02:21pm 31 August 2026
NEWS
സേവ് ലാൽബാഗ് പ്രതിഷേധം ശക്തമാകുന്നു; അണിചേരുന്നത് ആയിരങ്ങൾ.
31/08/2026  11:37 AM IST
വിഷ്ണുമംഗലം കുമാർ
സേവ് ലാൽബാഗ് പ്രതിഷേധം ശക്തമാകുന്നു; അണിചേരുന്നത് ആയിരങ്ങൾ

 ബംഗളുരു: നഗരം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം വിപുലവും ശക്തവുമായ പൊതുജന പ്രതിഷേധമാണ് പ്രസിദ്ധമായ ലാൽബാഗ് പൂന്തോട്ടത്തിന് അടിയിലൂടെ തുരങ്കപ്പാത നിർമ്മിക്കാനുള്ള ഗവണ്മെന്റ് നീക്കത്തിനെതിരെ ഉണ്ടാകുന്നത്. ബിഡദി ടൗൺഷിപ്പ് പോലെ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മറ്റൊരു സ്വപ്നപദ്ധതിയാണ് ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ നീളുന്ന പതിനേഴ് കിലോമീറ്റർ ആറുവരി തുരങ്കപ്പാത. ഈ പാത നിർമ്മിക്കുന്നതിന് തന്നെ പരിസ്ഥിതിവാദികൾ എതിരാണ്. തുരങ്കപ്പാത ലാൽബാഗിന് അടിയിലൂടെ കൊണ്ടുപോകാനുള്ള ശ്രമമാണ് വൻപ്രതിഷേധത്തിന് കാരണമായിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന്‌ പാർക്കുകളും മറ്റും ഏറ്റെടുക്കാൻ ഗവണ്മെന്റിന് അധികാരം നൽകുന്ന ബിൽ ഈയ്യിടെ നിയമസഭ പാസാക്കിയിരുന്നു. തുരങ്കപ്പാത ലാൽബാഗിന് അടിയിലൂടെ കടന്നുപോകുമെന്ന് മാത്രമല്ല അഞ്ച് ഏക്രയോളം പാർക്ക് ഭൂമി തുരങ്കപ്പാതയുടെ നിർമ്മാണ ആവശ്യത്തിനായി ഏറ്റെടുക്കാനും ഗവണ്മെന്റിന് അധികാരം നൽകുന്ന ബില്ലാണ് പാസ്സാക്കിയത്. 240 ഏക്ര വിസ്തൃതിയുള്ള ലാൽബാഗിന്റെ വളരെ ചെറിയൊരു ഭാഗമേ തുരങ്കപ്പാത നിർമ്മാണ ആവശ്യത്തിന് ഉപയോഗിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ നിർമ്മാണ ജോലിയ്‌ക്കായുള്ള വസ്തുക്കളും യന്ത്രങ്ങളും സൂക്ഷിക്കുന്നത് ലാൽബാഗിന്റെ ശാന്തസുന്ദരവും മനോഹരവുമായ അന്തരീക്ഷം നശിപ്പിക്കുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ഒരു ഏക്രയിലേറെ പൂന്തോട്ടഭൂമി സ്ഥിരമായി തുരങ്കപ്പാതയുടെ നിർമ്മാണ പ്രവർത്തനത്തിന് മാറ്റിവെക്കുമെന്നും അത് ലാൽബാഗിന്റെ സ്വാസ്ഥ്യം നശിപ്പിക്കുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകുന്നു. സേവ് ലാൽബാഗ് പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകളാണ് അണിചേർന്നത്. അതിൽ വിരമിച്ച ജഡ്ജിമാരും രാഷ്ട്രീയക്കാരും പരിസ്ഥിതിവാദികളും സാധാരണക്കാരായ നഗരവാസികളുമുണ്ട്.  "നഗരത്തിന്റെ പൈതൃകസ്വത്താണ് ലാൽബാഗ് പൂന്തോട്ടം. നഗരസൗന്ദര്യവും പെരുമയും കാത്തുസൂക്ഷിക്കുന്നതിൽ ലാൽബാഗിന് വലിയൊരു പങ്കുണ്ട്. അതിന്റെ ചെറിയ ഭാഗം പോലും കയ്യേറി നശിപ്പിക്കാൻ ഭരണകൂടത്തെ അനുവദിക്കുകയില്ല. ഇപ്പോഴത്തെ ഗവണ്മെന്റ് അഞ്ചുശതമാണെന്ന് പറയും. അടുത്ത ഗവണ്മെന്റ് അത് പത്തു ശതമാനമാക്കും. ചുരുക്കത്തിൽ ലാൽബാഗ് പൂർണ്ണമായി നശിക്കുന്ന അവസ്ഥയാണ് വന്നുചേരുക. അത് അനുവദിക്കാനാവില്ല" പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നവർ വ്യക്തമാക്കി. ബംഗളുരു സൗത്ത് എം പിയും ബിജെപിയുടെ പ്രമുഖ യുവനേതാവുമായ തേജസ്വി സൂര്യ പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ട്. തുരങ്കപ്പാത പദ്ധതിയ്ക്ക് തന്നെ അദ്ദേഹം എതിരാണ്. ജനാഭിപ്രായം എതിരായതോടെ ലാൽബാഗിന് അടിയിലൂടെ തുരങ്കപ്പാത നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് ഡി കെ ശിവകുമാർ സർക്കാർ പിന്തിരിഞ്ഞേക്കും. ഒരുപക്ഷെ തുരങ്കപ്പാത പദ്ധതി തന്നെ തൽക്കാലത്തേക്ക് മാറ്റിവെക്കാൻ സാധ്യതയുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img