12:48pm 28 October 2026
NEWS

ഇറാനെതിരായ യുദ്ധത്തിൽ പങ്കാളികളാകാൻ സൗദിയും യുഎഇയും തയ്യാറെടുക്കുന്നു

24/03/2026  02:50 PM IST
nila
 ഇറാനെതിരായ യുദ്ധത്തിൽ പങ്കാളികളാകാൻ സൗദിയും യുഎഇയും തയ്യാറെടുക്കുന്നു

പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന് റിപ്പോർട്ട്. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കക്കും ഇസ്രയേലിനുമൊപ്പം ​ഗൾഫ് രാജ്യങ്ങളും നേരിട്ട് പങ്കാളികളാകാനൊരുങ്ങുന്നു എന്നാണ റിപ്പോർട്ട്. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന സമ്മർദ്ദവും ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സ്വാധീനം വർധിക്കുന്നതുമാണ് ഇത്തരം ഒരു നിലപാടിലേക്ക് ​ഗൾഫ് രാജ്യങ്ങളെ എത്തിച്ചിരിക്കുന്നത്. 'വാൾ സ്ട്രീറ്റ് ജേണൽ' ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 

സൗദി അറേബ്യയും യുഎഇയും സംഘർഷത്തിൽ കൂടുതൽ സജീവമായി ഇടപെടാൻ തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കങ്ങൾ യുദ്ധം വ്യാപിക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇറാനെതിരെ സൈനിക നടപടി ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യയിലെ കിംഗ് ഫഹദ് എയർ ബേസ് ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ. ഇതുവരെ ഇത്തരം ഉപയോഗത്തിന് അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന സൗദിയുടെ ഭാഗത്ത് നിന്നുള്ള നിർണായക മാറ്റമാണിത്.

അതേസമയം, ടെഹ്‌റാനുമായി ബന്ധമുള്ള സാമ്പത്തിക ശൃംഖലകൾക്ക് തിരിച്ചടി നൽകുന്നതിന്റെ ഭാഗമായി യുഎഇ ഒരു ഇറാനിയൻ ഉടമസ്ഥതയിലുള്ള ആശുപത്രിയും ക്ലബ്ബും അടച്ചുപൂട്ടിയതായി വിവരമുണ്ട്. അതിനിടെ, ബഹ്‌റൈനിൽ നിന്ന് ഇറാനെ ലക്ഷ്യമിട്ട് മിസൈൽ തൊടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇറാനെതിരായ ആക്രമണത്തിൽ ​ഗൾഫ് രാജ്യങ്ങളുടെ നേരിട്ടുള്ള സൈനിക പങ്കാളിത്തത്തെക്കുറിച്ച് യുഎസ് സൈന്യം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img