
മക്ക: മക്കയിലെ പള്ളിക്കുള്ളിൽ അസാന്മാർഗിക പ്രവർത്തനത്തിലേർപ്പെട്ടെന്ന കുറ്റത്തിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കി. നസറുൽ ഇസ്ലാം അബ്ദുൽ ബാസിർ, സീതി അക്തർ എന്നിവരുടെ ശിക്ഷ ബുധനാഴ്ച നടപ്പാക്കിയതായാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണമനുസരിച്ച്, സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത ഇരുവർക്കുമെതിരെ അന്വേഷണം നടത്തുകയും കേസ് കോടതിയിലെത്തിക്കുകയും ചെയ്തു. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇസ്ലാമിക നിയമത്തിലെ തഅ്സീർ വ്യവസ്ഥ പ്രകാരം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കീഴ്ക്കോടതിയുടെ ഉത്തരവ് പരമോന്നത കോടതിയും ശരിവച്ചതായും ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ശിക്ഷ നടപ്പാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, ഇരുവർക്കുമെതിരെ ചുമത്തിയ കുറ്റത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവം നടന്നത് മക്കയിലെ ഏത് പള്ളിയിലാണെന്നോ പ്രതികളെ എപ്പോൾ അറസ്റ്റ് ചെയ്തെന്നോ സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല. മക്കയിൽവച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും ശരീഅത്ത് നിയമപ്രകാരമുള്ള നീതിന്യായ സംവിധാനം നടപ്പാക്കുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആരാധനാലയങ്ങളുടെ പവിത്രത ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, രണ്ട് പൗരന്മാരുടെയും വധശിക്ഷയെക്കുറിച്ച് സൗദി അധികൃതർ മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നില്ലെന്നാണ് ബംഗ്ലാദേശ് മാധ്യമമായ ദ ഡെയ്ലി സ്റ്റാർ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം തേടി ജിദ്ദയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് ജനറൽ സൗദി അധികൃതരെ സമീപിച്ചിട്ടുണ്ട്.











