09:18am 05 November 2026
NEWS
'ആദരണീയയായ അഭിസാരിക' സാർത്രിന്റെ വിഖ്യാതമായ നാടകം - ഒരു വിലയിരുത്തൽ
18/02/2025  09:07 PM IST
ആർ. പവിത്രൻ
ആദരണീയയായ അഭിസാരിക സാർത്രിന്റെ വിഖ്യാതമായ നാടകം - ഒരു വിലയിരുത്തൽ

20-ാം നൂറ്റാണ്ടിന്റെ ധൈഷണിക ലോകത്ത് തീപടർത്തിയ ഫ്രഞ്ച് ചിന്തകനും നോവലിസ്റ്റും നാടകകൃത്തുമായിരുന്ന ജീൻ പോൾ സാർത്രിന്റെ വിഖ്യാതമായ നാടകമാണ് 'ആദരണീയയായ അഭിസാരിക.'  (THE RESPECTABLE PROSTITUTE). സാർത്രിന്റെ ഈ നാലാമത്തെ നാടകം 1946 നവംബറിൽ പാരീസിൽ അരങ്ങേറി. രണ്ട് രംഗങ്ങളുള്ള ഈ നാടകത്തിൽ ആറ് കഥാപാത്രങ്ങൾ: ലിസി മക്കെയ്, ഫ്രെഡ്, നീഗ്രോ, സെനറ്റർ, ജോൺ, ജെയിംസ്. കഥ ദക്ഷിണ അമേരിക്കയിലെ ഒരു ചെറുനഗരത്തിൽ നടക്കുന്നു.

ന്യൂയോർക്കിൽ നിന്നും ജീവിതത്തിന്റെ പുതിയ വസന്തവനികൾ തേടിയെത്തിയിരിക്കുന്ന ലിസി എന്ന വേശ്യ യാത്ര ചെയ്തിരുന്ന കമ്പാർട്ടുമെന്റിൽ ഒരു ഫുട്‌ബോൾ മത്സരത്തിൽ വിജയിച്ചതിന്റെ ഉന്മാദലഹരിയോടെ നാല് വെള്ളക്കാർ കടന്നുചെല്ലുന്നു. അമിതമായ മദ്യപിച്ചിരുന്ന അവർ സുന്ദരിയായ ലിസിയെ ബലാത്സംഗം ചെയ്യാൻ മുതിർന്നു. നീഗ്രോകളുടെ നാറ്റം വമിക്കുന്നുവെന്ന ആക്രോശത്തോടെ, ആ കമ്പാർട്ടുമെന്റിൽ സഞ്ചരിച്ചിരുന്ന രണ്ട് നീഗ്രോകളെ അവർ പുറത്തേക്ക് വലിച്ചെറിയുവാൻ ശ്രമിച്ചു. പ്രാണനുവേണ്ടി പൊരുതിയ നീഗ്രോകളിൽ ഒരാളുടെ അടി കണ്ണിലേറ്റ ടോം അയാളെ വെടിവെച്ചുകൊന്നു. കൊലക്കുറ്റത്തിന് ടോം തടവിലായി. മറ്റേ നീഗ്രോ എവിടെയോ ഓടിയൊളിച്ചു.

ഈ പശ്ചാത്തലത്തിലാണ് നാടകം ആരംഭിക്കുന്നത്. പ്രഭാതം. വാക്വംക്ലീനർ കൊണ്ട ലിസി മുറി വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ വാതിലിൽ ആരോ മുട്ടി. തീവണ്ടിയിൽ നിന്നിറങ്ങിയോടി രക്ഷപ്പെട്ട  ഭാര്യയും കുട്ടികളുമുള്ള നീഗ്രോ, താൻ നിരപരാധിയാണെന്ന് കോടതിയിൽ ബോധിപ്പിക്കണമെന്ന് ലിസിയോട് കേണു. സത്യം പറയാമെന്നേറ്റിട്ട് ലിസി വാതിൽ കൊട്ടിയടച്ചു. എന്തെന്നാൽ കഴിഞ്ഞ രാത്രി ലിസിയോട് ചെലവഴിച്ച ഫ്രെഡ് ഉള്ളിലുണ്ട്. സുരതാനുഭൂതിയാൽ ആനന്ദ വിവശയായിരുന്ന ലിസിക്ക് ഫ്രെഡിന്റെ തികച്ചും ഔപചാരികമായ പെരുമാറ്റം ഒട്ടും പിടിച്ചില്ല. സുരതകേളിയെപ്പറ്റി വാചാലമായ ലിസി, ഈ നഗരത്തിലെ തന്റെ ആദ്യത്തെ ആളായ ഫ്രെഡിൽ നിന്നും ഭാഗ്യത്തിന്റെ പേരിൽ പണം വാങ്ങുന്നില്ലെന്ന് പറഞ്ഞു. എന്നിരിക്കിലും ഫ്രെഡ് അവളുടെ ദേഹത്തിനും സുരതപാടവത്തിനും കൽപ്പിക്കുന്ന വിലയെന്തെന്നറിയുവാൻ കൗതുകം കാട്ടി. വെറും പിച്ചക്കാശായ പത്ത് ഡോളർ ഫ്രെഡ് നൽകിയപ്പോൾ ലിസി കോപം കൊണ്ടലറി. 'എന്റെ മാറിടം! നിങ്ങളത് കണ്ടോ...? ഇതാണോ പത്ത് ഡോളറിന്റെ മുലകൾ... നിങ്ങളുടെ നാറിയ പണം തിരിച്ചെടുത്ത്., എന്റെ ക്ഷമ നശിക്കുന്നതിന് മുമ്പായി ഇറങ്ങിപ്പോകൂ.'

ലിസിയെ നിന്ദാഗർഭമായി വേശ്യയെന്ന് ആവർത്തിച്ച് വിളിച്ചപ്പോൾ, സ്ത്രീകളെ ആദരിക്കുവാൻ പഠിച്ചിട്ടില്ലാത്ത ഫ്രെഡിനെ തേവിടിശ്ശിയുടെ മകനെന്ന് വിളിക്കുവാൻ ലിസി മടിച്ചില്ല. താൻ സെനറ്റർ ക്ലാർക്കിന്റെ മകനാണെന്നും, കൊലപാതകക്കേസിൽ കുടുങ്ങിയ തന്റെ കസിനായ ടോമിനെ മോചിപ്പിക്കുവാൻ അനുകൂലമായ മൊഴി- ബലാത്സംഗത്തിൽ നിന്നും ലിസിയെ രക്ഷപ്പെടുത്തുന്നതിനിടയിൽ നിഗ്രോ വെടിയേറ്റുമരിച്ചു- നൽകണമെന്നും ഫ്രെഡ് പറഞ്ഞു. തന്നെ പാട്ടിലാക്കുന്നതിനായി മാത്രം ഒരു രാത്രി ചെലവഴിക്കാനെത്തിയ ഫ്രെഡിനോട്, താൻ സത്യം മാത്രമേ പറയുകയുള്ളൂന്ന് ലിസി തിരിച്ചടിച്ചു. നീഗ്രോയുടെ ജീവനേക്കാൾ അനർഘമായ ടോമിന്റെ ജീവിതത്തെപ്പറ്റി ഫ്രെഡ് വാചാലനായപ്പോൾ, തന്റെ നെഞ്ചത്ത് ചാരാനും ഉടുപ്പ് പൊക്കാനും വന്ന മാന്യനെപ്പറ്റി കൂടുതൽ പ്രസംഗിക്കേണ്ട എന്നായി ലിസി. സർപ്പാകൃതിയിലുള്ള തന്റെ കണ്ഠാഭരണം വിളിച്ചുവരുത്തുന്ന വിനയാണിതെല്ലാമെന്നും ലിസി വിശ്വസിക്കുന്നു. 500 ഡോളർ നൽകാമെന്ന ഫ്രെഡിന്റെ പ്രലോഭനത്തിൽ ലിസി വീണില്ല.

പോലീസ് വാതിൽക്കൽ മുട്ടിയപ്പോൾ ഒളിക്കുന്നതിന് പകരം ഫ്രെഡ് കതക് തുറന്നുകൊടുത്തു. ഫ്രെഡ് പറഞ്ഞ വിധത്തിലുള്ള മൊഴി നൽകിയില്ലെങ്കിൽ വ്യാഭിചാര കുറ്റത്തിനുള്ള പതിനെട്ട് മാസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് പോലീസുകാരായ ജോണും ജെയിംസും ഭീഷണിപ്പെടുത്തി. ലിസി ലവലേശം വഴങ്ങാതെ വന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവർ പതറി. അപ്പോൾ സെനറ്റർ ക്ലാർക്ക് രംഗത്തെത്തി. പത്തുവർഷത്തെ തടവുശിക്ഷയ്ക്ക് ടോമിനെ വിധിച്ചാൽ, ഹൃദയം തകർന്നു തന്റെ സഹോദരി മരിച്ചുപോകുമെന്ന് സെനറ്റർ വികാരാധീനനനായി പറഞ്ഞപ്പോൾ ലിസി ചഞ്ചലചിത്തയായി. എന്നിരിക്കിലും നിപരാധിയായ നീഗ്രോയെ അപകടത്തിലാക്കുന്ന ഒന്നും ചെയ്യാൻ ലിസി സന്നദ്ധയായില്ല. അഭിജാതരായ വെളുത്ത വർഗ്ഗത്തെപ്പറ്റി സെനറ്റർ വാചാലനായി. ഹാർവാർഡിൽ പഠിച്ച, കീഴിൽ നാലായിരം തൊഴിലാളികൾ പണിയെടുക്കുന്ന ടോം കമ്മ്യൂണിസത്തിനും ട്രേഡ് യൂണിയനും ജൂതൻമാർക്കും എതിരായ ഉഗ്രശക്തിയും ഉരുക്കുകോട്ടയും ആണെന്നൊക്കെ വിശേഷിപ്പിച്ചു. സെനറ്ററുടെ വാഗ്‌ധോരണിയിൽ ലിസിയുടെ മനസ്സിന്റെ സമചിത്തത ഒരു നിമിഷം പാളിപ്പോയി. നീഗ്രോയ്ക്ക് എതിരായുള്ള രേഖയിൽ ഒപ്പിട്ട് കൊടുത്തു. തന്റെ കൊടിയ പാതകം ബോദ്ധ്യപ്പെട്ടപ്പോൾ ലിസി ഖിന്നനായി.

നീഗ്രോ വേട്ട ആരംഭിച്ചപ്പോൾ നീഗ്രോ, ലിസിയുടെ മുറിയിൽ വീണ്ടും അഭയം തേടി. അപ്പോൾ ടോമിന്റെ മോചനവാർത്ത അറിയിക്കുവാൻ എത്തിയ സെനറ്റർ നന്ദിപുരസ്സരം 100 ഡോളർ ഒരു കവറിൽ വെച്ചുനീട്ടി. മകനെ തിരിച്ചു കിട്ടിയ അമ്മയുടെ സന്തോഷനിർഭരമായ നാല് വരികളായിരുന്നു ലിസിക്ക് അഭികാമ്യം. ക്ഷോഭിച്ചുവശായ ലിസി നോട്ട് വലിച്ചെറിഞ്ഞു. ധാർമ്മികമായ തകർച്ചയിലൂടെ കടന്നുപോകുന്ന ലിസിയെ തഴുകിക്കൊണ്ട് പിന്നെ വരാമെന്ന വാഗ്ദത്തത്തോടെ സെനറ്റർ യാത്രയായി. മനോവ്യഥ സഹിക്കാനാവാതെ ലിസി പൊട്ടിക്കരയുമ്പോൾ നീഗ്രോയെ തിരക്കുന്നതിന്റെ ബഹളം പുറത്തുയർന്നു. താൻ നൽകിയ മൊഴിയാണിതിന് കാരണമെന്ന് മനസ്സിലാക്കിയ ലിസിയിൽ, ഇരുപത്തിയഞ്ച് വർഷങ്ങളായി തന്നെ വിഡ്ഢിയാക്കുന്ന അമേരിക്കൻ രാഷ്ട്രത്തെയും അങ്കിൾ സാമിനേയും വെടിവെച്ചുവീഴ്ത്താനുള്ള ക്രോധം കത്തിപ്പടർന്നു. നീഗ്രോ നിരപരാധിയാണെന്നും കള്ളപ്രമാണത്തിൽ താനൊപ്പിട്ടു പോയതാണെന്നും, താൻ മൊഴികൊടുക്കുമെന്നും ലിസി തറപ്പിച്ചു പറഞ്ഞു. എന്നിട്ടും ലിസിയുടെ മുറി പരിശോധിക്കാനാണ് ഭാവമെങ്കിൽ നിറയൊഴിക്കണമെന്ന് നീഗ്രോയോട് ആവശ്യപ്പെട്ടു. നീഗ്രോയുമായി ലിസിയെ കണ്ടാൽ, അവർ ലിസിയേയും വകവരുത്തും. നീഗ്രോയെ തിരഞ്ഞുകൊണ്ടാളുകൾ എത്തിയപ്പോൾ, നീഗ്രോ ബലാത്സംഗം ചെയ്ത സ്ത്രീ താനായിരുന്നുവെന്ന് സ്വയം പറഞ്ഞതോടെ അവർ യാത്രയായി. നന്ദിപൂർവ്വം അയാൾ ലിസിയുടെ വസ്ത്രാഞ്ചലത്തിൽ ചുംബിച്ചു. നീഗ്രോയുടെ സ്പർശനം അസഹ്യമായി തോന്നിയെങ്കിലും രണ്ട് അനാഥരെപ്പോലെ നാമൊറ്റയ്ക്ക് ആയിരുന്നുവെങ്കിലെന്ന് ലിസി പറഞ്ഞു.

വീണ്ടും വാതിലിലാരോ തട്ടിയപ്പോൾ, ലിസിയുടെ നിർദ്ദേശാനുസരണം നീഗ്രോ കുളിമുറിയിലൊളിച്ചു. ലിസിയെ തള്ളിമാറ്റി ഫ്രെഡ് മുറിയിൽ കടന്നു. നീഗ്രോവേട്ടയിൽ പങ്കെടുത്ത ഫ്രെഡ്, മരക്കൊമ്പിൽ പേടിച്ചുകയറിപ്പറ്റിയ ഒരു നീഗ്രോയുടെ നേറെ നിറയൊഴിച്ചപ്പോൾ അയാളുടെ ഉള്ളിൽ ജ്വലിച്ചുയർന്നത് ലിസിയായിരുന്നു. കാമാസക്തനായി തീർന്ന ഫ്രെഡ് വികാരവായ്‌പോടെ പറഞ്ഞു: 'നിന്റെ ഭ്രാന്ത് പിടിപ്പിക്കുന്ന സൗന്ദര്യം എന്നെ വേട്ടയാടുന്നു. നിന്റെ ദേഹത്തിന്റെ ചൂട് ഇപ്പോഴും എന്റേ കൈകളിലനുഭവപ്പെടുന്നു. മോണയിൽ പല്ലെന്നപോലെ നീയെന്നിൽ അമർന്നുപിടിച്ചിരിക്കുന്നു'.

ആകസ്മികമായി കുളിമുറിയിൽ നിന്നൊരു ശബ്ദം പൊന്തിയപ്പോൾ ലിസിയുടെ പുതിയ ഇടപാടുകാരെ കാണാൻ ഫ്രെഡ് അങ്ങോട്ട് കുതിച്ചു. പുറത്തേക്ക് പാഞ്ഞ നീഗ്രോയുടെ നേരെ അയാൾ നിരപരാധിയാണെന്ന് ലിസി ആവർത്തിച്ചുവിളിച്ചു പറഞ്ഞിട്ടും ഫ്രെഡ് നിറയൊഴിച്ചു. എങ്കിലും നീഗ്രോ രക്ഷപ്പെട്ടു. ലിസിയുടെ ക്ഷമയറ്റിരുന്നു. വ്യാമോഹങ്ങൾ പൂർണ്ണമായിരുന്നു. ലിസി ഫ്രെഡിനെ വെടിവയ്ക്കുവാൻ തോക്കുയർത്തി. എന്നാൽ നിന്നെപ്പോലൊരു പെണ്ണിന് എന്നെപ്പോലൊരു മാന്യനേയോ, അമേരിക്കയേയോ വെടിവച്ച് കൊല്ലാനാവില്ലെന്ന് പറയുമ്പോൾ, ലിസി തോക്ക് കൊടുക്കുന്നു. ഫ്രെഡിന്റെ ആലിംഗനത്തിന് വഴങ്ങിക്കൊടുത്ത ലിസി മയങ്ങിയ നിലയിൽ ഫ്രെഡിനെ ഇഷ്ടമാണെന്ന് പറയുന്നതോടെ കർട്ടൻ വീഴുന്നു.

വർണ്ണവിവേചനത്തെ തികച്ചും സ്വകീയമായ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഈ നാടകത്തിൽ സാർത്ര് വിശകലനം ചെയ്തിരുന്നു. വേശ്യയെ ബഹുമാന്യയെന്ന് വിശേഷിപ്പിക്കുന്നതിൽ വിരോധാഭാസം തോന്നിയേക്കാം. എന്നാൽ താൻ ജീവിക്കുന്ന ബൂർഷ്വാ സമുദായത്തിലെ ഔദ്യോഗികമതങ്ങളെ, നീതിസംഹിതകളെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിലേക്കാണ് ലിസി മാന്യ. വർണ്ണവിവേചനം അമേരിക്കയുടെ അഭ്യന്തര രാഷ്ട്രീയരംഗത്ത് എക്കാലവും രൂക്ഷമായ സാമൂഹ്യപ്രശ്‌നമായിരുന്നു. മാനുഷിക മൂല്യങ്ങളുടെ കാവൽമാലാഖകളെന്ന് ഊറ്റം കൊള്ളുന്ന അമേരിക്കൻ മനഃസാക്ഷിയുടെ മാറിൽ വീണ ചാട്ടവാറായിരുന്നു ഈ നാടകം. ബൂർഷ്വാ വ്യവസ്ഥിതിയോടും സന്മാർഗ്ഗ സംസ്‌ക്കാര സംഹിതകളോടും ജീവിതശൈലിയോടുമുള്ള സാർത്രിന്റെ വെറുപ്പും അവജ്ഞയും വിഖ്യാതമാണല്ലോ. സ്വകാര്യസ്വത്തിന്റെ പവിത്രതയിലധിഷ്ഠിതമായ, അവകാശത്തെക്കുറിച്ചുള്ള ബൂർഷ്വാധാരണകളോടുള്ള സാർത്രിന്റെ എതിർപ്പിന് ഈ നാടകത്തിൽ സവിശേഷ പ്രസക്തിയുണ്ട്.

'ബഹുമാന്യയായ വേശ്യ'യെ വിലയിരുത്തണമെങ്കിൽ അസ്തിത്വ വാദചിന്തയിലെ (EXISTENTIALISM)  വികലവിശ്വാസം, കഠോരമായ മനോവ്യഥ, മനം പിരട്ടൽ, സ്വാതന്ത്ര്യം തുടങ്ങിയ സംജ്ഞകളുടെ അർത്ഥവ്യാപ്തിയെപ്പറ്റി അവശ്യമറിഞ്ഞിരിക്കണം. വികലവിശ്വാസവും സത്യസന്ധതയും തമ്മിലുള്ള വൈരുദ്ധ്യമാണ് അസ്തിത്വവാദം. (The Philosophy of SARTRE). സംഗതികൾ മറ്റ് വിധത്തിലായിരിക്കുവാൻ സാധിക്കുകയില്ലെന്ന് നമ്മളോടും മറ്റുള്ളവരോടും നടിക്കുന്നതിനെ വികലവിശ്വാസമെന്ന് വിളിക്കാം. ലേശം കൂടി അസ്തിത്വവാദാത്മക സാങ്കേതികശൈലിയിൽ പറഞ്ഞാൽ ബോധം തന്നെയായ ബോധസ്വത്വത്തിന്റെ ഉത്തരവാദിത്വമുള്ള സ്വാതന്ത്ര്യത്തിൽ നിന്നും വികല വിശ്വാസത്തിലൂടെ രക്ഷപ്പെടുവാൻ ഓരോ മനുഷ്യനും യത്‌നിക്കുന്നു. നാം നമ്മുടെ ജീവിതക്രമത്തോട് ബന്ധിതരാണെന്നും, നാമതിൽ അഭിലഷിച്ചാൽ തന്നെ അതിൽ നിന്നും മുക്തി അസാധ്യമെന്നും അസ്തിത്വ വിശ്വാസം അനുശാസിക്കുന്നു. അതിനാൽ കടമകളോടും വിശ്വാസത്തോടുമുള്ള മിക്ക അപേക്ഷകളും വികല വിശ്വാസത്തിന്റെ നിദർശനമായിട്ടാണ് സാർത്ര് വ്യവഹരിക്കുന്നത്. എന്തെന്നാൽ ഈ സംഗതികൾ ചെയ്യുവാൻ, തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കുള്ളതിനാൽ ആഹ്വാനങ്ങളുടെ ആവശ്യമില്ല. നമ്മുടെ ഭാവിയുടെ പരമമായ വികസ്വരതയെ അഭിമുഖീകരിക്കുമ്പോഴുണ്ടാകുന്ന സഹജവികാരമായ കഠോരമനോവ്യഥയിൽ നാമുഴറുന്നു. എന്തെന്നാൽ നാം ശൂന്യതയെ തിരിച്ചറിയുന്നു. ബോധമുള്ള ഒരു തിര്യക്ക് അതിന്റെ സാദ്ധ്യതകളെപ്പറ്റി- അതെന്തെല്ലാമെന്നും അതിതുവരെ എന്തായിട്ടില്ലെന്നും അറിവുളളതാകുന്നു. അസ്തിത്വവാദതത്വചിന്തയുടെ പ്രാമാണ്യഗ്രന്ഥമായ 'നിലനിൽപ്പിലും ശൂന്യതയി (BEING AND NOTHINGNESS)ലും വികലവിശ്വാസമെന്ന പ്രതിഭാസത്തിന് സാർത്ര് ഉദാഹരണങ്ങൾ തരുന്നു. ഒരു കഫേയിലെ വെയിറ്റർ, വെയിറ്ററുടെ ഭാഗം നിഷ്ഠയോടെ നടിക്കുന്നു. എന്താണോ താൻ, അതല്ല താനെന്ന് സ്വയം ബോധ്യപ്പെടുത്തൽ. നിശ്ചിതവും ഉറച്ചതുമായ സഹജവാസനയുള്ള സത്തയുടെ ഭാഗം സ്വയം ഭാവിക്കുന്നതിനായി സങ്കൽപ്പിക്കുന്നു. സ്വത്വത്തിന്റെ സ്വതന്ത്രവും ഉത്തരവാദിത്വമുള്ളതും അപ്രവാച്യമായ യാഥാർത്ഥ്യത്തിൽ നിന്നും ഒരു പദാർത്ഥത്തിന്റെ കപട വിഡംബനത്തിലേയ്ക്ക് പാലായനം നടത്തുന്നു. അതിപ്രാകൃതമായി വിശേഷിപ്പിച്ചാൽ, വിയോജിക്കുന്ന യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള നിരാസമായി വിവക്ഷിക്കാം. ഒരാളുടെ നീരസത്തെ സദാ ഒരു തിരസ്‌കാരമായി അന്വയിക്കുവാനാവുമല്ലോ.

സാർത്രേറിയൻ ധാരണകളുടെ അടിസ്ഥാനത്തിൽ ഈ നാടകത്തിലെ സാക്ഷാൽ വില്ലനും വില്ലത്തിയും വികലവിശ്വാസത്തിന്റെയും ഇരകളായ ലിസിയും നീഗ്രോയുമാണ്. സാർത്രും ഈ പക്ഷക്കാരനാണെന്ന് പലരും രേഖപ്പെടുത്തുന്നു. എന്തെന്നാൽ സ്ഥലകാലങ്ങൾ അവരുടെ അസ്തിത്വത്തിൽ അർപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളും കടമകളും ഏറ്റെടുക്കുവാനും കലാപം നടത്തുവാനുമുള്ള നിശ്ചയദാർഢ്യം അവർ പ്രകടിപ്പിക്കുന്നില്ല. പ്രക്ഷോഭത്തിനുള്ള ഈ കഥാപാത്രങ്ങളുടെ നേരിയ ത്വര കൂടി വികലവിശ്വാസം കീഴ്‌പ്പെടുത്തുന്നു. തന്റെ ചെയ്തികളുടെ വിനാശഫലത്തെപ്പറ്റി ബോധവതിയാകുവാൻ സാമാന്യബുദ്ധികൂടി അധികമായിരുന്ന സന്ദർഭത്തിൽ ഇതിനൊക്കെ മൂലകാരണം തന്റെ സർപ്പാകൃതിയിലുള്ള കണ്ഠാഭരണമാണെന്ന് സ്വയം വിശ്വസിക്കുകയാണ് ലിസി. തന്റെ സ്ത്രീത്വത്തെ ചവുട്ടി മെതിച്ച ഫ്രെഡിനോട് ലിസി രോഷാകുലയാവുന്നുണ്ടെങ്കിലും സെനറ്ററുടെ മകനാണെന്നറിയുമ്പോൾ അവളുടെ ഭാവം മസൃണമാകുന്നു. ലിസിയുടെ നീതിബോധവും വിവേകവും സെനറ്ററുടെ വാചാലതയുടെ മുമ്പിൽ വെറും അഗ്നിശലാകകൾ. ലിസിയുടെ ബോധതലത്തിൽ അവൾ ജീവിക്കുന്ന ബൂർഷ്വാസമുദായത്തിലെ വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും ചെലുത്തുന്ന നിർണ്ണായക സ്വാധീനത്തെ സമർത്ഥമായി ചൂഷണം ചെയ്യുന്ന അമേരിക്ക എന്ന രാഷ്ട്രത്തിന്റെ മഹത്വത്തെപ്പറ്റി സെനറ്റർ വാചാലനാകുമ്പോൾ, ചൂഷണത്തിന് നിയമസാധുതയും സന്മാർഗ്ഗികാംഗീകാരമുള്ള ഒരു വ്യവസ്ഥിതിയിൽ തന്റെ പ്രിയ യൗവ്വനത്തെ വിൽക്കുവാൻ നിർബന്ധിതയായ ലിസി എന്തിന് ഹർഷഭരിതയാവണം? അവളെ സംബന്ധിച്ചിടത്തോളം സെനറ്റർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ വന്ധ്യവും നിരർത്ഥകവും അന്യവുമാണ്. വസ്തുതകളെ കുറിച്ചുള്ള അറിവില്ലായ്മയല്ല മറിച്ച് ആത്മവഞ്ചനയിൽ മുഴുകാനുള്ള വാസനയാണ് ലിസി പ്രദർശിപ്പിക്കുന്നത്.

ഒപ്പിട്ട നിമിഷം മുതൽ ലിസി പശ്ചാത്താപവിവശയായി. ഉപകാരത്തിനുള്ള പ്രതിഫലമായി 100 ഡോളറുമായി എത്തിയ കിഴവൻ സെനറ്റർ അവളെ കിടപ്പറയിലേക്ക് ആനയിക്കുവാൻ താമസിയാതെ എത്തുന്നുണ്ടെന്ന സൂചന കിട്ടിയതോടെ ലിസിയുടെ വ്യാമോഹം പൂർണ്ണമായി.  അകന്മഷമായ പെരുമാറ്റം സെനറ്ററുടെ ബന്ധുക്കളിൽ നിന്നും പ്രതീക്ഷിച്ചിരുന്ന ലിസിക്ക് ഈ സൂചന കനത്ത ആഘാതമായിരുന്നു. ലിസിയുടെ ആത്മസത്തയിൽ കുടിയേറിയ അങ്കിൾ സാമിനേയും അമേരിക്കയേയും തള്ളിപ്പറയുന്നതിൽ ലിസി വിജയിച്ചേക്കുമെന്നുള്ള പ്രതീക്ഷ വായനക്കാരിൽ ഉണരുന്നു. നീഗ്രോയെ തന്റെ കുളിമുറിയിൽ ഒളിച്ചിരുത്തിയപ്പോൾ, ആത്മരക്ഷാർത്ഥമായിട്ടെങ്കിലും, പിന്തുടരുമെന്ന വെള്ളക്കാരുടെ നേർക്ക് വെടിവയ്ക്കുവാൻ ആവശ്യപ്പെടുമ്പോൾ ഈ ധാരണ ശക്തമാവുന്നു. എന്നാൽ നീഗ്രോയെ വെടിവച്ച ഫ്രെഡിന്റെ നേർക്ക് തോക്ക് ഉയർത്താനോ, താനാദരിക്കുന്ന വിശ്വാസപ്രമാണങ്ങളുടെ പൊള്ളത്തരം ബോദ്ധ്യപ്പെട്ടിട്ട് കൂടി ബോധമണ്ഡലങ്ങളിൽ നിന്നും അവയെ തുരത്താനോ ലിസിക്ക് സാധിക്കുന്നില്ല. തന്നെ വധിക്കുവാൻ നോക്കുന്ന വെള്ളക്കാരോട് പൊരുതുവാൻ വിസമ്മതിക്കുന്ന നീഗ്രോയെ പോലെ ലിസിയും തരിച്ചുനിന്നു. എന്തെന്നാൽ ലിസി ആദരിക്കുന്ന സമൂഹത്തിന്റെ ഉന്നതശ്രേണിയിലെ പ്രമുഖനാണ് ഫ്രെഡ്. അവിടെ എത്തിച്ചേരാനാണ് ലിസിയുടെ അശ്രാന്തമായ അഭിവാഞ്ഛ. അശ്രാന്തമായ യത്‌നം.

നല്ലവളായ ഒരു കഥാപാത്രത്തെ ആവിഷ്‌ക്കരിക്കുവാൻ ഒരു വേശ്യയെ തന്നെ തെരഞ്ഞെടുത്തത് സെന്റിമെന്റൽ മെലോഡ്രാമയുടെ സങ്കേതത്തെ അനുസ്മരിപ്പിക്കുന്നു. ലിസിയുടെ പാത്രസൃഷ്ടി വസ്തുനിഷ്ഠമായി വികലമാണെങ്കിൽ കൂടി മാന്യസമുദായത്തിൽ അംഗമാവാനുള്ള അവളുടെ ഉൽക്കടമായ ആന്തരികദാഹം സാർത്രിന്റെ മനഃശാസ്ത്ര പാടവും വിളിച്ചറിയിക്കുന്നു.  വ്യക്തിപ്രഭാവത്തിന്റെ അന്തർധാര അവബോധ മനസ്സാണെന്നുള്ള ഫ്രോയിഡൻ സിദ്ധാന്തത്തെ സാർത്ര് നിരാകരിക്കുന്നു. അബോധശക്തികൾ ജീവികളുടെ ചേനതകളെ നിർണ്ണയിക്കുന്നുവെന്ന സിദ്ധാന്തം ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞുമാറാനുള്ള ഒഴിവുകഴിവല്ലാതെ മറ്റെന്താണ്? മാനുഷികയാഥാർത്ഥ്യത്തെ ബോധാവസ്ഥയുമായി താരതമ്യപ്പെടുത്തുന്നതിനുള്ള സാർത്രിന്റെ വ്യഗ്രത ലിസിയുടെയും നിഗ്രോയുടെയും പാത്രസൃഷ്ടിയിൽ സ്വാധീനം ചെലുത്തി.

ആദർശങ്ങളുടെ ഐക്യമില്ലാതെ, ബൗദ്ധിക രഞ്ജിപ്പില്ലാതെ, ലൈംഗികബന്ധം ആനന്ദകരമായി നിർവ്വഹിക്കാമെന്നുള്ള സങ്കൽപ്പത്തെ സാർ ത്ര് പരിഹാസ വിധേയമാക്കുന്നു. മുതലാളിത്ത വ്യവസ്ഥിതിയിൽ സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്തും രാഗോപകരണവും മാത്രമാണല്ലോ. ബൂർഷ്വാ മാനവതാവാദം ഒരു കാലത്ത് ഉയർത്തിപ്പിടിച്ചിരുന്നുവെങ്കിലും, സ്ത്രീ പുരുഷ ബന്ധത്തിന്റെ ഉയർന്ന മാനദണ്ഡങ്ങൾ കൂടി ചക്രശ്വാസം വലിക്കുന്ന ഒരു സാമൂഹ്യക്രമം എങ്ങനെ ചവുട്ടിമെതിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമായി ഇതിനെ നിരൂപകർ വിശേഷിപ്പിക്കുന്നു.

മനുഷ്യൻ ഈശ്വരന്റെ കളിപ്പാവയല്ലാത്തതിനാൽ പരമസ്വാതന്ത്ര്യവും ഏകാന്തതയും എല്ലാത്തരത്തിലും സ്വായത്തമാക്കിയിട്ടുള്ള ലിസിക്കും നീഗ്രോയ്ക്കും തെരഞ്ഞെടുക്കുവാനുള്ള സാദ്ധ്യതകൾ അനന്തം. തെരഞ്ഞെടുപ്പിന്റെ അനന്തരഫലങ്ങൾ ഇവരുടെ ചേതനയെ തെല്ലും സന്ത്രാസത്തിലാഴ്ത്തുന്നില്ല. അലോസരപ്പെടുത്തുന്നില്ല. ഒന്നുമില്ലെന്നുള്ളത് കമ്പനിരതനാകുവാൻ മനുഷ്യനെ നിർബന്ധിതനാക്കുന്നു. ഭാവിവികസ്വരമായിരിക്കുന്നതിനാൽ, ഭാവിയിലേക്ക് ഉറ്റുനോക്കുമ്പോൾ ശൂന്യതയെ നേരിടണം. ഈ ശൂന്യത തീഷ്ണമായ മനോവേദനയും ഭീതിയും ഉളവാക്കുന്നു. ശൂന്യതയെ നേരിടണം. ഈ ശൂന്യത തീക്ഷണമായ മനോവേദനയും ഭീതിയും ഉളവാക്കുന്നു. ശൂന്യതയെ വെളിപ്പെടുത്തുന്ന മനോവ്യഥയും സന്ത്രാസവുമാണ് സ്വാതന്ത്ര്യത്തിന്റെ ലക്ഷണങ്ങൾ. ഈ കഠോരാനുഭവങ്ങൾ ലിസിയേയും നീഗ്രോയേയും മഥിക്കുന്നില്ല. ബോധാവസ്ഥയുടെ സഹജാനുഭവം തിരഞ്ഞെടുക്കുക എന്നുള്ളതാണ് സാർത്രിന്റെ പക്ഷം. നാം നിരാകരിക്കുന്ന സാധ്യതകളെ നശിപ്പിക്കുന്നതിനായി ഒരു സാധ്യതയെ നാം തെരഞ്ഞെടുക്കുന്നു. എന്നാൽ വികല വിശ്വാസത്തിനടിമപ്പെട്ടതിനാൽ ലിസിയും നീഗ്രോയും മനംപിരട്ടലും, കഠോരമായ മനോവ്യഥയോ അനുഭവിക്കുന്നില്ല.

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സാർത്രിന്റെ വീക്ഷണങ്ങൾ വികലമാണെന്ന് പല പ്രമുഖരും വിമർശിച്ചിരുന്നു. അനന്തസാധ്യതകളിൽ ഏതെങ്കിലുമൊന്നിനെ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉത്തരവാദിത്വബോധത്തോട് കൂടിയായാൽ തന്നെയും, വിനാശകരവും നിരർത്ഥകവുമാണ്. സാർത്രായാലും ആൽബേർ കമ്മ്യൂവായാലും ജീവിക്കുന്നത് നിയതമായ സ്ഥലത്തിന്റെയും കാലത്തിന്റെയും അവസ്ഥകളിലാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. സ്ഥലകാല സാഹചര്യങ്ങളുടെ പരിമിതികൾ സാമൂഹ്യവും സാമ്പത്തികവും സാംസ്‌ക്കാരികവുമായ പരിതസ്ഥിതികൾ എന്നിവ ഒരു മനുഷ്യന്റെ ചിന്താവ്യാപാരത്തെയും വൃത്തികളേയും പരിമിതപ്പെടുത്തുന്നു. എത്ര പ്രതിഭാശാലിയായിരുന്നാൽ കൂടി ഈ സ്ഥലകാല അവസ്ഥകളെ അതിലംഘിക്കുക അസാദ്ധ്യം. ഈ കാരണങ്ങളാൽ ഒരാളുടെ സ്വാതന്ത്ര്യം, എത്ര  സ്വാതന്ത്ര്യമുണ്ടെങ്കിലും സ്വാതന്ത്ര്യം കൈവരിക്കുവാൻ കഴിഞ്ഞാലും തികച്ചും ആപേക്ഷികമായിരിക്കും, അതിനാൽ പരമമായ സ്വാതന്ത്ര്യം അർത്ഥശൂന്യവും അസാദ്ധ്യവുമാണ്. ചില അവസ്ഥയിൽ നിന്ന് നിശ്ചിതമായ സംഗതികൾ കൈവരിക്കുന്നതിനുള്ള സ്വാതന്ത്ര്യമാകുന്നു സ്വാതന്ത്ര്യം. ഏതൊന്നിൽ നിന്നും ഓരോന്നിൽ നിന്നുമുള്ള സ്വാതന്ത്ര്യമല്ലെന്നു സാരം. ലിസിയും നീഗ്രോയും സാർത്രിന്റെ അഭിപ്രായത്തിൽ സ്വതന്ത്രരായിരിക്കുവാൻ ശപിക്കപ്പെട്ടവരാണ്. ഈ ഭൂമുഖത്ത് പിറന്നുവീഴുന്ന ഒരു മനുഷ്യനും സ്വതന്ത്രനല്ല. സ്വാതന്ത്ര്യം സ്വന്തം കർമ്മാനുഷ്ഠാനങ്ങളിലൂടെ കൈവരിക്കേണ്ടതാണ്. ഇവിടെ വ്യക്തിയുടെ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ധാരണകളിൽ പരസ്പരവൈരുദ്ധ്യമുണ്ട്. അനന്തമായ സാധ്യതകളിൽ- ഒന്ന് കൊലയാളിയാവാൻ ഒരാൾ തിരഞ്ഞെടുത്തു എന്നിരിക്കട്ടെ? അതിനെ നീതീകരിക്കാനാവുമോ? സാർത്ര് കൂടി അത് നീതീകരിക്കുന്നില്ല എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന വിരോധാഭാസം. മനുഷ്യബന്ധത്തെ കുറിച്ചുള്ള സാർത്രിന്റെ സിദ്ധാന്തങ്ങൾ ശരിയാണെങ്കിൽ മനുഷ്യന് സമ്പൂർണ്ണ സ്വാതന്ത്ര്യനായിരിക്കുവാൻ സാധ്യമല്ല. അങ്ങനെ ബൂർഷ്വാ ആശയവാദ തത്വചിന്തയുടെ, ബൂർഷ്വാ വ്യക്തിവാദത്തിന്റെ മറ്റൊരു പ്രകടിതരൂപമായി തീർന്നുപോകുന്നു സാർത്രിന്റെ അസ്തിത്വവാദം എന്നാണ് മാർക്‌സിസ്റ്റ് ചിന്തകരുടെ വിമർശനം.

ചൂഷണത്തിന്റെ സാക്ഷാൽ ഭീകരത ശാരീരികമായ ആക്രമണത്തിലല്ലെന്നും, മറിച്ച് തങ്ങൾ നിയമരക്ഷയിൽ നിന്ന് പുറത്താക്കപ്പെടുകയും നിയമനടപടികൾക്ക് വിധേയരാക്കപ്പെടുകയും ചെയ്യുമ്പോൾ ചൂഷിതർ ചൂഷണത്തെ സ്വീകരിക്കുന്നുവെന്നാണ് സാർത്ര് ശക്തമായി ഈ നാടകത്തിലൂടെ പറയുന്നത്. നിയമസാധുതയുടേതെല്ലാം നീതിയുക്തവും ധാർമ്മികവും എന്ന ധാരണയെ പിച്ചിച്ചീന്താൻ സാത്രിന് സാധിച്ചു. 

തന്റെ ചരിത്രഘട്ടത്തിന്റെ സ്ഥലകാല പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സാമൂഹ്യസോദ്ദേശ്യത നിറവേറ്റുന്ന കലാത്മക പുരോഗമന സാഹിത്യം, താൻ ജീവിക്കുന്ന ചരിത്രദശയുടെ സത്യസന്ധമായ ആത്മവത്തയെ ആവിഷ്‌ക്കരിക്കുന്നതിലൂടെ സമൂഹത്തിന്റെ സർവ്വതോന്മുഖമായ സൗന്ദര്യാത്മക നിലവാരം ഉയർത്തുന്നു. ജീവിതത്തേയും പ്രപഞ്ചത്തേയുംപറ്റി സമഗ്രദർശനം നൽകുന്ന സാഹിത്യം ബൂർഷ്വാ ആശയവാദ വീക്ഷണം അറിഞ്ഞോ അറിയാതെയോ ഉയർത്തിപ്പിടിക്കുന്ന പ്രതിഭാശാലിയായ ഒരു സാഹിത്യകാരന് കൂടി സൃഷ്ടിക്കാനാവില്ലെന്ന് 'ആദരണീയയായ വേശ്യ' അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു എന്ന് വ്യാഖ്യാതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അനുബന്ധം: സാർത്രിന്റെ ഈ നാടകം 'മാന്യയായ സൈ്വരിണി' എന്ന പേരിൽ കൊല്ലം സ്വദേശി ഡോ. സേവ്യർ പോൾ പതിറ്റാണ്ടുകൾക്ക് മുൻപ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img