09:35pm 22 September 2026
NEWS
പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഓഹരി നിക്ഷേപ തട്ടിപ്പ് മുന്നറിയിപ്പുമായി സൈബർ പോലീസ്
22/09/2026  06:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഓഹരി നിക്ഷേപ തട്ടിപ്പ് മുന്നറിയിപ്പുമായി സൈബർ പോലീസ്

പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് വൻ വ്യാജ നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു. ഓഹരി വിപണിയിലെ പ്രമുഖരുടെയും പ്രശസ്ത സ്ഥാപന മേധാവികളുടെയും എഐ വിഡിയോകൾ നിർമിച്ച്, വൻ ലാഭം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് തട്ടിപ്പുകാർ ആളുകളെ ആകർഷിക്കുന്നത്.

ഇത്തരം വ്യാജ പരസ്യങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചു ക്ലിക് ചെയ്യുന്നവരെ, ട്രേഡിങ് പഠിപ്പിക്കാനെന്ന വ്യാജേന വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നു. തുടർന്ന് രാജ്യത്തെ മുൻനിര ട്രേഡിങ് കമ്പനികളുടേതിന് സമാനമായ വ്യാജ ആപ്ലിക്കേഷനുകളുടെ ലിങ്കുകൾ ഗ്രൂപ്പുകളിൽ അയച്ചു നൽകി ഡൗൺലോഡ് ചെയ്യിപ്പിക്കുകയാണ് ഇവരുടെ രീതി. ഇത്തരം വ്യാജ ആപ്പുകളിലും വെബ്സൈറ്റുകളിലും അക്കൗണ്ട് തുടങ്ങുന്ന നിക്ഷേപകരെക്കൊണ്ട് ഘട്ടംഘട്ടമായി തുക നിക്ഷേപിപ്പിക്കും.

വിശ്വാസ്യത നേടിയെടുക്കാൻ ആരംഭത്തിൽ ചെറിയ തുക പിൻവലിക്കാൻ തട്ടിപ്പുകാർ അനുവദിക്കും. ഇതോടെ സ്ഥാപനത്തിൽ കൂടുതൽ വിശ്വാസ്യത തോന്നുന്ന നിക്ഷേപകർ, വൻ തുക ഡിസ്കൗണ്ടിൽ സ്റ്റോക്കുകൾ സ്വന്തമാക്കാമെന്ന ആഗ്രഹത്തിൽ ലക്ഷക്കണക്കിന് രൂപ വീണ്ടും അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നു. എന്നാൽ ഈ തുക ഉപയോഗിച്ച് വാങ്ങുന്ന സ്റ്റോക്കുകൾ വിൽക്കാൻ സമ്മതിക്കാതെ ദീർഘകാലത്തേക്ക് കൈവശം വയ്ക്കാൻ ഇവർ നിർബന്ധിക്കും.

പിന്നീട് അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ, പ്രോസസിങ് ചാർജ്, നികുതി തുടങ്ങിയ പേരുകളിൽ വീണ്ടും വൻ തുക ആവശ്യപ്പെടുകയാണ് ചെയ്യാറുള്ളത്. കൂടുതൽ തുക അടച്ചാലും പണം തിരികെ ലഭിക്കാതെ വരുമ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ഇരകൾ തിരിച്ചറിയുന്നത്.

ഇത്തരം വ്യാജ വാഗ്ദാനങ്ങളിലും അജ്ഞാത ലിങ്കുകളിലും വീഴരുതെന്നും, ഓഹരി നിക്ഷേപങ്ങൾ അംഗീകൃത സെബി (SEBI) രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ വഴി മാത്രം നടത്തണമെന്നും സൈബർ പൊലീസും സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.

ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കുക. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img