
ദോഹ: അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനാചരണത്തോട് (ജൂലൈ 3) അനുബന്ധിച്ച് രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിയന്ത്രണം കർശനമാക്കാൻ ഒരുങ്ങി ഖത്തർ നഗരസഭാ മന്ത്രാലയം. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായുള്ള ദേശീയ ശ്രമങ്ങൾക്ക് മന്ത്രാലയം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കൃത്യമായ നിയമനിർമ്മാണങ്ങളും വിപുലമായ ബോധവൽക്കരണ പരിപാടികളും രാജ്യത്തുടനീളം നടപ്പിലാക്കിവരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണവും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും ലക്ഷ്യമിട്ടുള്ള 'ഖത്തർ നാഷണൽ വിഷൻ 2030', മാലിന്യമുക്ത രാജ്യം വിഭാവനം ചെയ്യുന്ന 'ഖത്തർ സീറോ വേസ്റ്റ്' (Qatar Zero Waste) പദ്ധതി എന്നിവയുടെ വിജയത്തിനായി പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിൻ ശക്തമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണി ബാഗുകൾ (Cloth bags), കടലാസ് ബാഗുകൾ (Paper bags), എളുപ്പം മണ്ണിൽ ലയിക്കുന്ന ബയോഡീഗ്രേഡബിൾ ബാഗുകൾ എന്നിവ ശീലമാക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഭാവിതലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ ഓരോ അംഗവും ഈ സംരംഭത്തിൽ പങ്കാളികളാകണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.











