
കൊച്ചി: ‘സേവ് ബോക്സ്’ ആപ് തട്ടിപ്പുകേസിൽ നടൻ ജയസൂര്യക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടപടി ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. സേവ് ബോക്സ് സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യയെ കേസിൽ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി.
ആപ്പിനെ പൊതുജനങ്ങളിൽ വ്യാപകമായി പ്രമോട്ട് ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് ഇഡി ജയസൂര്യയെ ചോദ്യം ചെയ്തത്. ഇതിന്റെ ഭാഗമായി രണ്ട് തവണ അദ്ദേഹത്തെ ചോദ്യം ചെയ്തതായി അധികൃതർ വ്യക്തമാക്കി. തട്ടിപ്പിലൂടെ സമ്പാദിച്ച കള്ളപ്പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയുടെ പേരും ഉൾപ്പെട്ടതോടെയാണ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചത്.
നിക്ഷേപത്തിന്റെ പേരിൽ നിരവധി ആളുകളിൽ നിന്ന് കോടികൾ തട്ടിയെന്ന കേസിൽ ആപ്പ് ഉടമയായ തൃശൂർ സ്വദേശിയായ സാത്വിക് റഹീമിനെ 2023-ൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാത്വിക് റഹീമുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിച്ചുവരികയാണ്.
അതേസമയം, സംഭവത്തിൽ ജയസൂര്യ നേരത്തെ പ്രതികരിച്ചിരുന്നു. പരസ്യ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ പിന്നീട് എന്തെല്ലാം തട്ടിപ്പുകൾ നടത്തുമെന്ന് മുൻകൂട്ടി അറിയാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. നിയമപരമായ എല്ലാ നടപടികളും പാലിച്ചാണ് താൻ സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരൻ മാത്രമാണ് താനെന്നും ജയസൂര്യ വ്യക്തമാക്കിയിരുന്നു.











