01:46pm 28 April 2026
NEWS
അഹിന്ദയുടെ പ്രവർത്തനം മികവുറ്റതാക്കാൻ സമഗ്ര പദ്ധതികളുമായി സതീഷ് ജാർക്കിഹോളി
28/04/2026  10:49 AM IST
വിഷ്ണുമംഗലം കുമാർ
അഹിന്ദയുടെ പ്രവർത്തനം മികവുറ്റതാക്കാൻ സമഗ്ര പദ്ധതികളുമായി സതീഷ് ജാർക്കിഹോളി

കർണാടകത്തിൽ കോൺഗ്രസ്സിന്റെ ശക്തമായ അടിത്തറയാണ് അഹിന്ദ യുടെ പിൻബലം. പിന്നോക്ക വിഭാഗ-ദളിത്- ന്യൂനപക്ഷ കൂട്ടായ്മയാണ് അഹിന്ദ. ഈ മൂന്ന് വിഭാഗത്തിലെയും പ്രമുഖ നേതാക്കളാണ് അഹിന്ദയെ നയിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അഹിന്ദയുടെ പ്രഥമഗണനീയനായ നേതാവ്. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണ് രണ്ടാമൻ. മുപ്പതിലേറെ എംഎൽഎമാരുടെയും എംഎൽസിമാരുടെയും പിന്തുണ അവകാശപ്പെടുന്ന ജാർക്കിഹോളി ബെളഗാവി രാഷ്ട്രീയത്തിലെ അതികായനാണ്. അഹിന്ദ പിൻബലവും അതിനോടുള്ള രാഹുൽഗാന്ധിയുടെ താല്പര്യവുമാണ് പിന്നോക്കവിഭാഗമായ കുറുബ സമുദായക്കാരനായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാകാൻ സഹായിച്ചതും പ്രതികൂല സാഹചര്യം പലതുണ്ടായിട്ടും ആ പദവിയിൽ ഉറപ്പിച്ചുനിർത്തുന്നതും. ഉപമുഖ്യമന്ത്രി പദവിയും പിസിസി അധ്യക്ഷസ്ഥാനവും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാറിന് മികച്ച സംഘടനാപാടവം, ഹൈക്കമാണ്ടിന്റെ ഉറച്ച പിന്തുണ എന്നിവയുണ്ടായിട്ടും മുഖ്യമന്ത്രിയാകാൻ കഴിയാത്തത് അഹിന്ദയുടെ സാന്നിധ്യവും എതിർപ്പും കൊണ്ടുമാത്രമാണ്. വൊക്കലിഗനായ ശിവകുമാർ അഹിന്ദയ്‌ക്ക് പുറത്താണ്. പ്രബല സമുദായങ്ങളായ ലിങ്കായത്തുകാരും വൊക്കലിഗരുമാണ് കർണാടക രാഷ്ട്രീയത്തിൽ, പ്രത്യേകിച്ചും കോൺഗ്രസ്സിൽ അധികാരത്തിന്റെ നേതൃസ്ഥാനങ്ങൾ കയ്യാളിയിരുന്നത്. ഇപ്പോൾ ഭരണാധികാരം അഹിന്ദയുടെ നിയന്ത്രണത്തിലാണ്. അഹിന്ദയെ ദുർബലമാക്കാൻ ശിവകുമാറിന് കഴിയുന്നില്ല. ഏതാണ്ട് കാൽനൂറ്റാണ്ടായി കോൺഗ്രസ്സിൽ അഹിന്ദ നിലവിൽ വന്നിട്ട്. ഹുബ്ബള്ളിയിൽ കഴിഞ്ഞ ദിവസം അഹിന്ദയുടെ ഒരു സുപ്രധാന സമ്മേളനം നടന്നിരുന്നു. സതീഷ് ജാർക്കിഹോളിയാണ് ആ സമ്മേളനം സംഘടിപ്പിച്ചത്. മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന് ഏതാണ്ട് തീർച്ചയായ സാഹചര്യത്തിൽ അഹിന്ദ സമ്മേളനത്തിന്റെ പ്രസക്തിയേറെയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അപ്പുറത്തേക്ക് അഹിന്ദയുടെ പ്രവർത്തനം കൊണ്ടുപോകേണ്ടതുണ്ടെന്ന് ജാർക്കിഹോളി ഉദ്ബോധിപ്പിച്ചു. നിരന്തരമായി പ്രവർത്തനങ്ങളും പ്രക്ഷോഭവും നടത്തുന്നുണ്ടെങ്കിലും അഹിന്ദ ലക്ഷ്യപ്രാപ്തി കൈവരിച്ചിട്ടില്ല. ഗവണ്മെന്റും സമൂഹത്തിലെ ദുർബല വിഭാഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. അഹിന്ദയുടെ ഭാഗമായ സമുദായങ്ങളിലേക്ക് ഗവണ്മെന്റിന്റെ ക്ഷേമപദ്ധതികൾ എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. രാഷ്ട്രീയനേട്ടമല്ല, ഗവണ്മെന്റും അഹിന്ദ അംഗങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഉണ്ടാകേണ്ടത്- ജാർക്കിഹോളി ചൂണ്ടിക്കാട്ടി. അന്തിമ വിശകലനത്തിൽ ഡി കെ ശിവകുമാറിന്റെ എതിർചേരിയിലാണ് ജാർക്കിഹോളിയുടെ സ്ഥാനം. കോൺഗ്രസ്സിനകത്ത് ശിവകുമാർ നടത്തുന്ന രഹസ്യ നീക്കങ്ങൾ പരാജയപ്പെടുത്തുന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ജാർക്കിഹോളിയാണ്. പിസിസി അധ്യക്ഷനാവുക, അതിലൂടെ മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വഴി ഭദ്രമാക്കുക എന്നീ പദ്ധതികൾ ജാർക്കിഹോളിയുടെ മനസ്സിലുണ്ട്. അതിനൊക്കെ സിദ്ധരാമയ്യയുടെ പിന്തുണയുമുണ്ട്. അടുത്ത മാസം മന്ത്രിസഭാവികസനം ഉണ്ടാകുമ്പോൾ അഹിന്ദയുടെ പ്രാതിനിധ്യം കുറയാതിരിക്കാനാണ് ജാർക്കിഹോളി കരുനീക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img