
സൗദി അറേബ്യ ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ശൈഖ് അന്തരിച്ചു. 82 വയസ്സായിരുന്നു. സൗദിയുടെ മൂന്നാമത്തെ ഗ്രാൻഡ് മുഫ്തിയായിരുന്നു ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ശൈഖ്. ഇന്ന് അസർ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കും. മക്കയിലെ ഗ്രാൻഡ് മോസ്കിലും മദീനയിലെ പ്രവാചക പള്ളിയിലും രാജ്യത്തുടനീളമുള്ള പള്ളികളിലും ശൈഖ് അൽ ശൈഖിന് വേണ്ടി പ്രാർഥന നിർവഹിക്കാൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവിട്ടു.
ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽ ശൈഖിനും ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസിനും ശേഷമാണ് ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ശൈഖ് സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയാകുന്നത്. മന്ത്രി പദവിയോടെ സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി, ഉന്നത പണ്ഡിതസഭയുടെ ചെയർമാൻ, ഇസ്ലാമിക ഗവേഷണത്തിനും ഫത്വയ്ക്കുമായുള്ള ജനറൽ പ്രസിഡൻസിയുടെ ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
1943 നവംബർ 30-ന് മക്കയിലാണ് ജനിച്ചത്. 1999-ലാണ് ഗ്രാൻഡ് മുഫ്തി സ്ഥാനത്തേക്ക് നിയമിതനായത്. ശരീഅത്ത് നിയമം വ്യാഖ്യാനിക്കുകയും നിയമപരവും സാമൂഹികവുമായ കാര്യങ്ങളിൽ ഫത്വകൾ പുറപ്പെടുവിക്കുകയും ചെയ്ത അദ്ദേഹം രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള മതപണ്ഡിതനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.











