
തിരുവനന്തപുരം: സിനിമ കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ സംവിധായകൻ അടൂർ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എസ്.സി-എസ്.ടി കമ്മീഷൻ ഇടപെടുന്നു. അടൂർ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതിയിൽ 10 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ എസ്.സി-എസ്.ടി കമ്മീഷൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ ദിനു വെയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ നടപടി.
എസ്.സി-എസ്.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദിനു വെയിൽ മ്യൂസിയം പോലീസിലും പരാതി നൽകിയിട്ടുണ്ട്. എന്നാൽ,
പരാതി ലഭിച്ചിട്ടും അടൂരിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. സർക്കാർ നിർദ്ദേശമോ നിയമോപദേശമോ ലഭിച്ച ശേഷം മാത്രം കേസെടുത്താൽ മതിയെന്ന നിലപാടിലാണ് പോലീസ്.
അതേസമയം, സിനിമ കോൺക്ലേവിലെ പരാമർശങ്ങളുടെ പേരിൽ ഉയർന്നുവന്ന വിവാദങ്ങളിൽ താൻ ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന നിലപാടിലാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പിന്നോക്ക വിഭാഗക്കാർക്കും വനിതകൾക്കും സിനിമയിൽ അവസരം നൽകുന്നതിനെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, അവർക്ക് വേണ്ടത്ര പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അടൂർ മാധ്യമങ്ങളോട് പറഞ്ഞു.
നല്ല സിനിമകൾ ഉണ്ടാകണമെങ്കിൽ നല്ല പരിശീലനം ആവശ്യമാണ്. ഈ കാര്യത്തിൽ മന്ത്രിക്ക് അറിവില്ലെന്നും, താൻ പറഞ്ഞതിനെ അദ്ദേഹം പ്രതിരോധിക്കേണ്ട കാര്യമില്ലായിരുന്നെന്നും അടൂർ വ്യക്തമാക്കി. സർക്കാർ നൽകുന്ന ഗ്രാൻ്റ് ഉപയോഗിച്ച് സിനിമയെടുത്ത ശേഷം അപ്രത്യക്ഷരാകേണ്ടവരല്ല പിന്നോക്ക വിഭാഗക്കാരും സ്ത്രീകളും. അതിനാൽ അവർക്ക് ആവശ്യമായ പരിശീലനം നൽകിയാൽ ഈ രംഗത്ത് തുടരാനുള്ള ആത്മവിശ്വാസം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുഷ്പവതിക്കെതിരെയും അടൂർ
കോൺക്ലേവിനിടെ പ്രതിഷേധിച്ച ഗായിക പുഷ്പവതി പൊയ്പാടത്തിനെതിരെയും അടൂർ രംഗത്തെത്തി. താൻ സംസാരിക്കുന്നതിനിടെ തടസ്സപ്പെടുത്താൻ അവർക്ക് എന്തവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഇതിന് മറുപടിയായി, തനിക്കുള്ളത് പോലെ അഭിപ്രായം പറയാൻ അടൂരിനും സ്വാതന്ത്ര്യമുണ്ടെന്ന് പുഷ്പവതി പ്രതികരിച്ചു.
അടൂരിന് പിന്തുണയുമായി മന്ത്രി വാസവൻ
അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിൽ ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ശ്രദ്ധ വേണമെന്നാണ് അടൂർ പറഞ്ഞത്. ഇതിനെ വളച്ചൊടിച്ച് വിവാദമാക്കിയെന്നും മന്ത്രി ആരോപിച്ചു. അതേസമയം, അടൂരിൻ്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി ഒ.ആർ. കേളു പറഞ്ഞു.











