ ഇടിക്കുന്നു. ഡ്രൈവർ സഡൻ ബ്രേക്കിട്ട് വണ്ടി നിറുത്തുന്നു.
പിന്നെ ശബ്ദമില്ലാത്ത ദൃശ്യമാണ്. കുറച്ചുകഴിയുമ്പോൾ മെലിഞ്ഞ ഒരു യുവതി കുന്നിനപ്പുറത്തെ അദൃശ്യതയിൽ നിന്ന് നിലവിളിച്ചുകൊണ്ട് കുന്നിറങ്ങി ഓടിവരുന്നു. പിറകേ മൂന്നുനാല് കുട്ടികളും നായകളും. ഏറ്റവുമവസാനം ഒറ്റ ക്രച്ചസിൽ ഏന്തിവരുന്ന ഒരു വൃദ്ധൻ. വികാരത്തള്ളിച്ചയിൽ ക്രച്ചസ്സിൽ നിന്ന് പിടിവിട്ട് അയാൾ കുന്നിലൂടെ നിരങ്ങി താഴേക്ക് വരുന്നു.
മൂന്നുനാല് മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ഒരു സീനാണത്. ഒറ്റ ഷോട്ടിൽ അതിമനോഹരമായി പകർത്തിയിരിക്കുന്ന രംഗം. സന്ദർഭത്തിന്റെ എല്ലാം വികാരതീവ്രതയും ചലനശോഭയോടെ ഇടറിനിൽക്കുന്ന അവിസ്മരണീയ ദൃശ്യം. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അത് മായുന്നില്ല. (കഥയുടെ പരിണാമം രസകരവും നാടകീയവുമാണ്. കുറ്റക്കാരനായി കണ്ടെത്തിയ ഡ്രൈവറെ കോടതി ശിക്ഷിക്കുന്നു. പക്ഷേ കൽത്തുറുങ്കിലടയ്ക്കുന്നില്ല. പകരം ആ കുടുംബത്തിന്റെ സംരക്ഷകനാക്കുന്നു. കുഞ്ഞുങ്ങൾ വളർന്നുവലുതാകുംവരെ, ജോലി ചെയ്തു നിരാലംബമായ കുടുംബത്തെ പോറ്റേണ്ട ചുമതല അയാൾക്കാവുന്നു.)
'എങ്കവീട്ടു പിള്ളൈ'യിലെ എം.ജി.ആർ
എം.ജി. രാമചന്ദ്രൻ എന്ന എം.ജി.ആറിനെ തമിഴകത്തെ സാധാരണ ജനങ്ങളുടെ വികാരവും ഹരവുമാക്കി മാറ്റിയത്, 1965 ൽ പുറത്തിറങ്ങിയ 'എങ്കവീട്ടുപിള്ളൈ'യാണ്. ഈ ചിത്രത്തിൽ എം.ജി.ആർ. ഡബിൾറോളിലാണ് പ്രത്യക്ഷപ്പെട്ടത്.(വൻകളക്ഷൻ നേടിയ 1958 ൽ റിലീസ് ചെയ്ത 'നാടോടി മന്ന'നിലും ഇരട്ടവേഷമായിരുന്നു). പ്രശസ്ത ഛായാഗ്രാഹകനും, വിഖ്യാതമായ ഭാർഗ്ഗവിനിലയം, മുറപ്പെണ്ണ്, തുലാഭാരം, നദി തുടങ്ങി മനോഹരമായ ഒട്ടനവധി മലയാള ചിത്രങ്ങളുടെ സംവിധായകനുമായ എ. വിൻസന്റ് ആയിരുന്നു 'എങ്ക വീട്ടു പിള്ളൈ'യുടെ ക്യാമറാമാൻ. ബി. സരോജാദേവിയായിരുന്നു നായിക. എസ്.വി. രംഗറാവു, എം.എൻ. നമ്പ്യാർ, പണ്ഡരീഭായി തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചാണക്യയായിരുന്നു സംവിധായകൻ. 1965 ജനുവരി 14 ന് പൊങ്കൽ ദിനത്തിൽ റിലീസ് ചെയ്ത ഈ ചിത്രം ബോക്‌സോഫീസ് ഹിറ്റായി. മദ്രാസ്, കോയമ്പത്തൂർ, തഞ്ചാവൂർ, ട്രിച്ചി, മധുര തുടങ്ങിയ ഇടങ്ങളിലെ തിയേറ്ററുകളിൽ 25 ആഴ്ചയിലധികം ഓടി. എം.ജി.ആർ എന്ന തമിഴക താരചക്രവർത്തിയുടേയും, രാഷ്ട്രീയ നേതാവിന്റേയും ഉദയം അവിടെ കുറിക്കുകയായിരുന്നു.
പളനിയിലെ പ്രസിദ്ധ ഉത്സവമായ പങ്കുനി ഉത്തിര ദിവസം വേർപിരിയേണ്ടി വന്ന സമ്പന്ന പ്രഭുകുടുംബത്തിലെ ഇരട്ടക്കുഞ്ഞുങ്ങളായ രാമുവിന്റെയും ഇളങ്കോയുടെയും കഥയാണ് ഈ ചിത്രം. എം.ജി.ആറായിരുന്നു രണ്ടുവേഷങ്ങളിലും അഭിനയിച്ചത്. സെമീന്ദാർ കുടുംബത്തിലെ വൻസ്വത്തിന്റെ ഏകാവകാശിയായ രാമു പക്ഷേ ഭീരുവും സാധു സ്വഭാവിയുമാണ്. സഹോദരി സുശീലയുടേയും ദുഷ്ടനായ ഭർത്താവ് ഗജേന്ദ്രന്റേയും ഭീഷണിക്കും നിയന്ത്രണങ്ങൾക്കും ചാട്ടയടിക്കും മുന്നിൽ അവൻ മുട്ടുവിറച്ചു അനുസരിക്കും. അതേസമയം സാധുകുടുംബത്തിൽ വളരുന്ന ഇളങ്കോ നേർവിപരീതമാണ്. അടിപിടി, ഗുണ്ടായിസം തുടങ്ങിയവ തൊഴിലാക്കിയ തെരുവുസംഘത്തിന്റെ നേതാവാണ്.
വിഭവസമൃദ്ധമായ ഭക്ഷണവും ഉഴുന്നുവടയും
'എങ്ക വീട്ടുപിള്ളൈ'യിലെ ഒരു സീൻ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മനസ്സിലുണ്ട്. ചിത്രീകരണത്തിലോ, സാങ്കേതികത്തികവിലോ മികച്ചതൊന്നുമല്ലത്. ഒരു സാധാരണ രംഗം.
ഒരു ഹോട്ടലിലെ ഡൈനിംഗ് ഹാൾ. ഇളങ്കോയും ചില തെരുവുകൂട്ടുകാരും വിഭവങ്ങൾ ലോഭമില്ലാതെ ഓർഡർ ചെയ്ത് മൃഷ്ടാന്നം ഭക്ഷിക്കുന്നു(റൗഡിയായ ഇളങ്കോയുടെ വേഷം കൈലിയും ബനിയനുമാണ്. തലയിൽ കെട്ടുണ്ട്, കഴുത്തിൽ കർച്ചീഫും). ഭക്ഷണം കഴിച്ചശേഷം കൈകഴുകാനെന്ന നാട്യത്തിൽ ഇളങ്കോയും സംഘവും മുങ്ങുന്നു. ഇതൊന്നുമറിയാതെ പാവം രാമു വരുന്നു. ഒഴിഞ്ഞ പാത്രങ്ങൾ നിറഞ്ഞ ഡൈനിംഗ് ടേബിളിന്റെ ഒരരുകിൽ ജാള്യതയോടെ അവനിരിക്കുന്നു. ഓർഡറെടുക്കാൻ വരുന്ന വെയിറ്ററോട് ഭവ്യതയോടെ രണ്ട് ഉഴുന്നുവട എന്നുപറയുന്നു. സന്ദേഹത്തോടെ നോക്കിയിട്ട് വെയിറ്റർ പോകുന്നു. കുറച്ചുകഴിഞ്ഞ് ഉഴുന്നുവടയും ചട്ട്ണിയും വരുന്നു. അവനത് സാവധാനം കഴിച്ചശേഷം കൈ കഴുകി വരുമ്പോൾ, വെയിറ്റർ ബില്ല് കൊണ്ടുവരുന്നു. അത് നോക്കിയിട്ട് അവൻ സങ്കടത്തോടെ പറയുന്നു: രണ്ട് വടയ്ക്ക് നൂറ്റിഅമ്പതു രൂപയോ...?
സിനിമാക്കൊട്ടകയിലെ രാത്രിപ്പാട്ട്
മുൻപ് നഗരപ്രാന്തങ്ങളിലും ഗ്രാമങ്ങളിലുമുള്ള ബി, സി ക്ലാസ് സിനിമാടാക്കീസുകളിൽ വൈകുന്നേരവും, രാത്രി പത്തുമണിക്കുള്ള സെക്കൻഡ് ഷോ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപും സിനിമാപ്പാട്ടുകൾ ഇടുമായിരുന്നു. വിവിധ ദിക്കുകളിലേക്ക് തിരിച്ചുവച്ചിരിക്കുന്ന വലിയ കോളാമ്പികളിലൂടെ അത് ഉച്ചത്തിൽ നാടാകെ കേൾക്കും. അത്തരമൊരു രംഗം ഇന്നും മായാതെ നിൽക്കുന്നു. 1969 ൽ പുറത്തിറങ്ങിയ, സേതുമാധവൻ സംവിധാനം ചെയ്ത 'അടിമകൾ' എന്ന സിനിമയിലേതാണ് ആ സീൻ. (മഞ്ഞിലാസിന്റെ ബാനറിൽ എം.ഒ. ജോസഫ് നിർമ്മിച്ച ഈ ചിത്രത്തിൽ സത്യൻ, പ്രേംനസീർ, ഷീല, ശാരദ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. പമ്മന്റെ ഒരു നോവലായിരുന്നു കഥയ്ക്ക് അവലംബം. തോപ്പിൽഭാസിയാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. ആ വർഷത്തെ ഏറ്റവും മികച്ച പ്രാദേശിക ഭാഷാചിത്രത്തിനുള്ള ദേശീയ അവാർഡ് 'അടിമകൾ'ക്കായിരുന്നു.)
ഗ്രാമത്തിലെ ഒരു സിനിമാതിയേറ്റർ. രാത്രി ഒമ്പതുമണി കഴിഞ്ഞുകാണും. തിയേറ്ററിന് മുകളിൽ മുന്നോട്ട് തള്ളിനിൽക്കുന്ന കല്ലുകെട്ടിയ മട്ടുപ്പാവിൽ, ഫിലിം മെഷീൻ ഓപ്പറേറ്റർ(ഒപ്പം മറ്റൊരാൾ കൂടിയുണ്ട്) പുറത്തേക്ക് നോക്കി നിന്ന് സിഗരറ്റ് വലിക്കുന്നു. (ഇൻ ചെയ്ത ഷർട്ടും പാന്റ്‌സുമാണ് വേഷം. അക്കാലത്ത് ഫിലിം ഓപ്പറേറ്റിംഗ് അഭ്യസിച്ചിരുന്നത് ബോംബെയിൽ നിന്നായിരുന്നതിനാൽ അവരുടെ വേഷം നാടൻ സായിപ്പന്മാരുടേതായിരുന്നു. സ്റ്റിൽ ഫോട്ടോഗ്രാഫി പഠിപ്പിച്ചിരുന്നതും ബോംബെയിലായിരുന്നു. അതുകൊണ്ട് നാടൻ ഫോട്ടോസ്റ്റുഡിയോക്കാരുടെ വേഷവും അങ്ങനെയായിരുന്നു.)
കൊട്ടകയിലെ കോളാമ്പികളിൽ നിന്ന് രാത്രിയുടെ വിജനനിശബ്ദതയിൽ മുഴങ്ങുന്ന 'ഇന്ദുമുഖീ... ഇന്ദുമുഖീ... എന്തിനിന്ന് നീ സുന്ദരിയായ്...' എന്ന പി. ജയചന്ദ്രന്റെ ഇമ്പമാർന്ന ഗാനം. വയലാർ രചിച്ച്, ജി. ദേവരാജൻ ഈണമിട്ട ഈ പാട്ട് ജയചന്ദ്രന്റെ ആദ്യകാല ഹിറ്റുകളിലൊന്നായിരുന്നു.
ഇരുട്ടും വെളിച്ചവും പാട്ടും ഇടകലർന്ന മനോഹരമായ ലോംഗ് ഷോട്ട്. അക്കാലത്തെ പ്രഗത്ഭനായ മെല്ലി ഇറാനിയായിരുന്നു ഛായാഗ്രാഹകൻ. 'അടിമക'ളിൽ വൈകാരിക തീവ്രതയുള്ള ഒട്ടനവധി രംഗങ്ങളുണ്ടെങ്കിലും, ഈ സീനാണ് ഓർമ്മയിൽ ഇപ്പോഴുമുള്ളത്.
ദാസനേയും വിജയനേയും വളഞ്ഞ റിക്ഷാക്കൂട്ടം
1987 ൽ ഇറങ്ങിയ ആകർഷകമായ ഒരു സിനിമയാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'നാടോടിക്കാറ്റ്'. ദാസൻ(രാമദാസ്), വിജയൻ എന്നീ രണ്ട് ചെറുപ്പക്കാരുടെ(മോഹൻലാലും ശ്രീനിവാസനും) ജീവിതമാർഗ്ഗം തേടിയുള്ള അലച്ചിലിനിടയിൽ, ദുബായിലേക്കെന്ന പേരിൽ ഗഫൂർ(മാമുക്കോയ) എന്നയാളുടെ ചതിയിൽപ്പെട്ട് ചെറു ഫിഷിംഗ് ബോട്ടിൽ മദ്രാസ് കടൽത്തീരത്ത് എത്തിപ്പെടുകയും, അവിടെ അവർ അഭിമുഖീകരിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ സറ്റയറിക്കൽ ആവിഷ്‌ക്കാരമാണ് ഈ ചിത്രം. (മോഹൻലാൽ- ശ്രീനിവാസൻ കോമ്പിനേഷന്റെ വിജയകരമായ തുടക്കചിത്രങ്ങളിലൊന്ന്). രസകരവും മറക്കാനാവാത്തതുമായ ഒട്ടനവധി സന്ദർഭങ്ങൾ കയ്യടക്കത്തോടെ സത്യൻ അന്തിക്കാട് ഇതിൽ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും, എന്റെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്ന ഒരു സീനുണ്ട്.
ഗഫൂർക്കായുടെ നിർദ്ദേശമനുസരിച്ച്, മദ്രാസ് കടൽത്തീരത്തിറങ്ങിയ ദാസനും വിജയനും, സ്യൂട്ട്‌കെയ്‌സിൽ കരുതിയിരുന്ന നീളൻ അറബിവേഷമണിഞ്ഞു, ദുബായ് സിറ്റിയെന്ന് തെറ്റിദ്ധരിച്ച് മദ്രാസ് പട്ടണത്തിലേക്ക് നടന്നെത്തുന്നു. രണ്ട് അറബി ഇരകളെ കിട്ടിയ ആവേശത്തിൽ കൈലിയുടുത്ത സൈക്കിൾ റിക്ഷാക്കാർ അവരെ വളയുകയാണ്. അവരിൽ നിന്ന് രക്ഷപ്പെടാൻ ഇരുവരും സൈക്കിൾ റിക്ഷാകൾക്ക് മുകളിലുടെ ചാടിച്ചാടി ഓടുന്നു. വളരെ രസകരമാണ് ഈ രംഗം. അതിന്റെ കോമ്പിനേഷൻ മികച്ച നിലവാരത്തിലുള്ളതാണ്.
നമ്പർ 20 മദ്രാസ് മെയിലിലെ ടോണിയും കൂട്ടുകാരും മമ്മൂട്ടിയും
സിനിമയുടെ വ്യാകരണവും ഉൾക്കാമ്പും നന്നായി മനസ്സിലാക്കിയ കമേഴ്‌സ്യൽ സിനിമയിലെ മഹാമേരുവാണ് ജോഷി എന്ന സംവിധായകൻ(ജനനം 1952 ജൂലൈ 18. 1978 ൽ 'ടൈഗർ സലിം' എന്ന ചിത്രത്തോടെ തുടക്കം കുറിച്ച സിനിമാജീവിതത്തിൽ മലയാളത്തിനുപുറമേ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലായി നൂറോളം സിനിമകൾ സംവിധാനം ചെയ്തു. വർക്കലയാണ് ജന്മദേശം.)
നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ജോഷിയുടെ വൻപ്രദർശന വിജയം നേടിയ ചിത്രമാണ് 'നമ്പർ 20 മദ്രാസ് മെയിൽ.' ആദ്യപകുതി പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്, അന്നത്തെ മദ്രാസ് യാത്രയുടെ ഏക ആശ്രയമായ തിരുവനന്തപുരത്തുനിന്ന് ഉച്ചതിരിഞ്ഞു പുറപ്പെടുന്ന നമ്പർ 20 മദ്രാസ് മെയിലിലായിരുന്നു. മദ്രാസ്സിൽ നടക്കുന്ന ഇന്ത്യാ-ശ്രീലങ്കാ ക്രിക്കറ്റ് മാച്ചും, പറ്റുമെങ്കിൽ കാബറേ ഡാൻസും കാണാൻ ടോണി കുരിശുങ്കൽ(മോഹൻലാൽ) എന്ന സമ്പന്ന യുവാവിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കളായ ഡിറ്റക്ടീവ് നോവലിസ്റ്റ് ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി(മണിയൻപിള്ള രാജു), രാഷ്ട്രീയപ്രവർത്തകൻ ഹരി എന്നിവരുമായി ഫസ്റ്റ് ക്ലാസ്സ് കംപാർട്ടുമെന്റിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് തീവണ്ടി കയറുന്നു. കഞ്ഞിക്കുഴിയുടെ 'വാരിക്കുഴിയിലെ കൊലപാതകം' എന്ന നോവൽ പറ്റുമെങ്കിൽ സിനിമയുമാക്കണം. കൊല്ലത്തുനിന്ന് ബിസിനസ്സുകാരനായ ആർ.കെ. നായർ(സോമൻ), ഭാര്യ ഗീത(ജയഭാരതി), മകൾ ദേവി(സുചിത്ര) എന്നിവരും ആ കംപാർട്ടുമെന്റിൽ കയറുന്നു. ദേവിയുടെ പേരിൽ നായർ, നല്ല മദ്യലഹരിയിലായിരുന്ന ടോണിയുമായി വഴക്കിടുന്നു. തൃശൂരിൽ നിന്ന് സൂപ്പർസ്റ്റാർ മമ്മൂട്ടി(മമ്മൂട്ടിയായിത്തന്നെ) ആ കംപാർട്ടുമെന്റിൽ കയറുന്നു.
തുടർന്ന് ഒരു ഫിലിം സ്റ്റാറിനെ ആദ്യമായി തൊട്ടടുത്തു കാണുന്ന ആവേശത്തിൽ ആരാധനയോടെ തൊട്ടും തടവിയും ഉമ്മവച്ചുമുള്ള ടോണിയുടെ പ്രകടനവും സംഭാഷണങ്ങളും വളരെ രസകരമാണ്. മോഹൻലാൽ എന്ന മികച്ച അഭിനേതാവ്, അതിഭാവുകത്വത്തിലേക്ക് ഒട്ടം വഴുതിവീഴാതെ സുദീർഘമായ ആ രംഗങ്ങൾ സ്വാഭാവികതയോടെ അവിസ്മരണീയമാക്കി. ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ടി.ടി.ഇമാരായ നാടാരും(ഇന്നസെന്റ്), ചൊക്കലിംഗവുമൊത്തുള്ള(ജഗതിശ്രീകുമാർ) രംഗങ്ങളും രസകരമാണ്.
പോസ്റ്റുമാൻ പ്രേംനസീറും വിജയശ്രീയും
1972 ൽ റിലീസ് ചെയ്ത, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ചു സംവിധാനം ചെയ്ത സിനിമയാണ് 'പോസ്റ്റുമാനെ കാണാനില്ല.' പ്രേംനസീറും വിജയശ്രീയുമായിരുന്നു നായകനായികമാർ. അതിലെ രസകരമായ ഒരു രംഗം ഇന്നും ഓർമ്മയിലുണ്ട്.
പോസ്റ്റുമാനായ പ്രേംനസീർ കത്തുമായി ഒരു വീട്ടിലെത്തുന്നു. 'പോസ്റ്റ്... പോസ്റ്റ്....' എന്ന് പലതവണ വിളിച്ചിട്ടും കതകുതുറന്ന് ആരും ഇറങ്ങിവരികയോ, പ്രതികരിക്കുകയോ ചെയ്യുന്നില്ല. അയാൾ വീടിന്റെ പിന്നിലേക്ക് നടന്നു. അവിടെ വാഴക്കുഴിയിൽ കുന്തിച്ചിരുന്ന് മീനിന്റെ ചെതമ്പൽ മാറ്റുന്ന വിജയശ്രീയെ കാണുന്നു. കൈലിയും, ഇറുകിക്കിടക്കുന്ന ബ്ലൗസ്സുമാണ് വേഷം. അയാൾ 'പോസ്റ്റ്' എന്നുപറയുമ്പോൾ, വിജയശ്രീ പെട്ടെന്ന് എഴുന്നേൽക്കുന്നു. അപ്പോൾ വിജയശ്രീയുടെ മടിക്കുത്തഴിയുന്നു. ഒരു കയ്യിൽ പിച്ചാത്തിയും, മറുകയ്യിൽ മീനുമായി നിൽക്കുന്ന വിജയശ്രീക്ക്, മടിക്കുത്ത് ഉടുക്കാൻ പറ്റുന്നില്ല. ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ പ്രേംനസീർ മഹാമനസ്‌ക്കതയോടെ മടിക്കുത്ത് ബലപ്പെടുത്തി താഴേക്ക് തിരുകിക്കൊടുക്കുന്നു.
വളരെ തന്മയത്വത്തോടെ പകർത്തിയ രംഗം.
അനിയാ ഇതൊന്ന് ഇംഗ്ലീഷിൽ പറഞ്ഞുകൊട്....
മലയാള കമേഴ്‌സ്യൽ സിനിമയിലെ അതികായകനായിരുന്ന എം. കൃഷ്ണൻനായർ(മുൻ ചീഫ് സെക്രട്ടറിയും, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലവിലെ കമ്മിഷണറും പ്രശസ്ത കവിയുമായ കെ. ജയകുമാറിന്റെ പിതാവ്) 1970 ൽ സംവിധാനം ചെയ്ത 'റിക്ഷാക്കാരൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് എം.ജി. രാമചന്ദ്രന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഇത് അന്ന് വൻവിവാദമായി. രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്ര ഗവൺമെന്റിന്റെ സമ്മർദ്ദഫലമായിട്ടാണ് ഈ പുരസ്‌ക്കാരം നൽകിയതെന്ന് ദേശീയ തലത്തിൽ വിമർശനമുണ്ടായി.
അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവര'ത്തിന് ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ചതിനെത്തുടർന്ന്, പല അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിക്കുകയും, ബഹുമതികൾ ലഭിക്കുകയും ചെയ്തിരുന്ന സമയം. വിഖ്യാതമായ മോസ്‌ക്കോ ഫിലിം ഫെസ്റ്റിവലിലേക്ക് 'സ്വയംവരം' തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് അടൂരും അതിൽ പങ്കെടുക്കാനെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള പുരസ്‌ക്കാരജേതാവെന്ന നിലയിൽ ഇന്ത്യാഗവൺമെന്റിന്റെ പ്രതിനിധിയായി എം.ജി.ആറും ക്ഷണിക്കപ്പെട്ടു.
അനുമോദനച്ചടങ്ങിൽ തമിഴിൽ പ്രസംഗിക്കാൻ തുടങ്ങിയ എം.ജി.ആർ കുറച്ച് സംസാരിച്ചശേഷം, വേദിയിലിരുന്ന അടൂരിനെ നോക്കി മലയാളത്തിൽ പറഞ്ഞു: അനിയാ, ഇതൊന്ന് ഇംഗ്ലീഷിൽ പറഞ്ഞുകൊട്...'
എം.ജി.ആറിന്റെ പ്രസംഗം മുഴുവൻ അടൂർ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി.(ഇക്കാര്യം അടൂർ ഗോപാലകൃഷ്ണൻ ഒരിക്കൽ എന്നോട് പറഞ്ഞതാണ്. ഇത് ലേഖന രൂപത്തിൽ എഴുതിയതായും ഓർക്കുന്നു).
രാമുകാര്യാട്ടും റഷ്യൻ സ്ത്രീയും ബിയറും
'ചെമ്മീൻ' എന്ന ചിത്രത്തോടെ ഇന്ത്യൻ സിനിമാചരിത്രത്തിൽ അനശ്വര ഇടം നേടിയ വിഖ്യാത സംവിധായകനായ രാമുകാര്യാട്ട്, താഷ്‌ക്കെന്റിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന വേള. സമാപന ദിനത്തിൽ ഒരു പാർക്കിൽവച്ച് നടക്കുന്ന ഉദ്യാനവിരുന്ന്. സുഭിക്ഷമായ ആഹാരപദാർത്ഥങ്ങൾക്ക് പുറമെ ബിയർ സൽക്കാരവുമുണ്ട്. ഒരു വലിയ ഭരണിയിൽ നിന്ന് ഒരു മഗ്ഗ് കൊണ്ട് ബിയർ കോരി വലിയ ഗ്ലാസ്സുകളിൽ ഒഴിച്ചുകൊടുക്കുന്നത് ആജാനുബാഹുവായ തടിച്ച ഒരു റഷ്യൻ സ്ത്രീയാണ്. ഒരു ഗ്ലാസ്സേ കൊടുക്കൂ. നല്ല ചിൽഡ് ബിയർ. രാമുകാര്യാട്ടും കൂട്ടരും ആദ്യം കിട്ടിയത് ഒറ്റ വലിക്ക് അകത്താക്കി. പിന്നെയും കിട്ടുമോ എന്നറിയാൻ, ആ സ്ത്രീയുടെ അടുത്തെത്തി. നിഷേധത്തോടെ തലയാട്ടി, 'പോ, പോ' എന്നവർ ആംഗ്യം കാണിച്ചു. നിരാശയോടെ തിരിഞ്ഞുനടക്കാൻ തുടങ്ങിയ രാമുകാര്യാട്ടിനെ പെട്ടന്നവർ കൈകൊട്ടി വിളിച്ചു. അടുത്തെത്തിയ അദ്ദേഹത്തോട് 'ഇന്തിയൻ... ഇന്തിയൻ...'എന്ന് ചോദിച്ചു. അതേ എന്ന് തലയാട്ടിയ അദ്ദേഹത്തെ അവർ സ്‌നേഹത്തോടെ വരവേറ്റ്, അടുത്തുണ്ടായിരുന്ന ഒരു വലിയ പാത്രം നിറയെ ബിയർ പകർന്നുകൊടുത്തു.(നെഹ്‌റുവിന്റെ ഇന്ത്യയോട് റഷ്യക്കാർക്കുണ്ടായിരുന്ന വൈകാരികാഭിമുഖ്യം സ്വാനുഭവത്തിലൂടെ വെളിപ്പെടുത്താൻ രാമു കാര്യാട്ട് ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത്).










