
കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയില്ലെങ്കിൽ പ്രതിപക്ഷ
നേതൃസ്ഥാനത്ത് താൻ തുടരുന്നില്ല എന്നുള്ള വി.ഡി. സതീശന്റെ ഭീഷണിക്ക്
മുന്നിൽ കോൺഗ്രസ് നേതൃത്വം മുട്ടുമടക്കുകയായിരുന്നോ ?
അലക്കൊഴിഞ്ഞിട്ട് ആർക്കാണ്ടോ കാശിക്ക് പോകാൻ നേരമില്ല എന്നുപറയും പോലെയായിരുന്നു പണ്ടൊക്കെ സംസ്ഥാന കോൺഗ്രസിലെ പുനഃസംഘടന. എപ്പോൾ നടന്നാലും ഒരു പൊട്ടിത്തെറി ഉറപ്പാണെന്നറിയാമെങ്കിൽപ്പോലും ആ പൊട്ടിത്തെറി ഭയന്ന്, ഓരോരോ ന്യായങ്ങൾ നിരത്തി അതങ്ങനെ നീണ്ടുനീണ്ടുപോകുമായിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ്.. അങ്ങനെ എന്തെങ്കിലും ഒരു കാരണമുണ്ടാകുമായിരുന്നു പുനഃസംഘടന നീട്ടിക്കൊണ്ടുപോകാൻ. ഒന്നുമില്ലെങ്കിൽ ഒരു പ്രകൃതിദുരന്തമോ, വിദേശത്ത് എവിടെങ്കിലും സ്ഥിരീകരിച്ച ഒരു ഗുരുതര പകർച്ചവ്യാധിയോ ഒക്കെ ന്യായങ്ങളായി നിരത്തി പുനഃസംഘടന നീട്ടിക്കൊണ്ടുപോകുമായിരുന്നു. അതായിരുന്നു എന്നും കോൺഗ്രസിന്റെ ഒരു തനതുശൈലി.
എന്നാൽ ആ തനതുശൈലിക്ക് ഈയിടെ ഒരു മാറ്റം വന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വീട്ടുമുറ്റത്തും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തൊടിയിലും, നിയമസഭാ തെരഞ്ഞെടുപ്പ് നാൽക്കവലയിലും വരെ എത്തിനിൽക്കുമ്പോഴും, ഉണ്ടിരുന്ന നായർക്ക് ഒരുവിളിയുണ്ടായി എന്നുപറയുംപോലെ മല്ലികാർജ്ജുന ഖാർഗെയ്ക്കും, രാഹുൽഗാന്ധിക്കും ഓർക്കാപ്പുറത്ത് ഒരുൾവിളിയുണ്ടായി. കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തുനിന്നും കുമ്പക്കുടി സുധാകരനെ പടിയിറക്കിവിടാനും പകരം ഒരു കത്തോലിക്കനെ ആ സ്ഥാനത്ത് അവരോധിക്കുവാനുമുള്ള ഉൾവിളി. അതോടെ മറ്റെല്ലാം മറന്ന ഖാർഗെയും രാഹുലും സുധാകരനെ ദൽഹിക്ക് വിളിപ്പിച്ച് പുനഃസംഘടനാകാര്യങ്ങൾ ചർച്ച ചെയ്യുകയും, കണ്ണൂരിൽ സി.പി.എമ്മുമായി പടവെട്ടി എങ്ങനെയാണ് താൻ പാർട്ടി കെട്ടിപ്പടുത്തതെന്നുള്ള സുധാകരന്റെ വീരചരിതം സാകൂതം കേട്ട് പുളകം കൊള്ളുകയും ചെയ്തു. അനന്തരം ഇരുവരും കൂടി സുധാകരന്റെ കാറിനടുത്തുവരെ ചെന്ന് അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തു.
അപ്പോഴൊന്നും നേതൃമാറ്റ സംഭവവുമായി ബന്ധപ്പെട്ട ഒറ്റയക്ഷരം പോലും അവരിരുവരും സുധാകരനോട് പറഞ്ഞതുമില്ല. എന്നാൽ സുധാകരൻ ദൽഹിയിൽ നിന്ന് ഫ്ളൈറ്റ് കയറും മുൻപുതന്നെ കേരളത്തിലെ കോൺഗ്രസിൽ പുനഃസംഘടന നടക്കാൻ പോകുന്നു എന്നും, സുധാകരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമെന്നും, പകരം ആന്റോ ആന്റണി എം.പിയേയോ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയേയോ പ്രസിഡന്റാക്കുമെന്നുമുള്ള വാർത്തയും പ്രചരിച്ചു. വാർത്ത പ്രചരിച്ചു എന്നുമാത്രമല്ല, അതനുസരിച്ചുള്ള ചർച്ചകൾ ദൽഹിയിൽ ആരംഭിക്കുകയും ചെയ്തു.
നേതൃമാറ്റ സംബന്ധമായ വാർത്തകൾ പുറത്തുവന്ന ആദ്യദിവസങ്ങളിൽ അതിനോട് സൗമ്യമായ പ്രതികരണമായിരുന്നു സുധാകന്റെ ഭാഗത്തുനിന്നും ഉണ്ടായത്. തന്നെ പ്രസിഡന്റാക്കിയത് കേന്ദ്രനേതൃത്വമാണെന്നും, അവർ പറഞ്ഞാൽ ആ സെക്കന്റിൽ ഒഴിയുമെന്നുമൊക്കെപ്പറഞ്ഞ സുധാകരന് പക്ഷേ, ഓർക്കാപ്പുറത്ത് നേതൃമാറ്റവാദം ശക്തിപ്പെടാനുള്ള കാരണം പിടികിട്ടിയിരുന്നില്ല. അതുകൊണ്ടാണ് ആദ്യപ്രതികരണങ്ങൾ സൗമ്യമായത്. എന്നാൽ പിന്നീടാണ് കാര്യങ്ങൾ അതിന്റെ വഴിയാംവിധം സുധാകരൻ തിരിച്ചറിഞ്ഞത്. പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് തന്നെ ഒതുക്കാൻ ശ്രമിക്കുന്നതെന്നും, അതിനായി ഒരു ലോബി തന്നെ പ്രവർത്തിക്കുന്നു എന്നും തിരിച്ചറിഞ്ഞ സുധാകരൻ അതോടെ പഴയ സൗമ്യഭാവം വെടിയുന്നതും, സ്ഥാനം നിലനിർത്താനുള്ള ചതുരുപായങ്ങൾ പയറ്റുന്നതും.
ഏതാണ് ആ ലോബി ?
അനാരോഗ്യവും അതുമൂലമുള്ള പ്രവർത്തന പോരായ്മയും ചൂണ്ടിക്കാട്ടി തന്നെ മൂലയ്ക്കിരുത്താൻ നോക്കുന്നവരുടെ മുഖത്തുനോക്കി സുധാകരൻ ആദ്യം പറഞ്ഞത്, താനിപ്പോഴും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നു എന്നായിരുന്നു. അതിനുപിന്നാലെ എ.കെ. ആന്റണി, വി.എം. സുധീരൻ എന്നീ മുതിർന്ന നേതാക്കളെ നേരിട്ടുകണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഏതെങ്കിലും ഒരു ലോബിയുടെ ചരടുവലിയെത്തുടർന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചാൽ, തനിക്ക് മുന്നിൽ രാഷ്ട്രീയ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടിട്ടില്ല എന്നും, ബി.ജെ.പിയുടെ കാര്യം പറയാതെ പറഞ്ഞ് സുധാകരൻ നിലപാട് വ്യക്തമാക്കി. ആ വിവരം ആന്റണി ഖാർഗെയേയും രാഹുൽഗാന്ധിയേയും അറിയിച്ചു എന്നാണ് കേൾക്കുന്നത്.
സി.പി.എമ്മിന്റെ ശക്തിദുർഗ്ഗമായ കണ്ണൂരിൽ കോൺഗ്രസ് പിടിച്ചുനിൽക്കുന്നത് സുധാകരന്റെ തൽപോരിമ കൊണ്ടാണെന്നും, ആ സുധാകരൻ ചുവടുമാറ്റിയാൽ കണ്ണൂരിൽ കോൺഗ്രസ് സീറോ ആകുമെന്നുമൊക്കെയുള്ള വിവരങ്ങൾ രാഹുലിനേയും ഖാർഗേയേയും ധരിപ്പിച്ച ആന്റണി, എടുത്തുപിടിച്ച് സുധാകരനെ ഒഴിവാക്കാനുള്ള നീക്കം പുനരാലോചിക്കണമെന്നും പറഞ്ഞതായാണറിയുന്നത്.
അതിന്റടിസ്ഥാനത്തിൽ പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം മാറ്റിവച്ച രാഹുൽഗാന്ധി സംസ്ഥാനത്തെ ഒട്ടനവധി നേതാക്കളുമായി ഫോണിൽ ബന്ധപ്പെടുകയുണ്ടായി. സുധാകരൻ മാറേണ്ടതുണ്ടോ, മാറിയാൽ പകരം ആര് എന്നുള്ളതായിരുന്നു ചോദ്യം. അതിനോട് പ്രതികരിച്ച കെ. മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ, സുധാകരൻ തുടരട്ടെ എന്നുള്ള അഭിപ്രായക്കാരായിരുന്നു. എന്നുമാത്രമല്ല കണ്ണൂര് മുതൽ തിരുവനന്തപുരം വരെ കെ. സുധാകരൻ തുടരണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളും ഫ്ളെക്സുകളും സ്ഥാനം പിടിക്കുകയും ചെയ്തു.
എന്നിട്ടും പക്ഷേ സുധാകരൻ ഒഴിവാക്കപ്പെട്ടു. കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായി വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് എന്ന പദവി നൽകിക്കൊണ്ടാണെങ്കിലും സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ഇറക്കിവിടാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതമായി എന്നുള്ളതാണ് വാസ്തവം. എങ്കിൽ ആരുടേതായിരുന്നു ദേശീയ നേതൃത്വത്തിന് ഒഴിവാക്കാനാവാത്തവിധം ശക്തമായ ആ നിർബന്ധത്തിന് പിന്നിൽ.
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻതന്നെ എന്നുപറയുംപോലെ കെ. സുധാകരന്റെ കസേര തെറുപ്പിച്ചത് മറ്റാരുമല്ല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെയാണെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. സതീശന് സഹായവുമായി അഖിലേന്ത്യാ സെക്രട്ടറി കെ.സി. വേണുഗോപാൽ കൂടി കർട്ടന് പിറകിൽ നിന്ന് ചരടുവലിച്ചപ്പോൾ കാര്യങ്ങൾ സുഗമമായി. ഒരവസരത്തിൽ പൊതുതെരഞ്ഞെടുപ്പ് കഴിയുംവരെ സുധാകരൻ തന്നെ തുടരട്ടെ എന്നുള്ളതായിരുന്നു രാഹുലിന്റെയും അഭിപ്രായമെങ്കിലും, വി.ഡി. സതീശന്റെ ഭീഷണിക്ക് മുന്നിൽ വേഷം കെട്ടിയാടാതിരിക്കാൻ രാഹുലിന് കഴിഞ്ഞില്ല. അങ്ങനെയാണത്രെ സുധാകരൻ നിഷ്ക്കാസിതനായത്.
കോൺഗ്രസിലെ ഒരു വലിയ വിഭാഗം ഒരു കാര്യം തലകുലുക്കി സമ്മതിക്കുന്നു. സതീശനും കൂട്ടരും പറഞ്ഞുപ്രചരിപ്പിക്കുംപോലെ നിഷ്ക്രിയനായ ഒരു കെ.പി.സി.സി പ്രഡിഡന്റായിരുന്നില്ല സുധാകരൻ. മല്ലീശ്വരന്റെ ഒടിഞ്ഞ വില്ലിനെ കുലയ്ക്കാൻ പരുവത്തിലാക്കിയതിൽ സുധാകരനുള്ള പങ്ക് നിഷേധിക്കാനാവുന്നതല്ല. പോരായ്മകൾ ഇല്ലെന്നല്ല, പക്ഷേ സുധാകരൻ കെ.പി.സി.സി പ്രസിഡന്റായതിനുശേഷം, സി.പി.എമ്മിനോട് ഏതെങ്കിലുമൊക്കെ രീതിയിൽ കിടപിടിക്കാൻ കഴിയുന്ന ഒരു പ്രസ്ഥാനമായി കോൺഗ്രസിനെ ഉയർത്തെഴുന്നേൽപ്പിക്കുകയും ചെയ്തു.
അതൊന്നും പക്ഷേ അംഗീകരിച്ചുകൊടുക്കുവാൻ വി.ഡി. സതീശൻ തയ്യാറായിരുന്നില്ല. കോൺഗ്രസ് പാർട്ടി അൽപ്പമെങ്കിലും തലയുയർത്തി നിൽക്കുന്നത് തന്റെ മാത്രം കഴിവ് കൊണ്ടാണെന്ന ചിന്തയാണ് സതീശൻ ഗ്രൂപ്പുകാർക്കുള്ളത്. തൃക്കാക്കരയിൽ ഉമാതോമസും, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും, പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലും പാർട്ടിയുടെ സിറ്റിംഗ് സീറ്റുകൾ നിലനിർത്തിക്കൊണ്ട് വിജയിച്ചതും ലോക്സഭാ തെരഞ്ഞെടുപ്പിൽ 2019 ലെപ്പോലെതന്നെ പാർട്ടി നേടിയ മിന്നും വിജയവുമൊക്കെ തങ്ങളുടെ മാത്രം നേട്ടമാക്കിക്കാട്ടുവാനാണത്രെ ഇവർ ശ്രമിച്ചത്. പുറമേക്ക് എന്തൊക്കെപ്പറഞ്ഞാലും യോജിച്ചുപോകുവാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. ദോഷം പറയരുതല്ലോ, സുധാകരൻ പക്ഷേ അതൊന്നും അത്ര വലിയ കാര്യമായി കണക്കാക്കിയില്ല. എന്നിട്ടും സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷപദവിയിൽ നിന്നും ഇറക്കിവിടാൻ സതീശൻ ചരടുവലിച്ചു എന്നുള്ളതാണ് സത്യം.
കേരളത്തിൽ യു.ഡി.എഫിന് ഭരണം പിടിക്കാൻ പറ്റിയ സാഹചര്യമാണെന്നും, അതിന് പാർട്ടി മെഷിനറി നന്നായി ചലിക്കണമെന്നും, സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തുവച്ചുകൊണ്ട് ഇതൊന്നും നടക്കില്ലെന്നുമാണത്രെ സതീശൻ നേരിട്ടും, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി വഴിയും രാഹുലിനെ ധരിപ്പിച്ചത്.
സുധാകരന് പകരക്കാരനായി സണ്ണിജോസഫ് വരുമ്പോൾ...
പേരാവൂർ എം.എൽ.എ അഡ്വ. സണ്ണിജോസഫ് സുധാകരന് പിൻഗാമിയായി ഇന്ദിരാഭവനിലെത്തുമ്പോൾ എന്ത് അത്ഭുതമാണ് സംഭവിക്കുവാൻ പോകുന്നത് എന്നുള്ളതാണ് പൊതുവേ ഉയരുന്ന ചോദ്യം. കോൺഗ്രസിനെപ്പോലെ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന പാർട്ടിയിൽ, കണ്ണൂരിന് വെളിയിൽ അത്രയൊന്നും അറിയപ്പെടാത്ത സണ്ണിജോസഫിന് നിലവിലുള്ള വെല്ലുവിളികൾ എങ്ങനെ തരണം ചെയ്യാൻ കഴിയും എന്നുള്ളത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വലിയൊരു ചോദ്യമാണ്.
ആദ്യകടമ്പ നിലമ്പൂർ ഉപതെരഞ്ഞെടുപ്പാണ്. കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമായിരുന്ന നിലമ്പൂർ പി.വി. അൻവറിലൂടെ പിടിച്ചെടുത്ത സി.പി.എമ്മിൽ നിന്നും അതേ അൻവറിന്റെ സഹായത്തോടെ തിരിച്ചുപിടിക്കാൻ കോൺഗ്രസ് കച്ചമുറുക്കുമ്പോൾ അത് മാറ്റുരയ്ക്കലാകുന്നത് മൂന്ന് പേർക്കാണ്. ഒന്ന്, പി.വി. അൻവർ, രണ്ട്, സിറ്റിംഗ് സീറ്റുകൾ നിലനിർത്തി ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച് മേനി നടിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മൂന്ന്, പുതിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. മണ്ഡലം പിടിച്ചെടുക്കാൻ കഴിഞ്ഞാൽ തീർച്ചയായും അതിന്റെ ക്രെഡിറ്റ് ഈ മൂന്നുപേർക്കുമാകുന്നതുപോലെ തന്നെ, പിടിച്ചെടുക്കാനായില്ലെങ്കിൽ അതിന് വലിയ വില കൊടുക്കേണ്ടി വരുന്നത് ഈ മൂന്ന് പേരുമായിരിക്കും.
പി.വി. അൻവറിന്റെ രാഷ്ട്രീയഭാവി അതോടെ ഇരുണ്ടുകൂടും. സതീശനെതിരെ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായെങ്കിലും താരതമ്യേന കുറച്ചുമാത്രം പരിക്കോടെ രക്ഷപ്പെടാൻ കഴിയുന്നത് സണ്ണി ജോസഫിന് മാത്രമായിരിക്കും. കാരണം സുധാകരനെ മാറ്റുവാനോ, തനിക്ക് പ്രസിഡന്റാകുവാനോ വേണ്ടി ഒരു ചരടുവലിയും നടത്താത്ത വ്യക്തിയാണ് സണ്ണി ജോസഫ്. അടുത്തകാലംവരെ സുധാകരന്റെ അടിയുറച്ച അനുയായിരുന്ന സണ്ണിജോസഫ്, വി.ഡിയുടെയും കെ.സിയുടെയും പുത്തൻകൂറ്റുകാരനായും, ലത്തീൻ കത്തോലിക്കനായതും മാത്രമാണ് പുതിയ സ്ഥാനലബ്ധിയിലെത്തുവാൻ കാരണം. അല്ലെങ്കിൽ യൂത്ത് കോൺഗ്രസിന്റേയും പാർട്ടിയുടേയും കണ്ണൂർ ജില്ലാപ്രസിഡന്റ് മാത്രമായിരുന്ന സണ്ണിയെത്തേടി ഇങ്ങനൊരു പദവി എത്തുമായിരുന്നില്ലല്ലോ. പ്രത്യേകിച്ചും കോൺഗ്രസിൽ.
സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന നേതാക്കൾ മാത്രം ഇരുന്ന കസേരയിലേക്ക് ഈ കണ്ണൂരുകാരൻ വരുമ്പോൾ ഒന്ന് നടുവ് നിവർക്കുന്നതിന് മുൻപ് നിലമ്പൂർ മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പും വരികയാണ്. അതിനൊക്കെ പാർട്ടിയെ സജ്ജമാക്കിയെടുക്കുവാൻ സണ്ണി ജോസഫിന് കഴിയുമോ? കാത്തിരുന്ന് കാണാം.











