
മദ്യനിരോധനം അവസാനിപ്പിക്കാനുള്ള നീക്കത്തിന് സൗദി അറേബ്യ വേഗം കൂട്ടുന്നു. ജിദ്ദയിലും ദമാമിലും പുതിയ മദ്യശാലകൾ ആരംഭിക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം റിയാദിൽ ആദ്യ മദ്യവിൽപ്പനശാല തുറന്നതിന് പിന്നാലെയാണ് സൗദിയിലെ കൂടുതൽ സ്ഥലങ്ങളിൽ മദ്യശാലകൾ തുറക്കാനുള്ള നീക്കം ശക്തമായത്.
വിഷൻ 2030യുടെ ഭാഗമായി സമ്പദ്‌വ്യവസ്ഥയെ എണ്ണയിൽ നിന്നു വൈവിധ്യമാക്കുകയാണ് ലക്ഷ്യം. ടൂറിസം, വിനോദം, സ്പോർട്സ്, എഐ തുടങ്ങി മേഖലകളിൽ നിക്ഷേപം വർധിച്ചതോടെ എണ്ണയിതര വരുമാനം 50ശതമാനം കവിഞ്ഞതായി സൗദി സർക്കാരിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ, മദ്യം എല്ലാവർക്കും ലഭ്യമാകില്ല. അമുസ്ലിം വിദേശികൾക്ക് മാത്രമേ വാങ്ങാൻ സാധിക്കൂ. കൂടാതെ 20ശതമാനത്തിൽ താഴെ ആൽക്കഹോൾ ഉള്ള പാനീയങ്ങൾക്ക് മാത്രമാകും അനുമതി. 2034ലെ ഫുട്ബോൾ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നതെന്നാണ് സൂചന.










