06:13pm 13 June 2026
NEWS
സതീശൻ-രമേശൻ അച്ചുതണ്ട്, സമാന്തരമായി വേണുഗോപാൽ പക്ഷം
13/06/2026  12:39 PM IST
പി. ജയചന്ദ്രൻ
സതീശൻ-രമേശൻ അച്ചുതണ്ട്, സമാന്തരമായി വേണുഗോപാൽ പക്ഷം

സ്വപ്നതുല്യമായ വിജയത്തിലൂടെ പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് അധികാരത്തിൽ വന്ന യു.ഡി.എഫ് നേതൃത്വം നൽകുന്ന കോൺഗ്രസ്,  മധുവിധുവിന്റെ മണം മാറും മുൻപേ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? പാർട്ടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിജയത്തിളക്കത്തിൽ നിൽക്കുന്ന കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകുന്നത്. എ.ഐ.സി.സിയുടെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിസ്ഥാനം ഉപയോഗിച്ച് സീറ്റ് വീതം വയ്പിലും മന്ത്രിസ്ഥാനങ്ങൾ തരപ്പെടുത്തുന്നതിലുമൊക്കെ മേൽക്കൈ നേടിയ കെ.സി. വേണുഗോപാൽ, സംഘടനാതല അഴിച്ചുപണിയിലും അതേ മേൽക്കൈക്കായി കരുനീക്കങ്ങൾ നടത്തുന്നതാണ് കാര്യങ്ങളെ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്. സതീശനും രമേശിനും ഒപ്പം നിൽക്കുന്നവരെ സ്ഥാനമാനങ്ങളിൽ നിന്ന് പരമാവധി ഒഴിവാക്കി തന്നോടൊപ്പം നിൽക്കുന്നവരെ കുത്തിനിറയ്ക്കുവാനുള്ള കെ.സി. വേണുഗോപാലിന്റെ ശ്രമങ്ങൾക്ക് തടയിടുവാൻ അണിയറയിൽ സതീശൻ- ചെന്നിത്തല അച്ചുതണ്ട് രൂപം കൊള്ളുന്നതും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നൽകുന്ന സൂചനകൾ ഒട്ടും ശുഭസൂചകമല്ല. തൊണ്ണൂറുകളിലെ ആന്റണി- കരുണാകര ഗ്രൂപ്പുപോരിന്റെ അതേ അവസ്ഥയിലേക്കായിരിക്കും കാര്യങ്ങൾ പോകുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനൊരു സംശയം പാർട്ടിയിൽ പരക്കെ രൂപം കൊള്ളുമ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കെ.സി. വേണുഗോപാൽ നടത്തിയ ഒരു മുഴം മുന്നേയുള്ള ഏറിന്റെ പിന്നാമ്പുറം ഇഴകീറി പരിശോധിക്കുകയാണ് വി.ഡി- ആർ.സി വിഭാഗങ്ങൾ.

സ്ഥാനാർത്ഥിത്വത്തിന് യോഗ്യതയും അർഹതയുമുള്ള നല്ലൊരു വിഭാഗത്തിനെ താക്കീതും വാഗ്ദാനവും നൽകി അതിവിദഗ്ദ്ധമായി ഒഴിവാക്കുവാൻ കെ.സിക്ക് കഴിഞ്ഞു. അർഹതയുടെ പേരിൽ സീറ്റിനായി തള്ളുന്നവർ സീറ്റ് നേടി വിജയിച്ചില്ലെങ്കിൽ പിന്നീടുണ്ടാകുന്ന പുനഃസംഘടനയിൽ അവർക്ക് സ്ഥാനം ഉണ്ടാവില്ല എന്നതായിരുന്നുവത്രെ എ.ഐ.സി.സി സെക്രട്ടറിയായ കെ.സിയുടെ താക്കീത്. വാഗ്ദാനമാകട്ടെ, അങ്ങനെ മാറിനിൽക്കുന്നവരെ പാർട്ടി കൈവിട്ടില്ലെന്നുള്ളതും. അങ്ങനൊരു താക്കീതും, വാഗ്ദാനവും നൽകുന്നത് സ്ഥാനാർത്ഥി നിർണയവേളയിൽ തന്റെ സിൽബന്ധികളെ അലോസരം കൂടാതെ സ്ഥാനാർത്ഥികളാക്കുവാനാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. അതുതന്നെയാണ് സംഭവിച്ചതും. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ ഭൂരിപക്ഷം പേരും കെ.സി. അനുകൂലികളായിരുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള എം.എൽ.എമാരുടെ തലയെണ്ണൽ നടന്നപ്പോൾ അത് വ്യക്തമാവുകയും ചെയ്തു.

അതിനിടെ എം.പിമാർ പലരും നിയമസഭയിലേക്ക് മത്സരിക്കുവാൻ രംഗത്തുവന്നതും, അങ്ങനെ വന്നവരിൽ പലരും പിന്നീട് പിൻമാറിയെങ്കിലും കെ. സുധാകരനും, അടൂർ പ്രകാശും ഹൈക്കമാൻഡിനുപോലും തലവേദന സൃഷ്ടിച്ചുകൊണ്ട് പിടിവാശിയിൽ ഉറച്ചുനിന്നതും കേരളം കണ്ടു. ഈ രണ്ട് മുതിർന്ന നേതാക്കളേയും അതിന് പ്രേരിപ്പിച്ചത് കെ.സി വിഭാഗമായിരുന്നു എന്നാണ് ഇന്നിപ്പോൾ പാർട്ടിയിലെ സംസാരം. എന്നുമാത്രമല്ല, യു.ഡി.എഫ് കൺവീനറായിരുന്ന, മുസ്ലീം സമുദായക്കാരൻ കൂടിയായ എം.എം. ഹസ്സനെ ആ സ്ഥാനത്തുനിന്നും ഒരു കാരണവുമില്ലാതെ മാറ്റി പകരം അടൂർ പ്രകാശിനെ വച്ചതും ഈ വിഭാഗത്തിന്റെ നിഗൂഢതാൽപ്പര്യമായിരുന്നു എന്ന് സതീശൻ- ചെന്നിത്തല വിഭാഗങ്ങൾ ഇന്നിപ്പോൾ തിരിച്ചറിയുന്നു. നിർണ്ണായക സമയത്ത് അസുഖബാധിതനായി താൽക്കാലികമായിട്ടെങ്കിലും അടൂർ പ്രകാശിന് മാറിനിൽക്കേണ്ടി വന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തലയെണ്ണൽ സമയത്ത് കെ.സിക്കുവേണ്ടി ശക്തമായിത്തന്നെ കെ. സുധാകരൻ നിലകൊണ്ടു. പക്ഷേ പുറത്ത് അലയടിച്ച ജനവികാരം കണ്ടില്ലെന്ന് നടിക്കുവാൻ ഹൈക്കമാൻഡിന് കഴിഞ്ഞില്ല. അങ്ങനെയാണ് വി.ഡി. സതീശൻ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായത്. അതോടെ, പുറമെയ്ക്ക് എന്തൊക്കെ കാണിച്ചാലും മുറിവേറ്റ സിംഹത്തെപ്പോലെ കാടുകയറിയ കെ.സി സംഘടനാതല അഴിച്ചുപണിയിലൂടെ കണക്കുകൾ തീർക്കുവാനുള്ള തയ്യാറെടുപ്പിലാണെത്രെ. 

കെ.പി.സി.സി പ്രസിഡന്റ് മുതൽ ഡി.സി.സി പ്രസിഡന്റുമാർ വരെ നിരവധി തസ്തികകളിലേക്കാണ് അഴിച്ചുപണി നടത്തുവാനുള്ളത്. ഇതിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പറഞ്ഞുകേൾക്കുന്ന രണ്ട് പേരുകൾ ബെന്നി ബെഹ്നാന്റെയും കൊടിക്കുന്നിൽ സുരേഷിന്റേതുമാണല്ലോ. രണ്ടുപേരും കെ.സി പക്ഷക്കാരാകുമ്പോൾ പാർട്ടിയിലെ പരമപ്രധാന സ്ഥാനം കെ.സിയുടെ വരുതിയിലായിക്കഴിഞ്ഞു എന്നുതന്നെ കരുതാം. ജോസഫ് വാഴയ്ക്കന്റെ പേര് രമേശ് വിഭാഗം ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും വാഴയ്ക്കന് ലഭിക്കാനുള്ള സാധ്യത ഒട്ടും തന്നെ ഇല്ല എന്നുവേണം കരുതുവാൻ. കാരണം മുഖ്യമന്ത്രി സ്ഥാനതാൽപ്പര്യത്തിൽ നിന്നു പിൻമാറുമ്പോൾ, കെ.സി. പറയുന്ന ആളെ സംസ്ഥാന കോൺഗ്രസിന്റെ അദ്ധ്യക്ഷനാക്കാം എന്നുള്ള ഉറപ്പ് രാഹുൽഗാന്ധിയും ഖാർഗെയും നൽകിയിരുന്നു എന്നാണറിയുന്നത്.

പിന്നെയുള്ളത് പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫിപറമ്പിൽ എന്നീ മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരാണ്. മൂന്നുപേരും കെ.സി പക്ഷക്കാരാണ്. ഇവരിൽ വിഷ്ണുനാഥും അനിൽകുമാറും മന്ത്രിമാരായതിനാൽ സ്ഥാനം ഒഴിയണമെന്നുവന്നാൽ ആ രണ്ട് സ്ഥാനങ്ങളിലേക്ക് സ്വാഭാവികമായും കെ.സി കടുംപിടുത്തം പിടിക്കാനാണ് സാദ്ധ്യത. അവിടം മുതൽ താഴോട്ട് ഡി.സി.സി തലം വരെ, ഹൈക്കമാൻഡിൽ അമിത സ്വാധീനമുള്ള കെ.സി പിടിമുറുക്കുവാനുള്ള സാധ്യത മുൻകൂട്ടി കണ്ടിട്ടാണ് സതീശൻ- ചെന്നിത്തല അച്ചുതണ്ട് രൂപം കൊള്ളുന്നത്. ഒരാൾക്ക് ഒരു പദവി എന്നുള്ള തത്വം കോൺഗ്രസ് മുൻപേ അംഗീകരിച്ചിട്ടുള്ളതാണെങ്കിലും പല കാരണങ്ങളാലും അത് നടക്കാതെ പോവുകയായിരുന്നു. എന്നാൽ ഇക്കുറി അത് പ്രാവർത്തികമാക്കണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. കെ. മുരളീധരനെപ്പോലുള്ള മുതിർന്ന നേതാക്കൾ ചിലരെങ്കിലും അത് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത് പൂർണ്ണമായും പ്രാവർത്തികമാക്കുവാനുള്ള സാധ്യത കുറവാണെങ്കിലും കുറഞ്ഞപക്ഷം മന്ത്രിമാരെയെങ്കിലും മാറ്റിക്കൂടെന്നില്ല. ഒരുപക്ഷേ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർക്കും പാർട്ടി ഭാരവാഹിത്വം ഒഴിയേണ്ടിവരാം.

മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരെക്കൂടാതെ പതിമൂന്ന് വൈസ് പ്രസിഡന്റുമാരും അൻപത്തിയെട്ട് ജനറൽ സെക്രട്ടറിമാരും കൂടി ഉൾപ്പെടുന്നതാണ് കെ.പി.സി.സിയുടെ ഭാരവാഹികൾ. ഇവരിൽ പലരും നിലവിൽ എം.എൽ.എമാരായ സ്ഥിതിക്ക് അവരോട് ആ സ്ഥാനങ്ങൾ ഒഴിയാൻ പറയുമെന്നാണ് കേൾക്കുന്നത്.

അതുതന്നെയാണ് ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യവും. ഡി.സി.സി പ്രസിഡന്റുമാരാരും മത്സരിക്കരുത് എന്നായിരുന്നു ഹൈക്കമാൻഡിന്റെ തീരുമാനമെങ്കിലും ഏഴ് പ്രസിഡന്റുമാർ മത്സരിക്കുകയും പലരും വിജയിക്കുകയും ചെയ്തു. അപ്പോൾ സ്വാഭാവികമായും അവിടങ്ങളിലേക്ക് പുതിയ പ്രസിഡന്റുമാരെ നിയമിക്കേണ്ടി വരുമ്പോൾ അതും ബലപരീക്ഷണ വേദിയായി മാറും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട.
ചുരുക്കത്തിൽ തൊണ്ണൂറുകളിൽ കോൺഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആന്റണി- കരുണാകര ഗ്രൂപ്പ് യുദ്ധത്തിന്റെ തനിയാവർത്തനമായിരിക്കും കോൺഗ്രസിൽ ഇനി അരങ്ങേറാൻ പോകുന്നത് എന്നുള്ള സംശയം ബലപ്പെടുകയാണ്.

മറ്റൊന്ന് മന്ത്രിമാരുടെ വകുപ്പുകൾക്കുകീഴിൽ വരുന്ന ബോർഡ്- കോർപ്പറേഷനുകളിലേക്കുള്ള പാർട്ടി നോമിനികളെ നിശ്ചയിക്കുന്ന കാര്യമാണ്. നിലവിലെ സ്ഥിതി വച്ചുനോക്കിയാൽ മുഖ്യമന്ത്രി ഉൾപ്പെടെ പന്ത്രണ്ട് കോൺഗ്രസ് മന്ത്രിമാരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരൊഴികെയുള്ള ഒൻപത് പേരും കെ.സി. വേണുഗോപാൽ പക്ഷക്കാരാണ്. അതുകൊണ്ടുതന്നെ ആ ഒൻപതുമന്ത്രിമാരുടേയും വകുപ്പുകൾക്ക് കീഴിലുള്ള ബോർഡ്- കോർപ്പറേഷനുകളിലും കെ.സി പക്ഷക്കാർക്കായിരിക്കും കൂടുതലും അവസരം ലഭിക്കുക.

അങ്ങനെ സംഘടനയിലും ഭരണത്തിലുമൊക്കെ കെ.സി. വേണുഗോപാൽ മേധാവിത്വത്തിന് ശ്രമിക്കുമ്പോൾ കാര്യങ്ങൾ എങ്ങനെ മുന്നോട്ടുപോകും എന്നുള്ള കാര്യം കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img