
കൊച്ചി: സതേൺ നേവൽ കമാൻഡ് സംഘടിപ്പിക്കുന്ന ഏഴാമത് എസ്ബിഐ കൊച്ചി നേവി ഹാഫ് മാരത്തൺ ഡിസംബർ 13-ന് കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കും. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ടൈംഡ് റൺ, 5 കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിവിധ പ്രായത്തിലുള്ള കായികക്ഷമത ഉള്ളവർക്ക് മാരത്തണിൽ പങ്കെടുക്കാം. സ്‌കൂളുകൾ, കോളേജുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, റണ്ണിംഗ് കൂട്ടായ്മകൾ, ഫിറ്റ്നസ് പ്രേമികൾ എന്നിവർക്ക് പുറമെ കേരളത്തിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ഓട്ടക്കാരും പങ്കാളികളാകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ വർഷത്തെ പ്രധാന സ്പോൺസർ. കായികക്ഷമതയും ആരോഗ്യകരമായ ജീവിതരീതിയും പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ആരോഗ്യമുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ നാവികസേനയും കൊച്ചിയിലെയും കേരളത്തിലെയും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനാണ് മാരത്തൺ ലക്ഷ്യമിടുന്നതെന്ന് സതേൺ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ പറഞ്ഞു.എസ്ബിഐ കൊച്ചി നേവി ഹാഫ് മാരത്തണിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 19-ന് ആരംഭിക്കും, ഔദ്യോഗിക വെബ്സൈറ്റായ kochinavymarathon.com വഴി പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. ആദ്യഘട്ട ഓഫറിന്റെ ഭാഗമായി സെപ്റ്റംബർ 30-നോ അതിനുമുമ്പോ രജിസ്റ്റർ ചെയ്യുന്നവർക്ക് 'സൂപ്പർ ഏർളി ബേർഡ്' ഇളവോടെ നിരക്കിൽ 25 ശതമാനം ഫ്ളാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും.
Photo Courtesy - Google






