
കൊല്ലം: പ്രണയബന്ധത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി. വലിയോട് മറവൻകോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിഷേക് ഭവനിൽ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി (19), പൂയപ്പള്ളി സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് ഇരുവരും ശാസ്താംകോട്ട തടാകത്തിന് സമീപമെത്തിയത്. തുടർന്ന് തടാകത്തിൽ ചാടുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തടാകക്കരയിൽ നിന്ന് ഇരുവരുടെയും ബാഗുകളും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ കുറച്ചുനാളുകളായി രാജീവും അഭിരാമിയും പ്രണയത്തിലായിരുന്നു. ബന്ധത്തെക്കുറിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും എഴുതി ഒപ്പിട്ട് നൽകുകയും ചെയ്തിരുന്നു.
എന്നാൽ ശനിയാഴ്ച വൈകിട്ടോടെ ഇരുവരും ശാസ്താംകോട്ടയിലെത്തി ജീവനൊടുക്കുകയായിരുന്നു. മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ ആരംഭിച്ചു.










