
ടെൽ അവീവ്: ഹൂതികളുടെ ഭീഷണി ശക്തമാകുന്നതിനിടെ സൗദി അറേബ്യയുടെ നീക്കം പശ്ചിമേഷ്യയിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. യെമനിലെ ഇറാൻ അനുകൂല ഹൂതികളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ സൗദി ഇസ്രയേലിന്റെ രഹസ്യാന്വേഷണ സഹായം തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്കോം) വഴിയാണ് ഇസ്രയേലുമായി പരോക്ഷമായി ബന്ധപ്പെട്ടതെന്ന് ‘ജറുസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഹൂതികളുടെ സൈനിക വിന്യാസം, മിസൈൽ-ഡ്രോൺ ആക്രമണ സാധ്യതകൾ തുടങ്ങിയവ മുൻകൂട്ടി തിരിച്ചറിയുന്നതിനുള്ള വിവരങ്ങളാണ് സൗദി ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഹൂതികളുടെ ആക്രമണം തടയാൻ മിസൈൽ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം സാധ്യമാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ചെങ്കടൽ മേഖലയിലെ ഹൂതി സാന്നിധ്യമാണ് സൗദിയെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. മോഖ തുറമുഖവും ബാബ് എൽ മാണ്ടെബ് കടലിടുക്കിലെ തന്ത്രപ്രധാന ദ്വീപുകളും ഹൂതികളുടെ നിയന്ത്രണത്തിലായതോടെ ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതത്തിന്റെ സുരക്ഷ വീണ്ടും ചോദ്യചിഹ്നമായിരിക്കുകയാണ്.
സൗദിയുടെ എണ്ണ കയറ്റുമതിക്കും ഈ കടലിടുക്കിന് വലിയ പ്രാധാന്യമുണ്ട്. ഹൂതികളെ മേഖലയിൽനിന്ന് പിന്തിരിപ്പിക്കുന്നതിനും എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൗദി ബ്രിട്ടന്റെ സഹായം തേടിയതായും ‘ബ്ലൂംബെർഗ്’ റിപ്പോർട്ട് ചെയ്തു.
ഹൂതി ഭീഷണിയെ നേരിടാൻ സൗദി നേരത്തെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായവും തേടിയിരുന്നു. എന്നാൽ സംഘർഷത്തിൽ നേരിട്ട് ഇടപെടാൻ യു.എസ്. താൽപര്യപ്പെടുന്നില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെയാണ് ഇസ്രയേലിന്റെ സഹായം തേടിയെന്ന വാർത്ത പുറത്തുവരുന്നത്. സൗദിയും ഇസ്രയേലും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തമാകുന്ന സാഹചര്യം ഉണ്ടായാൽ അതിന് മറ്റൊരു രാഷ്ട്രീയ പ്രാധാന്യവും ലഭിക്കും. അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന അബ്രഹാം ഉടമ്പടിയിൽ സൗദിയെ ഉൾപ്പെടുത്താൻ യു.എസ്. ഏറെനാളായി ശ്രമിച്ചുവരികയാണ്.
സൗദി ഇസ്രയേലിലേക്ക് തിരിയുന്നതിന് പിന്നിൽ മറ്റൊരു നിർണായക കാരണവും ചർച്ചയാകുന്നുണ്ട്. ഓഗസ്റ്റിൽ സൗദി, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ ഉടമ്പടിയുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വമാണ് അത്.
കരാർ പ്രകാരം മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരായ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി പ്രതികരിക്കണമെന്നാണ് വ്യവസ്ഥ.
ഹൂതികളുടെ ആക്രമണം തുടരുകയാണെങ്കിൽ കരാറിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഹൂതികളെ നേരിടാൻ പാകിസ്താൻ സൈന്യം രംഗത്തെത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായി.
എന്നാൽ നിലവിൽ ഹൂതികൾക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നത് പരിഗണനയിലില്ലെന്ന് പാകിസ്താൻ പിന്നീട് നിലപാട് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സൗദി ഇസ്രയേലിൽ നിന്ന് രഹസ്യാന്വേഷണവും പ്രതിരോധവുമായി ബന്ധപ്പെട്ട സഹായവും തേടിയെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഹൂതി ഭീഷണിയെ ചൊല്ലിയുള്ള ഈ നീക്കം സൗദി–പാകിസ്താൻ–തുർക്കി പ്രതിരോധ സഹകരണത്തിലും സൗദി–ഇസ്രയേൽ ബന്ധത്തിലും എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.










