10:58am 01 May 2026
NEWS
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പാകിസ്ഥാന്റെ ആണവ ശേഖരവും ലക്ഷ്യംവെച്ചെന്ന് റിപ്പോർട്ട്
20/07/2025  08:23 AM IST
nila
 ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പാകിസ്ഥാന്റെ ആണവ ശേഖരവും ലക്ഷ്യംവെച്ചെന്ന് റിപ്പോർട്ട്

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പാകിസ്ഥാന്റെ ആണവ ശേഖരവും ലക്ഷ്യംവെച്ചെന്ന് റിപ്പോർട്ട്. പാകിസ്ഥാന്റെ ആണവശേഖരത്തിൽ ഒരുഭാ​ഗം സ്ഥിതി ചെയ്യുന്ന കിരാന കുന്നുകൾ ലക്ഷ്യമിട്ടും ആക്രമണമുണ്ടായെന്നാണ് പ്രശസ്ത ഉപഗ്രഹ ചിത്ര വിദഗ്ധനും ജിയോ-ഇന്റലിജൻസ് ഗവേഷകനുമായ ഡാമിയൻ സൈമൻ വെളിപ്പെടുത്തുന്നത്. ജൂണിൽ പകർത്തിയ ഗൂഗിൾ എർത്തിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ വിശകലനം ചെയ്താണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 

ഇന്ത്യയുടെ ആക്രമണത്തിനു മുൻപും ശേഷവും ഉള്ള കിരാന കുന്നുകളുടെയും സർഗോധ എയർബേസിലെ അറ്റകുറ്റപ്പണികൾ നടത്തിയ റൺവേകളുടെയും ചിത്രങ്ങളാണ് ‍ഡാമിയൻ സൈമൻ എക്സ് പോസ്റ്റിൽ പങ്കുവച്ചത്. പാകിസ്ഥാന്റെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രമാണ് കിരാന കുന്നുകൾ. ഇവിടെ ഒരു ഭൂഗർഭ ആണവായുധ സംഭരണ കേന്ദ്രം ഉണ്ടെന്നും ആണവ ഗവേഷണത്തിനായി ഇവിടെ വിപുലമായ സംവിധാനങ്ങൾ ഉണ്ടെന്നുമാണ് സൂചന. പാകിസ്ഥാനിലെ സർഗോധ ജില്ലയിലെ തന്ത്രപ്രധാന സ്ഥലത്ത് മിസൈൽ പതിച്ചതായുള്ള സൂചനകളാണ് ഉപ​ഗ്രഹ ചിത്രങ്ങളിലുള്ളതെന്നാണ് ഡാമിയൻ സൈമൻ പറയുന്നത്. 

മേയ് 10ന് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഒൻപത് ഭീകരപരിശീലന കേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു. എന്നാൽ കിരാന കുന്നുകളിലും ഇന്ത്യൻ മിസൈലുകൾ പതിച്ചതായാണ് ഡാമിയൻ സൈമൻ ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത് കൊണ്ട് അവകാശപ്പെടുന്നത്. എന്നാൽ കിരാന കുന്നുകളിൽ ആക്രമണം നടത്തിയെന്ന വാദം ഇന്ത്യ നേരത്തേ തന്നെ നിഷേധിച്ചിരുന്നു. മേയ് 12ന് നടന്ന പത്രസമ്മേളനത്തിൽ കിരാനയിൽ ആക്രമണം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ.കെ.ഭാരതി മറുപടി നൽകിയത്. മാത്രമല്ല കിരാന കുന്നുകൾ ആണവായുധ സംഭരണ കേന്ദ്രമാണെന്ന് അറിയിച്ചതിന് അദ്ദേഹം നന്ദി പറയുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img