09:46pm 12 November 2026
NEWS
ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരം സഞ്ജു സാംസൺ സ്വന്തമാക്കി
14/04/2026  03:45 PM IST
nila
ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരം സഞ്ജു സാംസൺ സ്വന്തമാക്കി

മുംബൈ: മാർച്ചിലെ ഐസിസി ‘പ്ലെയർ ഓഫ് ദ് മന്ത്’ പുരസ്കാരം ഇന്ത്യൻ താരം സഞ്ജു സാംസണിന്. ട്വന്റി20 ലോകകപ്പിൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് അദ്ദേഹത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ഐസിസി പുരസ്കാരം സഞ്ജുവിന് ലഭിക്കുന്നത് ഇതാദ്യമായാണ്. ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ജസ്പ്രീത് ബുമ്രയെ പിന്തള്ളിയാണ് സഞ്ജു വിജയിച്ചത്. ഐപിഎൽ അരങ്ങേറ്റത്തിന്റെ 13–ാം വാർഷികദിനത്തിലാണ് സഞ്ജു സാംസണെ തേടി പുരസ്കാരം എത്തിയത്. 

അതേസമയം, വനിതാ വിഭാഗത്തിൽ ന്യൂസീലൻഡിന്റെ ഓൾറൗണ്ടർ മെലി കെർ പുരസ്കാരം സ്വന്തമാക്കി. വിവിധ ഫോർമാറ്റുകളിലുടനീളം നടത്തിയ സ്ഥിരതയാർന്ന പ്രകടനമാണ് താരത്തിന് തുണയായാത്. 

‘‘ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം നേടുക എന്നത് അവിശ്വസനീയമായ ഒരു വികാരമാണ്, പ്രത്യേകിച്ച് എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഘട്ടത്തിൽ ഇത് ലഭിക്കുമ്പോൾ. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് സത്യത്തിൽ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.’’– പുരസ്കാര നേട്ടത്തിനു പിന്നാലെ സഞ്ജു പറഞ്ഞു.

ട്വന്റി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായിരുന്നു സഞ്ജു സാംസൺ.‌ ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ സഞ്ജുവിന് അവസരം ലഭിച്ചില്ലെങ്കിലും നിർണായക മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യയെ സഹായിക്കുകയും ചെയ്തു. കൊൽക്കത്തയിൽ നടന്ന അവസാന സൂപ്പർ 8 മത്സരത്തിൽ വെസ്റ്റീൻഡീസിനെതിരെ സഞ്ജു പുറത്താകാതെ 97 റൺസ് നേടി. തുടർന്ന് മുംബൈയിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 89 റൺസും അഹമ്മദാബാദിൽ ന്യൂസീലൻഡിനെതിരായ ഫൈനലിൽ 89 റൺസും നേടി.

നിലവിൽ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിക്കുന്ന സഞ്ജു, കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയിരുന്നു. ഇന്നു കൊൽക്കത്തെയ്ക്കെതിരെയാണ് സഞ്ജുവിന്റെ അടുത്ത മത്സരം. സഞ്ജു ഐപിഎലിൽ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നു 13 വർഷം തികയുകയാണ്. 2013 ഏപ്രിൽ 14ന്, പഞ്ചാബിനെതിരെ രാജസ്ഥാൻ ജഴ്സിയിലാണ് സഞ്ജു ഐപിഎലിൽ അരങ്ങേറിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img