
ബംഗളുരുവിലെ മലയാളി എഴുത്തുകാരുടെ കൂട്ടായ്മ ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അപൂർവ്വ സർഗ്ഗസംഗമം നാളെ (നവംബർ 16) ഇന്ദിരാനഗറിലെ ഇസിഎ ഹാളിൽ നടക്കും. കഴിഞ്ഞവർഷം തുടക്കംകുറിച്ച സർഗ്ഗസംഗമത്തിന്റെ രണ്ടാമധ്യായമാണ് ഇസിഎയിൽ അരങ്ങേറുന്നത്. രാവിലെ 9ന് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, ഡോ: സോമൻ കടലൂർ, സുധാകരൻ രാമന്തളി, സുരേഷ് മണ്ണാറശാല, അനുരാധ നാലപ്പാട് എന്നിവർ അതിഥികളാവും. 125 എഴുത്തുകാരുടെ രചനകളടങ്ങിയ സുരഭിലം സർഗ്ഗസമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്യും. എഴുത്തുകാർ, സാഹിത്യാസ്വാദകർ എന്നിവരോടൊപ്പം സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളും സർഗ്ഗസംഗമത്തിൽ അണിചേരും. പുസ്തകമേള, പുസ്തക പ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിവയും ഉണ്ടായിരിക്കും. മുതിർന്ന സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എസ്. കെ നായർ ജനറൽ കൺവീനറായ സംഘാടകസമിതിയാണ് ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന സർഗ്ഗസംഗമത്തിന് നേതൃത്വം നൽകുന്നത്. വിഷ്ണുമംഗലം കുമാർ ചെയർമാനും ഡോക്ടർ സുഷമ ശങ്കർ കോർഡിനേറ്ററുമാണ്. ഇ സി എ പ്രസിഡന്റ് വേണു രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തങ്കച്ചൻ പന്തളം പരിപാടികൾ നിയന്ത്രിക്കും. സുധാകരൻ രാമന്തളി ഉത്ഘാടനം ചെയ്യും കെ. ആർ. കിഷോർ സുരഭിലം പരിചയപ്പെടുത്തും. വിഷ്ണുമംഗലം കുമാർ സർഗ്ഗസംഗമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിക്കും. എസ്. കെ നായരുടെ അമ്മയോടൊപ്പം എന്ന പുസ്തകം അനുരാധ നാലപ്പാടിന് നൽകി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്യും. മാനവികതയുടെ സാഹിത്യം എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണനും മലയാള കവിതയുടെ സഞ്ചാരപഥത്തെ കുറിച്ച് ഡോക്ടർ സോമൻ കടലൂരും സാഹിത്യത്തിലെ പരിസ്ഥിതി സംസ്കൃതിയെപറ്റി സുരേഷ് മണ്ണാറശാലയും സംസാരിക്കും. എ ആർ ഇൻഫെന്റ്, ജിജ മാധവൻ ഹരിസിങ്, ഗോപകുമാർ പി, പ്രകാശ് ബാരെ തുടങ്ങി നിരവധി പ്രമുഖർ ആശംസകൾ നേരും.ഡോക്ടർ സുഷമ ശങ്കർ, രവികുമാർ തിരുമല, മീര നാരായണൻ, അർച്ചന സുനിൽ, ഹസീന ഷിയാസ് എന്നിവരാണ് തങ്കച്ചൻ പന്തളത്തോടൊപ്പം ചേർന്ന്, രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകീട്ട് ആറുവരെ നീണ്ടുനിൽക്കുന്ന സർഗ്ഗ സംഗമത്തിലെ വിവിധ പരിപാടികൾ നിയന്ത്രിക്കുന്നത്.
Photo Courtesy - Google











