
റിയാദ്: വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകാൻ ലക്ഷ്യമിട്ട് സൗദി അറേബ്യ പുതിയ 'ടൂറിസ്റ്റ് പാക്കേജ് വിസ' (Tourist Package Visa) പദ്ധതിയുടെ പൈലറ്റ് ഘട്ടം പ്രഖ്യാപിച്ചു. അംഗീകൃത യാത്രാ സേവന ദാതാക്കൾ വഴി ബുക്ക് ചെയ്യുന്ന സമഗ്രമായ ട്രാവൽ പാക്കേജിന്റെ ഭാഗമായി വിനോദസഞ്ചാരികൾക്ക് ഇനി മുതൽ എളുപ്പത്തിൽ ഇലക്ട്രോണിക് വിസ സ്വന്തമാക്കാം.
സൗദി ടൂറിസം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം ആദ്യ ഘട്ടത്തിൽ ഇന്ത്യ, പാകിസ്താൻ, ഇൻഡോനേഷ്യ, ഈജിപ്ത്, മെക്സിക്കോ, ബംഗ്ലാദേശ്, ജോർദാൻ എന്നീ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ സവിശേഷ സൗകര്യം ലഭ്യമാകുക.വിസ ഇഷ്യൂവൻസ് ഫീസും ഇൻഷുറൻസ് പോളിസി തുകയും ഉൾപ്പെടെ ആകെ 402.21 സൗദി റിയാൽ ആണ് ചെലവ് വരിക. പാക്കേജ് വാങ്ങി വിവരങ്ങൾ ഒത്തുനോക്കിയ ശേഷം പരമാവധി 48 മണിക്കൂറിനുള്ളിൽ വിസ ഇലക്ട്രോണിക് ആയി ലഭ്യമാകും.വിമാന ടിക്കറ്റ്, മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കുറഞ്ഞത് ഫോർ സ്റ്റാർ (4-Star) ഹോട്ടലിലെ താമസം എന്നിവ പാക്കേജിൽ നിർബന്ധമാണ്. ആദ്യത്തെ രണ്ട് ദിവസത്തെ പാക്കേജ് മൂല്യം ഒരാൾക്ക് കുറഞ്ഞത് 4,000 സൗദി റിയാൽ ആയിരിക്കണം. തുടർന്നുള്ള ഓരോ ദിവസത്തിനും 1,000 റിയാൽ വീതം അധികമായി കണക്കാക്കും.വിസയ്ക്ക് യാത്രാ തീയതി മുതൽ മൂന്ന് മാസത്തെ കാലാവധിയുണ്ടാകും (സിംഗിൾ എൻട്രി). പാക്കേജിന്റെ ചുരുങ്ങിയ കാലാവധി 2 ദിവസവും പരമാവധി കാലാവധി 88 ദിവസവുമാണ്. വിമാന ടിക്കറ്റിലെ തീയതികൾക്ക് അനുസൃതമായിരിക്കണം ഹോട്ടൽ താമസം. പാക്കേജ് റദ്ദാക്കിയാൽ വിസയും സ്വയമേവ റദ്ദാകും.











