
എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചതായി പ്രഖ്യാപിച്ചതോടെ പലരും ആശങ്കയിലാണ്. നിലവിൽ സ്ഥിരനിക്ഷേപമുള്ളവരുടെ പലിശ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ആശങ്ക. മൂന്നു കോടി രൂപക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.2 ശതമാനവും മൂന്നു കോടി രൂപക്ക് മുകളിലുല്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കിൽ 0.25 മുതൽ 0.5 ശതമാനം വരെയുമാണ് കുറച്ചത്. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമായാണ് ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതും.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായി രണ്ടു തവണ കുറച്ചതിനു പിന്നാലെയാണ് എസ്ബിഐ തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറയ്ക്കുന്നത്. ഏപ്രിൽ ആദ്യവാരം തിരഞ്ഞെടുക്കപ്പെട്ട കാലാവധികളിലെ പലിശനിരക്ക് എസ്ബിഐ കുറച്ചിരുന്നു. ജനറൽ നിരക്കിനു പുറമേ മുതിർന്ന പൗരന്മാരുടെ നിരക്കും കുറച്ചിട്ടുണ്ട്.
പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്. അതിനാൽ തന്നെ നിലവിലെ ഫിക്സഡ് ഡിപ്പോസിറ്റുകളിലെ പലിശനിരക്ക് മാറില്ല എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.











