10:13pm 31 July 2026
NEWS
എസ്ബിഐ മാനേജറെ മർദിച്ച കേസ്: കരുണാനിധിയുടെ പേരമകൾ കയൽവിഴി അഴഗിരി അറസ്റ്റിൽ; സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
30/07/2026  04:22 PM IST
NILA
എസ്ബിഐ മാനേജറെ മർദിച്ച കേസ്: കരുണാനിധിയുടെ പേരമകൾ കയൽവിഴി അഴഗിരി അറസ്റ്റിൽ; സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

 

ചെന്നൈ: എസ്ബിഐ ബാങ്ക് മാനേജറെ മർദിച്ചെന്ന കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരമകളും മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകളുമായ കയൽവിഴി അഴഗിരിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഏകദേശം രണ്ട് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കണമെന്നും, പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും, മുൻകൂർ അനുമതിയില്ലാതെ ചെന്നൈ നഗരം വിടരുതെന്നുമുള്ള നിബന്ധനകളോടെയാണ് കയൽവിഴിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

ദിവസങ്ങൾക്കു മുൻപാണ് ചെന്നൈയിലെ അഡയാർ എസ്ബിഐ ശാഖ മാനേജറെ കയൽവിഴി മർദിക്കുന്നതായി പറയപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടിയിലേക്ക് കടന്നത്.

കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അഡയാർ എസ്ബിഐ ശാഖ പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായ വിവരം ബാങ്ക് മാനേജർ നേരത്തെ കെട്ടിട അധികൃതരെ അറിയിച്ചിരുന്നു. പിന്നീട് കെട്ടിടത്തിലെത്തിയ കയൽവിഴിയോടും ഇതേ വിഷയം മാനേജർ ഉന്നയിച്ചപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായും, തുടർന്ന് കയൽവിഴി മാനേജറുടെ മുഖത്തടിച്ചതായും ആരോപണമുണ്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയും തുടർന്ന് കയൽവിഴിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img