
ലണ്ടനിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ ജലാവി അൽ സൗദിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മദ്യം, പാർട്ടി ഡ്രഗ്, ഡോക്ടർ നിർദേശിച്ച മരുന്നുകൾ എന്നിവയുടെ മാരകമായ സംയോജനമാണ് 29-കാരന്റെ മരണത്തിന് കാരണമായതെന്നാണ് യുകെയിലെ കോറോണറുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ നവംബർ 25-ന് കെൻസിംഗ്ടണിലെ മാരിയറ്റ് ഹോട്ടലിലെ മുറിയിലാണ് രാജകുമാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ടോക്സിക്കോളജി പരിശോധനയിൽ അദ്ദേഹത്തിന്റെ രക്തത്തിൽ അമിതമായ അളവിൽ മദ്യവും സാധാരണയായി "പാർട്ടി ഡ്രഗ്" എന്നറിയപ്പെടുന്ന ഗാമ-ഹൈഡ്രോക്സിബ്യൂട്ടൈറേറ്റ് , കഞ്ചാവ്, സനാക്സ്, വിഷാദരോഗ ചികിത്സയ്ക്കുള്ള മറ്റ് മരുന്നുകൾ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
ഇന്നർ വെസ്റ്റ് ലണ്ടൻ കോറോണേഴ്സ് കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം നവംബർ 19-നാണ് ഒരാഴ്ചത്തെ താമസത്തിനായി രാജകുമാരൻ ഹോട്ടലിൽ എത്തിയത്. ദിവസേന ഏകദേശം 600 യൂറോ വാടകയുള്ള മുറിയിലായിരുന്നു താമസം. മരണത്തിന് തൊട്ടുമുൻപുള്ള ദിവസം വൈകുന്നേരം സിഗരറ്റ് വലിക്കാനായി പുറത്തേക്ക് പോകുന്നതാണ് സിസിടിവിയിൽ അവസാനമായി പതിഞ്ഞ ദൃശ്യം.
അടുത്ത ദിവസം മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരനാണ് ബാത്ത്റൂമിന്റെ നിലത്ത് വീണുകിടക്കുന്ന നിലയിൽ രാജകുമാരനെ കണ്ടെത്തിയത്. അടിയന്തരസേവന വിഭാഗം സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സ്ഥിരീകരിച്ചു.
പരിശോധനയിൽ 100 മില്ലിലിറ്റർ രക്തത്തിൽ 222 മില്ലിഗ്രാം മദ്യം കണ്ടെത്തി. ഇംഗ്ലണ്ടിൽ വാഹനമോടിക്കാനുള്ള നിയമപരമായ പരിധിയുടെ ഏകദേശം മൂന്നിരട്ടിയാണിത്. ഇത്രയും അളവിലുള്ള മദ്യം തന്നെ ഒരാളെ കോമയിലാക്കാൻ പര്യാപ്തമാണെന്ന് വിദഗ്ധർ കോടതിയിൽ മൊഴി നൽകി.
ഇതിനൊപ്പം ഗാമ-ഹൈഡ്രോക്സിബ്യൂട്ടൈറേറ്റ്, കഞ്ചാവ്, സനാക്സ്, മറ്റ് മരുന്നുകൾ എന്നിവയുടെ സംയോജനം ഹൃദയത്തിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും വൈദ്യശാസ്ത്ര വിദഗ്ധർ വിലയിരുത്തി.
ലഹരി വിമുക്തിക്കായി ചികിത്സ തേടിയിരുന്നു
മരണത്തിന് മാസങ്ങൾ മുമ്പ് രാജകുമാരൻ മദ്യത്തിന്റെയും മരുന്നുകളുടെയും ഉപയോഗത്തിൽ നിന്ന് മോചനം നേടാൻ ചികിത്സ തേടിയിരുന്നുവെന്നും ഇൻക്വസ്റ്റിൽ വ്യക്തമായി. 2025 ഓഗസ്റ്റിൽ റോഹാംപ്ടണിലെ പ്രിയോറി ക്ലിനിക്കിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഡിറ്റോക്സ് ചികിത്സ നൽകിയിരുന്നു. ചികിത്സയോട് നല്ല രീതിയിൽ പ്രതികരിച്ചെങ്കിലും പിന്നീട് നിശ്ചയിച്ച ഫോളോ-അപ്പ് പരിശോധനകളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
തുടർന്ന് മെഴ്സിസൈഡിലെ റെയിൻഫോർഡ് ഹാൾ ക്ലിനിക്കിലും ചികിത്സ നേടിയിരുന്നു. ശ്വാസകോശ അണുബാധയ്ക്ക് ചികിത്സ ലഭിച്ചശേഷം ഒക്ടോബറിലാണ് അവിടെ നിന്ന് മടങ്ങിയത്.
'അപകടമരണം'; ആത്മഹത്യയുടെ തെളിവില്ല
സംഭവത്തിൽ ആത്മഹത്യയോ മറ്റാരുടേയെങ്കിലും ഇടപെടലോ ഉണ്ടായെന്നതിന് തെളിവില്ലെന്ന് അസിസ്റ്റന്റ് കോറോണർ ജീൻ ഹാർക്കിൻ വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പോ അത്തരം സൂചനകളോ അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്നും മരണത്തിന് മുൻപുള്ള മണിക്കൂറുകളിൽ രാജകുമാരൻ മുറിയിൽ തനിച്ചായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
അതിനാൽ, ഒന്നിലധികം ലഹരി വസ്തുക്കളും മരുന്നുകളും ചേർന്നുണ്ടായ പ്രതികരണത്തെ തുടർന്നുണ്ടായ "അപകടമരണം" എന്ന നിലയിലാണ് കേസ് രേഖപ്പെടുത്തിയത്. തുടർന്ന് സൗദി റോയൽ കോർട്ട് ഔദ്യോഗികമായി രാജകുമാരന്റെ മരണം സ്ഥിരീകരിക്കുകയും റിയാദിൽ അദ്ദേഹത്തിനായി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു.











