
കന്നഡ സിനിമയിലെ ലഹരി ഇടപാട് കേസിൽ നിന്നും നടി സഞ്ജന ഗൽറാണിയെ ഒഴിവാക്കി. കർണാടക ഹൈക്കോടതിയാണ് താരത്തിനെതിരായ നിയമനടപടികൾ അവസാനിപ്പിച്ചത്. 2024 ജൂണിൽ സഞ്ജന ഗൽറാണിക്കെതിരായ നിയമനടപടികൾ മരവിപ്പിച്ച ഉത്തരവിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. സഞ്ജനയ്ക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങൾക്കു പ്രത്യേക എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടില്ലെന്നു കണ്ടെത്തിയായിരുന്നു ഹൈക്കോടതിയുടെ നടപടി.
2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് സഞ്ജന ലഹരി ഇടപാടു നടത്തിയെന്ന് ആരോപിച്ചായിരുന്നു കോട്ടൺപേട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇതേ കേസിൽ 2015, 2018, 2019 വർഷങ്ങളിൽ ഇവർ ചെയ്തെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇവയ്ക്കായി പൊലീസ് പ്രത്യേക എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിരുന്നില്ല. 2020 സെപ്റ്റംബർ 8ന് ബെംഗളൂരു പൊലീസിനു കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജനയ്ക്കു മൂന്നു മാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.











