02:05am 12 November 2026
NEWS
മെത്രാഭിഷേകത്തിന് സാന്ത്രക്രൂസ്സ് സ്ക്വയർ (പരേഡ് ഗ്രൗണ്ട് ) ഒരുങ്ങി
29/11/2025  05:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മെത്രാഭിഷേകത്തിന് സാന്ത്രക്രൂസ്സ് സ്ക്വയർ (പരേഡ് ഗ്രൗണ്ട് ) ഒരുങ്ങി

ഫോർട്ടുകൊച്ചി:  കൊച്ചി രൂപതയുടെ 36-ാമത് മെത്രാനെ സ്വീകരിക്കാൻ സാന്തക്രൂസ് സ്ക്വയർ (പരേഡ് ഗ്രൗണ്ട്) ഒരുങ്ങി. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ  പിള്ളത്തൊട്ടിലും ഭാരതത്തിലെ രണ്ടാമത്തെ രൂപതയുമാണ് കൊച്ചി. കൊച്ചി രൂപത മെത്രാനായിരുന്ന ബിഷപ്പ് ജോസഫ് കരിയിൽ വിരമിച്ചതിനു ശേഷം ഒന്നര  വർഷക്കാലത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനുമൊടുവിലാണ് പാപ്പ ലെയോ പതിനാലാമൻ റവ.ഡോ. ആന്റെണി കാട്ടിപ്പറമ്പിലിനെ കൊച്ചി രൂപതയുടെ പുതിയ മെത്രാനായി 2025 ഒക്ടോബർ 25 ന് പ്രഖ്യാപിച്ചു. 1557-ൽ സ്ഥാപിതമായ കൊച്ചി രൂപതയുടെ അഞ്ചാമത്തെ തദ്ദേശിയ മെത്രാനാണ് ബിഷപ്പ് ആന്റെണി കാട്ടിപ്പറമ്പിൽ .

നിയുക്ത മെത്രാന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങൾ നടക്കുന്നതായി കൊച്ചി രൂപത PRO റവ.ഡോ.ജോണി സേവ്യർ പതുക്കാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.

12000 പേരുടെ ഇരിപ്പിടത്തോടു കൂടിയ പന്തൽ നിർമ്മാണം പരേഡ് ഗ്രാണ്ടിൽ നടന്നു വരുന്നു. ഡിസംബർ 7 ന് ഫോർട്ടു കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന  മെത്രാഭിഷേക തിരുക്കർമങ്ങൾക്ക് ഗോവ ആർച്ച് ബിഷപ്പും  കർദിനാളുമായ ഫിലിപ്പ് നേരി ഫെറാവോ മുഖ്യകാർമികനായിയിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിലും , മുൻ കൊച്ചി രൂപത മെത്രാൻ ബിഷപ്പ് ജോസഫ് കരിയിലും സഹകാർമികരായിരിക്കും. കെച്ചി രൂപത അപ്പോസ്റ്റലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജയിംസ് ആനാപറമ്പിൽ സ്വാഗതമാശംസിക്കും. നിയുക്ത മെത്രാന്റെ സഹപാഠിയും തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയും എറണാകുളം - അങ്കമാലി അതിരൂപതയുടെ വാകാരിയുമായ മാർ ജോസഫ് പാംപ്ലാനി യാണ് ചടങ്ങിൽ വചനപ്രഘോഷണം നടത്തുന്നത്. അനുഗ്രഹ പ്രഭാഷണങ്ങൾക്കായി വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറെല്ലിയും സിറോ മലബാർ സഭയുടെ തലവൻ മാർ റാഫേൽ തട്ടിലും ഭാരത കത്തോലിക്ക മെത്രാൻ സഭയുടെ പ്രസിഡന്റ് ആയ മാർ അൻഡ്രൂസ് താഴത്തും കേരള ലത്തീൻ കത്തോലിക സമിതിയുടെ പ്രസിഡന്റ് ആർച്ചുബിഷപ്പ് വർഗ്ഗീസ് ചക്കാലക്കലും മലങ്കര കത്തോലിക്ക സഭയുടെ പ്രതിനിധിയും ഉണ്ടായിരിക്കും.

തിരുകർമ്മങ്ങൾ ഉച്ചതിരിഞ്ഞ് 2.30ന് മെത്രാസന മന്ദിരത്തിൽ നിന്ന് പ്രദക്ഷിണയോടെ ആരംഭിക്കും.ചടങ്ങുകളിൽ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നത് ഫാ. റാഫി കൂട്ടുങ്കൽ ഫാ. ബിബിൻ ജോർജ് തറേപറമ്പിൽ എന്നിവരാണ്. ബെൻസ് മ്യൂസിക്ക് ഓവൻ്റെ ബാനറിൽ ബെനഡിക്ട് ക്ലീറ്റസ് നിർമ്മിച്ച അഞ്ചോളം പുതിയ മലയാള ഗാനങ്ങൾക്കൊപ്പം മെത്രാഭിഷേക കർമ്മങ്ങളിൽ പരമ്പരാഗതമായി ലാറ്റിൻ ഗാനങ്ങൾ 170 - പേർ ചേർന്നാണ് ആലപിക്കുന്നത്.  ശ്രീ ജെർസൻ ആൻ്റെണി, ശ്രീ ജാക്സൺ അരുജ,ശ്രീ പ്രിൻസ് ജോസഫ് ശ്രീ ജിക്സൻ പീറ്റർ ശ്രീ റെക്സ് ഐസക്ക് ഫാ. ടൈറ്റസ് കുരിശുവീട്ടിൽ, എന്നിവർ സംഗീതവും ഓർക്കസ്ട്രേഷനുമൊക്കെ നൽകി ഒരുക്കുന്നു ഗാനങ്ങൾ പാടിയിരുക്കുന്നത് ശ്രീ കെസ്റ്റർ, ശ്രീ ഗാകുൽ ജോസഫ്, ഫാ. ബിബിൻ ജോർജ് തറേപറമ്പിൽ, ശ്രീ വിബിൻ സേവ്യർ, ശ്രീമതി റിയ ദാസ് , ഫാ. ഡോ. ഗ്രിംബാൾഡ് ലന്തപറമ്പിൽ എന്നിവരാണ് . ഫാ. ജസ്റ്റിൻ പനക്കൽ, ഫാ. റാഫി പര്യായാത്തുശ്ശേരി, ഫാ. ആൻ്റെണി ഉരുളോത്ത്, ഫാ. ജോണി സേവ്യർ പുതുക്കാട്ട്, ഫാ. ഗ്രിംബാൾഡ് ലന്തപറമ്പിൽ, ഡെൽറ്റസ് എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

12000 പേരുടെ ഇരിപ്പിടത്തോടു കൂടിയ പന്തലിന്റെയും 300 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേജിന്റെയും നിർമ്മാണം പരേഡ് ഗ്രൗണ്ടിൽ നടന്നു വരുന്നു.  500 പേരെ ഉൾക്കൊള്ളാവുന്ന 24 സെക്ടറുകളായാണ് പന്തൽ നിർമ്മിക്കുന്നത്. രണ്ടര ലക്ഷം വാട്ട്സ് സൗണ്ട് സിസ്റ്റമാണ് പന്തലിൽ സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങുകൾ നടക്കുന്ന  സാന്ത ക്രൂസ്സ് സ്ക്വയറും (പരേഡ് ഗ്രൗണ്ടും ) പരിസരവും ദീപാലങ്കാരങ്ങൾ നടത്തും.

13 ഇടങ്ങളിലായി വിപുലമായ പാർക്കിംഗ് സൗകര്യം തയ്യാറാക്കുന്നു. തിക്കും തിരക്കുമൊഴിവാക്കുന്നതിന് 1500 വോളണ്ടിയർമാർ സേവനം ചെയ്യും. ഗ്രൗണ്ടിൽ ആവശ്യമായ ഇ-ടോയ്ലറ്റുകളും മെഡിക്കൽ - ആംബുലൻസ് സൗകര്യങ്ങളും സജ്ജീകരിക്കും.

 വിശ്വാസികൾക്കും ചടങ്ങിൽ പങ്കെടുക്കുന്നവർക്കും പാർക്കിങ്ങ് സൗകര്യങ്ങളെ കുറിച്ചും ഗ്രൗണ്ടിലെ മറ്റ് സൗകര്യങ്ങളെ കുറിച്ചും അറിവു നൽകുന്ന മൊബൈൽ ആപ്പ് രൂപത പുറത്തിറക്കി.

ഫോർട്ടുകൊച്ചി മെത്രാസന മന്ദിരത്തോടു ചേർന്നുള്ള ഗാമ ഹെറിറ്റേജ് റെസിഡെൻസിയിൽ വെച്ചു നടത്തിയ പത്രസമ്മേളനത്തിൽ കൊച്ചി രൂപത അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററിറൻ്റെ ഡെലഗേറ്റ് മോൺസിഞ്ഞോർ ഷൈജു പരിയാത്തുശ്ശേരി രൂപതാ ചാൻസലറും പി.ആർ.ഒ.യുമായ ഫാ. ഡോ. ജോണി സേവ്യർ പുതുക്കാട്ട്, ഫാ. പ്രിൻസ് പുത്തൻചക്കാലക്കൽ, ഫാ. പ്രിൻസ് മാളിയേക്കൽ, ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ, ഫാ. ആൻ്റെണി കുഴുവേലിൽ, ഫാ. സ്റ്റീഫൻ ചാലക്കര, ഫാ. പോൾ പള്ളിപ്പറമ്പിൽ, ഫാ. മാക്സൺ കുറ്റിക്കാട്ട്,  ശ്രീ. ടി. എ. ഡാൽഫിൻ, ശ്രീ. സോണി പവേലിൽ, ശ്രീ. ക്രിസ്റ്റഫർ മാളിയേക്കൽ എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img