09:16pm 28 October 2026
NEWS
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് സഭാ വിശ്വാസികളുടെ ആത്മീയ നേതാവായി സാറയെത്തും; സ്ഥാനാരോഹണം മാർച്ച് 25ന്
31/01/2026  08:06 AM IST
nila
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് സഭാ വിശ്വാസികളുടെ ആത്മീയ നേതാവായി സാറയെത്തും; സ്ഥാനാരോഹണം മാർച്ച് 25ന്

ലണ്ടൻ: സെന്റ് പോൾസ് കത്തീഡ്രലിന്റെ വാതിലുകൾ കടന്നുപോയപ്പോൾ സാറ ലണ്ടൻ ബിഷപ്പ് മാത്രമായിരുന്നു. എന്നാൽ, തിരിച്ചിറങ്ങിയത് ആം​ഗ്ലിക്കൻ സഭയുടെ പരമാധികാരിയായും. ആം​ഗ്ലിക്കൻ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത സഭയുടെ പരമോന്നത പദവിയായ കാന്റർബറി ആർച്ച് ബിഷപ്പായി എത്തുന്നത്. മാർച്ച് 25നാണ് ഡോ. ഡെയിം സാറാ മുല്ലള്ളിയുടെ സ്ഥാനാരോഹണം. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആംഗ്ലിക്കൻ വിശ്വാസികളുടെ ആത്മീയ നേതാവായാണ് സാറ എത്തുന്നത്.

17 അംഗ കമ്മിഷൻ ശുപാർശ ചെയ്ത നിയമനത്തിന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധികാരിയായ രാജാവ് ചാൾസ് മൂന്നാമൻ അംഗീകാരം നൽകിയതോടെയാണ് സഭയിൽ പുതു ചരിത്രം കുറിക്കാൻ വഴിതുറന്നത്. കാന്റർബറി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ സാറാ മുല്ലള്ളി ആർച്ച് ബിഷപ്പായി ഔദ്യോഗികമായി അവരോധിക്കപ്പെടും.

സാറയുടേത് ഒരു സാധാരണ ജീവിത കഥയല്ല. നഴ്‌സിങ് രംഗത്ത് സേവനം ആരംഭിച്ച അവർ, പിന്നീട് ബ്രിട്ടന്റെ ആരോഗ്യ മേഖലയിൽ ചീഫ് നഴ്‌സിങ് ഓഫീസർ വരെയെത്തി. കാൻസർ നഴ്‌സായി രോഗികളുടെ വേദന പങ്കിട്ട സാറ, പിന്നീട് സഭാ ശുശ്രൂഷയിലേക്കുള്ള വിളി സ്വീകരിച്ചു. ആത്മീയതയും ഭരണപരമായ കാര്യക്ഷമതയും ഒരുമിച്ചു കൊണ്ടുനടക്കുന്ന നേതാവെന്ന നിലയിലാണ് അവർ അറിയപ്പെടുന്നത്.

1994ൽ വനിതാ പുരോഹിതർക്കും 2015ൽ വനിതാ ബിഷപ്പുമാർക്കും സഭ വഴിതുറന്നപ്പോൾ തുടങ്ങിയ മാറ്റങ്ങളുടെ തുടർച്ചയാണ് സാറയുടെ നിയമനം. 2018ൽ ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി ചുമതലയേറ്റ സാറ, സഭയ്ക്കുള്ളിലെ പരിഷ്കരണ ശ്രമങ്ങളിൽ നിർണായക പങ്കുവഹിച്ചു.

എന്നാൽ ഈ ഉയർച്ച വെല്ലുവിളികളില്ലാത്തതല്ല. സ്വവർഗ വിവാഹം പോലുള്ള വിഷയങ്ങളിൽ സാറ സ്വീകരിക്കുന്ന പുരോഗമനപരമായ നിലപാടുകൾ സഭയിലെ യാഥാസ്ഥിതിക വിഭാഗത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. സ്ത്രീ നേതൃത്വം പൂർണമായി ഉൾക്കൊള്ളാൻ ഇന്നും തയ്യാറാകാത്ത ചില വിഭാഗങ്ങൾ സഭയ്ക്കുള്ളിൽ നിലനിൽക്കുന്നുവെന്നതും സാറയുടെ മുന്നിലുള്ള യാഥാർഥ്യമാണ്.

അതേസമയം, മുൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ രാജിക്കു ശേഷം സഭയെ സ്ഥിരതയിലേക്കും വിശ്വാസ്യതയിലേക്കും നയിക്കാൻ ആവശ്യമായ കരുത്തും കാഴ്ചപ്പാടും സാറയ്ക്കുണ്ടെന്ന വിശ്വാസമാണ് ഭൂരിഭാഗം വിശ്വാസികളും പങ്കുവയ്ക്കുന്നത്. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചയെ തുടർന്ന് 2024 നവംബറിൽ സ്ഥാനമൊഴിഞ്ഞ ജസ്റ്റിൻ വെൽബിയുടെ പകരക്കാരിയായാണ് സാറ ആംഗ്ലിക്കൻ സഭയുടെ ചരിത്രത്തിൽ പുതുഅദ്ധ്യായം എഴുതാൻ എത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img