
കൊച്ചി: ദക്ഷിണ നാവിക കമാന്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് എസ് ബി ഐ കൊച്ചി നേവി ഹാഫ് മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം ചെയ്തു. ചടങ്ങില്‍ ദക്ഷിണ നാവിക കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ പ്രകാശ് ഗോപാലന്‍ ടി-ഷര്‍ട്ട് പ്രകാശനം നിര്‍വഹിച്ചു. ഡിസംബര്‍ 13ന് കൊച്ചി ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടിലാണ് മാരത്തണ്‍.
മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യക്തികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാരത്തണിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കേരളത്തിന്റെ പ്രകൃതിഭംഗിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വര്‍ണങ്ങളും രൂപകല്‍പ്പനാ ഘടകങ്ങളുമാണ് ഔദ്യോഗിക ടി-ഷര്‍ട്ടിലുള്ളത്. നാവികസേനയുടെ പാരമ്പര്യം, കായികോത്സാഹം, കൊച്ചിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് രൂപകല്‍പ്പന. 'ഒരു കടല്‍, ഒരു ആത്മാവ്, ഒരു ഓട്ടം' എന്നതാണ് ഇത്തവണത്തെ മാരത്തണിന്റെ പ്രമേയം. സായുധസേനാംഗങ്ങളെയും പൊതുസമൂഹത്തെയും ആരോഗ്യസംരക്ഷണത്തിന്റെയും ഓട്ടത്തിന്റെയും പൊതുവായ താത്പര്യത്തിലൂടെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം.
ഈ വര്‍ഷത്തെ മാരത്തണ്‍ റൂട്ടിന് വേള്‍ഡ് അത്ലറ്റിക്സിന്റെ അംഗീകാരം ലഭിച്ചതാണ് പ്രധാന സവിശേഷത. ഇതോടെ ഔദ്യോഗികമായി സര്‍ട്ടിഫൈഡ് റേസ് റൂട്ടുള്ള കേരളത്തിലെ അപൂര്‍വ മാരത്തണുകളിലൊന്നായി എസ് ബി ഐ കൊച്ചി നേവി ഹാഫ് മാരത്തണ്‍ മാറി. പ്രൊഫഷണല്‍ താരങ്ങള്‍ക്കും അമച്വര്‍ ഓട്ടക്കാര്‍ക്കും ഒരുപോലെ ആകര്‍ഷകമാകുന്നതാണ് ഈ അംഗീകാരം.
മാരത്തണിന് ഇത്തവണ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 2025 ഡിസംബറില്‍ നടന്ന കഴിഞ്ഞ പതിപ്പില്‍ 7,052 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇത്തവണ രജിസ്‌ട്രേഷന്‍ 10,500 ആയി ഉയര്‍ന്നു. കേരളത്തിലും പുറത്തുമുള്ള ഓട്ടക്കാര്‍ക്കിടയില്‍ മാരത്തണിനുള്ള സ്വീകാര്യത വര്‍ധിക്കുന്നതിന്റെ സൂചനയാണിത്. 17 വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഓട്ടക്കാരും ഇത്തവണ പങ്കെടുക്കുന്നുണ്ട്. ഇതോടെ രാജ്യാന്തര കായികമേളയുടെ സ്വഭാവവും മാരത്തണിന് കൈവന്നിട്ടുണ്ട്.
പ്രതിരോധ സേനാംഗങ്ങള്‍, സാധാരണക്കാര്‍, വിദ്യാര്‍ഥികള്‍, കായിക- ആരോഗ്യപ്രേമികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ഏറ്റവും വലിയ ഓട്ടമത്സരങ്ങളിലൊന്നായി എസ് ബി ഐ കൊച്ചി നേവി ഹാഫ് മാരത്തണ്‍ മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഇന്ത്യന്‍ നാവികസേനയും കേരളത്തിലെ ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ആരോഗ്യസംരക്ഷണം, ശാരീരികക്ഷമത, സഹനശക്തി, സാമൂഹിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും മാരത്തണ്‍ ലക്ഷ്യമിടുന്നു.
Photo Courtesy - Google









