
ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ ഹജ്ജ് ചെയ്യാനൊരുങ്ങുന്നു. താരം തന്നെയാണ് താൻ ഹജ്ജിന് തയ്യാറെടുക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. തന്റെ ഭാഗത്തു നിന്നുണ്ടായ എല്ലാ തെറ്റുകൾക്കും പോരായ്മകൾക്കും മാപ്പ് ചോദിക്കുന്നെന്നും താരം സമൂഹ മാധ്യമത്തിൽ കുറിച്ചു.
എൻറെ പ്രിയപ്പെട്ടവരോട്, ഹജ്ജ് എന്ന പരിശുദ്ധ കർമം ചെയ്യാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരിക്കുന്നു. ഞാനും അനുഗ്രഹിക്കപ്പട്ടവളായി മാറിയിരിക്കുന്നു. ഈ പുതിയ അനുഭവത്തിനായി ഞാൻ തയ്യാറെടുക്കുമ്പോൾ, എൻറെ ഭാഗത്തു നിന്നുണ്ടായ എല്ലാ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ വിനയപൂർവ്വം നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എൻറെ പ്രാർത്ഥനകൾ അള്ളാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ ഈ പാതയിൽ തന്നെ നയിക്കുമെന്നും പ്രതീക്ഷിക്കുന്നു.- സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഞാൻ ഭാഗ്യവതിയാണ്, അങ്ങേയറ്റം നന്ദിയുള്ളവളാണ്. ഈ ജീവിതയാത്ര ആരംഭിക്കുമ്പോൾ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും എന്നെയും ഉൾപ്പെടുത്തുണം. എളിമയുള്ള ഹൃദയവും ശക്തമായ ഈമാനുമുള്ള ഒരു പുതിയ മനുഷ്യനായി മടങ്ങിവരാനകുമെന്നാണ് തൻറെ പ്രതീക്ഷയെന്നും സാനിയ കുറിച്ചു. പ്രഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ അഞ്ച് മാസം മുമ്പാണ് പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയത്.