
ദോഹ:മില്ലേനിയം കിഡ്സ് സംഘടിപ്പിച്ച 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന മലയാളം കവിതാ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മലയാള ഭാഷയും കേരളത്തിന്റെ സമ്പന്ന സാംസ്കാരിക പൈതൃകവും വിദ്യാർത്ഥികളിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ‘കേരളം നമ്മുടെ കേരളം’ എന്ന വിഷയത്തിലാണ് മത്സരം നടന്നത്. മില്ലേനിയം കിഡ്സ് പ്രതിനിധികൾ വിജയികളെ പ്രഖ്യാപിച്ചു.
ഖത്തറിലെ 20 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ നിന്നുള്ള ആൽബിൻ ഫിദറോസ്, ഷിബിൽ സൗമ്യ, അഖില അനീഷ്, ദിയ സന്ദീപ്, ഐസ നഷ്വ, അർപ്പിത അശോക് എന്നിവരുടെ ടീം സെമിഫൈനലിൽ ഇടം നേടി.
സീനിയർ വിഭാഗത്തിൽ ഭാവ്യ പുഷ്പിനി, ഗൗരി ശങ്കിനി രാജേന്ദ്രൻ എന്നിവർ അടങ്ങിയ ശാന്തിനികേതൻ സ്കൂൾ ടീം മികച്ച പ്രകടനത്തോടെ സെമിഫൈനലിലും തുടർന്ന് ഫൈനലിലും പ്രവേശിച്ചു.
നവംബർ 21-ന് ഒലീവ് സ്കൂളിൽ നടന്ന ഫൈനൽ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ശാന്തിനികേതൻ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയരായി.
വിജയം നേടിയ വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയ മലയാളം വകുപ്പ് അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം, വൈസ് പ്രിൻസിപ്പൽ സുജിത് കുമാർ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.











