
അഹമ്മദാബാദ്: ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കിയത് ന്യൂസീലൻഡിനെ 96 റൺസിന് തോൽപിച്ചാണ്. തുടർച്ചയായ രണ്ടാം തവണ ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇതോടെ ഇന്ത്യയ്ക്ക് സ്വന്തം. ചരിത്രവിജയം രാജ്യം ആഘോഷിക്കുമ്പോൾ ഏറെ തിളക്കത്തോടെ മുന്നിൽ നിൽക്കുന്നത് ഒരു മലയാളി താരമാണ്. സഞ്ജു സാംസൺ. സഞ്ജുവിന്റെ കരുത്തിലാണ് ഇന്ത്യ വിജയത്തേരേറിയത്. തനിക്കെതിരായ എല്ലാ വിമർശനങ്ങളെയും മറികടന്നാണ് ലോകകപ്പ് വേദിയിൽ അത്ഭുതകരമായ പ്രകടനങ്ങളിലൂടെ സഞ്ജു തന്റെ കഴിവ് തെളിയിച്ചത്.
ലോകകപ്പിന് മുൻപ് ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന്റെ സ്ഥാനത്തെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ തുടർച്ചയായ മോശം പ്രകടനങ്ങൾ അദ്ദേഹത്തിന്റെ ലോകകപ്പ് സാധ്യതകൾ തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ രാവിൽ ഈ മലയാളി താരം, ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതെ കിരീടവിജയത്തിന്റെ ഭാഗമായിരുന്നെങ്കിൽ, ഇത്തവണ സഞ്ജുവിന്റെ ബാറ്റാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
റെക്കോർഡുകൾ തകർത്ത് സഞ്ജു
ടൂർണമെന്റിൽ അഞ്ചു മത്സരങ്ങൾ മാത്രമാണ് സഞ്ജു കളിച്ചത്. എന്നാൽ അതിൽ മൂന്ന് അർധസെഞ്ചറികളടക്കം 321 റൺസാണ് അദ്ദേഹം നേടിയത്. ഇതോടെ ട്വന്റി20 ലോകകപ്പിലെ ടോപ് സ്കോറർമാരിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. പാക്കിസ്ഥാന്റെ സഹിബ്സദ ഫർഹാൻ (383), ന്യൂസീലൻഡിന്റെ ടിം സെയ്ഫർട്ട് (326) എന്നിവരാണ് സഞ്ജുവിനെക്കാൾ മുന്നിലുള്ളത്. 2014 ലോകകപ്പിൽ വിരാട് കോലി നേടിയ 319 റൺസെന്ന റെക്കോർഡും സഞ്ജു മറികടന്നു.
ഫൈനലിൽ നേടിയ അദ്ദേഹത്തിന്റെ പ്രകടനം ചരിത്രം കുറിക്കുന്നതായി. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് ഇനി സഞ്ജുവിനാണ്. 2016ൽ വെസ്റ്റിൻഡീസ് താരം മാർലൻ സാമുവൽസ് നേടിയ 85 റൺസെന്ന നേട്ടം സഞ്ജു പിന്നിലാക്കി. അതേസമയം ഒരു ലോകകപ്പിന്റെ സെമിയിലും ഫൈനലിലും അർധസെഞ്ചറി നേടുന്ന താരങ്ങളുടെ പട്ടികയിലും സഞ്ജു ഇടം നേടി. വിരാട് കോലി, ഷാഹിദ് അഫ്രീദി എന്നിവർക്കുശേഷം ഈ നേട്ടം കൈവരിച്ച താരമാണ് സഞ്ജു.
ന്യൂസീലൻഡ് പരമ്പര: തുടക്കത്തിലെ തിരിച്ചടി
ലോകകപ്പിന് മുൻപ് നടന്ന ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര സഞ്ജുവിന് വലിയ തിരിച്ചടിയായിരുന്നു. അഞ്ചു മത്സരങ്ങളിൽ രണ്ടക്കം കടന്നത് ഒരിക്കൽ മാത്രം. വിശാഖപട്ടണത്ത് 24 റൺസ് നേടിയതൊഴിച്ചാൽ മറ്റെല്ലാ മത്സരങ്ങളിലും താരം നിരാശപ്പെടുത്തി. നാഗ്പുരിൽ 10, റായ്പുരിൽ 6, ഗുവാഹത്തിയിൽ പൂജ്യം, തിരുവനന്തപുരത്ത് 6 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. ഇതോടെ ലോകകപ്പ് പ്ലേയിങ് ഇലവനിൽ നിന്ന് സഞ്ജു പുറത്താകുമെന്ന വിലയിരുത്തലുകൾ ശക്തമായി.
അവസരം മാറി ഭാഗ്യം
ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവിന് അധികം അവസരം ലഭിച്ചില്ല. എന്നാൽ യുഎസിനെതിരായ മത്സരത്തിനു ശേഷം ഓപ്പണർ അഭിഷേക് ശർമയ്ക്ക് ഭക്ഷ്യവിഷബാധയേറ്റതോടെ സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചു. നമീബിയയ്‌ക്കെതിരെ 8 പന്തിൽ 22 റൺസ് നേടി ആക്രമണാത്മക തുടക്കം നൽകിയെങ്കിലും വലിയ സ്കോർ നേടാൻ സാധിച്ചില്ല. പിന്നീട് വീണ്ടും ടീമിൽ നിന്ന് പുറത്തായി.
വെസ്റ്റിൻഡീസിനെതിരെ നിർണായക ഇന്നിങ്‌സ്
സെമി ഫൈനലിലേക്കുള്ള നിർണായക മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ സഞ്ജു അതുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. 50 പന്തിൽ 97 റൺസ് നേടിയ അദ്ദേഹം ഇന്ത്യയെ അഞ്ച് വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. 12 ഫോറുകളും നാല് സിക്സുകളും ഉൾപ്പെട്ട ഇന്നിങ്‌സായിരുന്നു അത്. അർഹിച്ച സെഞ്ചറി മൂന്ന് റൺസ് അകലെ നഷ്ടമായെങ്കിലും മത്സരത്തിലെ മികച്ച താരമായി സഞ്ജു തിരഞ്ഞെടുക്കപ്പെട്ടു.
സെമിയിൽ വീണ്ടും തകർപ്പൻ പ്രകടനം
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിലും സഞ്ജു തിളങ്ങി. ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് നേടി. ഏഴ് സിക്സറും എട്ട് ഫോറും ഉൾപ്പെട്ട ഇന്നിങ്‌സായിരുന്നു അത്. ഇഷാൻ കിഷനുമായി ചേർന്ന് 97 റൺസിന്റെ കൂട്ടുകെട്ടും സഞ്ജു ഉണ്ടാക്കി. തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച താരമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ഐപിഎൽ ലക്ഷ്യം; ഭാവിയിൽ ക്യാപ്റ്റൻസിയും?
ലോകകപ്പിന് ശേഷം സഞ്ജുവിന്റെ അടുത്ത ലക്ഷ്യം ഐപിഎലാണ്. 18 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിന്റെ ടീമിലേക്ക് മാറിയ അദ്ദേഹം ഇനി ചെപ്പോക്കിലെ ആരാധകരുടെ പ്രിയതാരമാകും. ഇന്ത്യൻ ടീമിൽ ട്വന്റി20 ഫോർമാറ്റിൽ സഞ്ജുവിന്റെ സ്ഥാനം ഇപ്പോൾ ഏറെ ശക്തമാണ്. ഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിനെ ഒരു മലയാളി നായകൻ നയിക്കുന്ന ദിനം പോലും അധികം ദൂരെയല്ലെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.
ഫൈനൽ മത്സരം ഇങ്ങനെ..
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണെടുത്തത്. സഞ്ജു 89 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. അഭിഷേക് ശർമയും ഇഷാൻ കിഷനും അർധസെഞ്ചുറിയോടെ തിളങ്ങി. ഇന്നിങ്‌സിന്റെ ആദ്യ നാലുപന്തുകളിലും റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും അഞ്ചാം പന്തിൽ സിക്‌സറോടെ സഞ്ജുവാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ ഓവറിൽ ഏഴ് റൺസും രണ്ടാം ഓവറിൽ അഞ്ച് റൺസും പിറന്നു. പിന്നീട് സഞ്ജുവും അഭിഷേകും വെടിക്കെട്ടിന് തിരികൊളുത്തി. ജേക്കബ് ഡഫി എറിഞ്ഞ മൂന്നാം ഓവറിൽ 15 റൺസാണ് സഞ്ജുവും അഭിഷേകും ചേർന്ന് അടിച്ചെടുത്തത്. സിക്‌സറുകൾ പറപറന്നതോടെ നാലാം ഓവറിൽ 24 റൺസും പിറന്നു. അതോടെ നാലോവറിൽ സ്‌കോർ 51 ലെത്തി. അഞ്ചാം ഓവറിൽ 21 റൺസും ആറാം ഓവറിൽ 20 റൺസും അടിച്ചെടുത്ത് ഇന്ത്യൻ ഓപ്പണർമാർ കത്തിക്കയറിയതോടെ കിവീസ് ബൗളർമാർക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
ആറോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. ആറാം ഓവറിൽ അഭിഷേക് അർധസെഞ്ചുറിയും തികച്ചു. 18 പന്തിലാണ് ഫിഫ്റ്റി. എന്നാൽ ഏട്ടാം ഓവറിൽ അഭിഷേക് പുറത്തായി. 21 പന്തിൽ 52 റൺസെടുത്താണ് താരം പുറത്തായത്. പിന്നാലെയിറങ്ങിയ ഇഷാൻ കിഷനുമൊത്ത് സഞ്ജു ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഇഷാനും തകർത്തടിച്ചതോടെ ഇന്ത്യ കുതിച്ചു. പത്തോവർ അവസാനിക്കുമ്പോൾ 127-1 എന്ന നിലയിലായിരുന്നു ഇന്ത്യ.
പിന്നാലെ സഞ്ജുവിന്റെ ഫിഫ്റ്റിയുമെത്തി. 33 പന്തിലാണ് സഞ്ജു അർധസെഞ്ചുറിയെത്തിയത്. അനാവശ്യഷോട്ടുകൾക്ക് മുതിരാതെ ശ്രദ്ധയോടെ കളിക്കുന്ന ഒരു പ്രൊഫഷണൽ ക്ലാസ് ഇന്നിങ്സായിരുന്നു സഞ്ജുവിന്റേത്. അർധസെഞ്ചുറിക്ക് പിന്നാലെ താരം ട്രാക്ക് മാറ്റി. കിവീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഒപ്പം ഇഷാനും ചേർന്നതോടെ അഹമ്മദാബാദ് അക്ഷരാർഥത്തിൽ ആവേശക്കടലായി മാറി.
12-ാം ഓവറിലാണ് ഇന്ത്യ 150 കടക്കുന്നത്. ലോക്കി ഫെർഗൂസൺ എറിഞ്ഞ ആ ഓവറിൽ രണ്ട് സിക്‌സറുകളും ഒരു ഫോറുമാണ് മലയാളി താരം അടിച്ചെടുത്തത്. ആകെ പിറന്നത് 24 റൺസ്. രചിൻ രവീന്ദ്ര എറിഞ്ഞ 14-ാം ഓവറിലെ അവസാന മൂന്ന് പന്തുകളും സഞ്ജു അതിർത്തികടത്തി. അതോടെ ടീം 191 ലെത്തി. 15-ാം ഓവറിലാകട്ടെ ഇഷാൻ കിഷന്റെ ഫിഫ്റ്റിയുമെത്തി. ആ ഓവറിൽ തന്നെ ഇന്ത്യ 200 റൺസും കടന്നു.
ഇന്ത്യൻ ബാറ്റർമാർ താണ്ഡവമാടിയ അഹമ്മദാബാദിൽ പിന്നീട് കിവീസ് തിരിച്ചടിക്കുന്നതാണ് കണ്ടത്. ജയിംസ് നീഷാം എറിഞ്ഞ 16-ാം ഓവറിലെ ആദ്യ പന്തിൽ സഞ്ജു മടങ്ങി. ലോങ് ഓണിൽ ക്യാച്ചായി പുറത്താകുമ്പോൾ 46 പന്തിൽ 89 റൺസായിരുന്നു മലയാളി താരത്തിന്റെ സമ്പാദ്യം. അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സെമിയിൽ ഇംഗ്ലണ്ടിനെതിരേ കുറിച്ച അതേ സ്‌കോർ. ഓവറിലെ അഞ്ചാം പന്തിൽ ഇഷാൻ കിഷനും അവസാന പന്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും വീണതോടെ ഇന്ത്യ അൽപ്പം പ്രതിരോധത്തിലായി. ഇഷാൻ 25 പന്തിൽ നിന്ന് 54 റൺസെടുത്തപ്പോൾ സൂര്യ ഗോൾഡൻ ഡക്കായി മടങ്ങി. 16 ഓവറിൽ ഇന്ത്യ 204-4.
പിന്നീട് ബൗളർമാർ പിടിമുറുക്കിയതോടെ ഇന്ത്യയുടെ റണ്ണൊഴുക്ക് കുറഞ്ഞു. ഹാർദിക്കും തിലക് വർമയും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. 18 ഓവർ കഴിയുമ്പോൽ 220 റൺസായിരുന്നു ഇന്ത്യയെടുത്തത്. ഹാർദിക് 18 റൺസുമായി പുറത്തായി. അവസാന ഓവറിൽ ദുബെ വെടിക്കെട്ട് നടത്തിയപ്പോൾ പിറന്നത് 24 റൺസ്. അതോടെ ഇന്ത്യ 255 ലെത്തി.
ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റേന്തിയ കിവീസിനെ തുടക്കത്തിൽ ഇന്ത്യ പ്രതിരോധത്തിലാക്കി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ അലനെ ശിവം ദുബെ കൈവിട്ടെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചുവന്നു. രണ്ടാം ഓവറിൽ കിവീസ് ബാറ്റർമാർ 21 റൺസാണ് അടിച്ചെടുത്തത്. എന്നാൽ പിന്നീടെറിഞ്ഞ രണ്ടോവറിലും ബൗളർമാർ വിക്കറ്റ് വീഴ്ത്തി. ഫിൻ അലനെ(9) അക്ഷർ പട്ടേലും രചിൻ രവീന്ദ്രയെ(1) ബുംറയും പുറത്താക്കി. നാലോവർ അവസാനിക്കുമ്പോൾ 36-2 എന്ന നിലയിലായിരുന്നു കിവീസ്. അഞ്ച് റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സിനെ അക്ഷർ പട്ടേലും കൂടാരം കയറ്റിയതോടെ ന്യൂസിലൻഡ് വൻ പ്രതിരോധത്തിലായി.
ടിം സെയ്‌ഫേർട്ടാണ് കിവീസ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. സെയ്‌ഫേർട്ട് അർധസെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല. താരം 52 റൺസെടുത്തു.ചാപ്മാൻ(3)ഡാരിൽ മിച്ചൽ(17), ജയിംസ് നീഷാം(8), മാറ്റ് ഹെന്റി(0) എന്നിവർ നിരാശപ്പെടുത്തിയതോടെ കിവീസ് അടിയറവ് പറഞ്ഞു. പിന്നീട് ക്യാപ്റ്റൻ സാന്റ്‌നർ പൊരുതിയെങ്കിലും എത്തിപ്പിടിക്കാവുന്ന ലക്ഷ്യമായിരുന്നില്ല. സാന്റ്‌നർ 43 റൺസെടുത്തു. വിക്കറ്റ് വീഴ്ത്തി ബുംറ തിരിച്ചടിച്ചതോടെ 159 റൺസിന് കിവീസ് പുറത്തായി. ഇതോടെ ഇന്ത്യക്ക് ലോകകപ്പിൽ മുത്തമിടാനായി.











