01:51am 18 September 2026
NEWS
വേടനെ തൊട്ട് സംഘപരിവാറിന് കൈപൊള്ളി; ബി.ജെ.പി നിലപാട് മാറ്റിയതിന് പിന്നിൽ
11/06/2025  07:41 PM IST
പ്രദീപ് ഉഷസ്സ്
വേടനെ തൊട്ട് സംഘപരിവാറിന് കൈപൊള്ളി; ബി.ജെ.പി നിലപാട് മാറ്റിയതിന് പിന്നിൽ
HIGHLIGHTS

കെ.പി. ശശികലയുടെ നിലപാടുകൾ തള്ളി രാജീവ്ചന്ദ്രശേഖർ.

പ്രമുഖ റാപ്പ് ഗായകൻ ഹിരൺ മുരളിയെന്ന വേടനെതിരായ നീക്കങ്ങളിൽ നിന്നും പിന്മാറി ബി.ജെ.പി സംസ്ഥാന നേതൃത്വം. സംഘ്പരിവാർ നേതാവായ കെ.പി. ശശികലയും, കേസരി മുഖ്യപത്രാധിപർ എൻ.ആർ. മധുവും, പാലക്കാട് നഗരസഭാ കൗൺസിലറും ബി.ജെ.പി നേതാവുമായ മിനികൃഷ്ണകുമാറുമെല്ലാം വേടനെതിരെ നിശിതവിമർശനങ്ങളുമായി രംഗത്തെത്തുകയും, ആവിധം വാദഗതികൾ ബി.ജെ.പി അണികൾ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം, ഈ വിധം നിലപാട് മാറ്റവുമായി രംഗത്തെത്തിയത്. വേടനെതിരെ പരസ്യപ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്ന കർശനനിർദ്ദേശവും സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്.
വേടന് വളരെയധികം ജനപിന്തുണയുള്ള സാഹചര്യത്തിൽ, വേടനെതിരായ ആരോപണങ്ങൾ ബൂമറാംഗായി തിരിച്ചടിക്കുമെന്ന് കരുതിയാണ് വിദഗ്ദ്ധമായി കളം മാറ്റിച്ചവിട്ടാൻ ബി.ജെ.പി നേതൃത്വം നിർബന്ധിതരായത്.

ഹിരൺദാസ് മുരളി എന്ന 'വേടന്' വളരെയധികം സ്വീകാര്യതയാണ് യുവതലമുറയിൽ ഉള്ളത്. വേടന്റെ ഓരോ സംഗീതവേദികളിലും പതിനായിരക്കണക്കിന് പേർ എത്തിച്ചേരുന്നതുതന്നെ അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. സാധാരണ സംഗീത പരിപാടികളിൽ നിന്നും വ്യത്യസ്തമായി, വ്യക്തവും ശക്തവുമായ രാഷ്ട്രീയമാണ് തന്റെ 'റാപ്പ്' വേദികളിൽ പാടിയും പറഞ്ഞും വേടൻ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. ലോകത്തെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവന്റെ വേദനകളും ജാതീയ വേർതിരിവിനെതിരായ ചെറുത്തുനിൽപ്പുകളും, അസമത്വത്തിനെതിരായ ചോദ്യം ചെയ്യലുമെല്ലാം വേടന്റെ സംഗീതപരിപാടികളെ വേറിട്ടുനിർത്തുന്നു. വേടൻ ഉയർത്തുന്ന പൊള്ളുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തവരാണ് അവന്റെ നിറം നോക്കിയും, ജാതിനോക്കിയും ഭാഷ നോക്കിയുമെല്ലാം, ആക്ഷേപബുദ്ധ്യാ വിമർശനവുമായി രംഗത്തെത്തുന്നത്. വേടന്റെ ചോദ്യങ്ങൾ അല്ല, അവന്റെ ജീവിതസാഹചര്യങ്ങളും ലഹരി ഉപയോഗിക്കുന്നുവെന്ന ചർച്ചകളുമെല്ലാം ഉയർത്തിക്കൊണ്ട് വരുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തന്നെയാണ്.

താൻ ലഹരി ഉപയോഗിച്ചിരുന്നതായും, തനിക്ക് തെറ്റുപറ്റിയതായും, ആ വഴിയിലേക്ക് മറ്റാരും കടന്നുവരരുതെന്നും, വേടൻ തുറന്നുപറഞ്ഞിട്ടുണ്ട്. വീഴ്ചകൾ തിരിച്ചറിഞ്ഞ് തിരുത്താൻ തയ്യാറാകുന്നതിനെ കാണാതെ ആക്ഷേപിക്കുന്നതും, അസഭ്യം ചൊരിയുന്നതുമെല്ലാം, വേടൻ കെട്ടഴിച്ച് വിടുന്ന ചിന്താധാരകളെ പ്രതിരോധിക്കാൻ കഴിയാതെ വരുമ്പോഴാണെന്ന് വ്യക്തം. പുറമെ പുരോഗമനം പറയുമ്പോഴും ഉള്ളിൽ സവർണ്ണമനസ്സ് ചുമക്കുന്നവരാണ് വേടന്റെ ജനപ്രീതിക്ക് മുന്നിൽ പ്രകോപിതരാകുന്നത്. അവരാണ് പ്രത്യക്ഷത്തിൽ നിഷ്‌കളങ്കമെന്ന് തോന്നുന്നവിധത്തിൽ വേടനെതിരെ ആക്ഷേപങ്ങൾ ചൊരിയുന്നത്. സിനിമാ മേഖലയിലടക്കം താരപരിവേഷമുള്ള നടന്മാർ ലഹരി ഉപയോഗിക്കുന്ന വാർത്തകൾ പുറത്തുവരുമ്പോൾ, ഇക്കൂട്ടർ ബോധപൂർവ്വം നിശബ്ദരാകും. പ്രമുഖർ ആനക്കൊമ്പും, പുലിത്തോലും സൂക്ഷിക്കുന്നതിനെതിരെ നിയമനടപടികൾ ഉണ്ടായാലും, ഈ 'നിഷ്‌കളങ്കർ' അറിഞ്ഞഭാവം നടിക്കില്ല. അതേസമയം വേടന്റെ മാലയിൽ 'പുലിപ്പല്ല്' കണ്ടു സടകുടഞ്ഞു എഴുന്നേറ്റവർ വേടൻ എന്ന വ്യക്തിയോട് മാത്രമല്ല, വേടൻ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തോടും, ഉയർത്തുന്ന ജീവിതവീക്ഷണത്തോടുമുള്ള അസഹിഷ്ണുത കൂടിയാണ് വിളിച്ച് പറഞ്ഞത്. 

അതേസമയം, ചാതുർവർണ്ണ്യനയങ്ങൾ പടിപടിയായ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സവർണ്ണ ജാതിമേൽക്കോയ്മകൾക്കെതിരെയും, സമൂഹത്തെ തരംതിരിക്കുന്ന അനീതികൾക്കെതിരെയും, വേടൻ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ലഭിക്കുന്ന ജനകീയ സ്വീകാര്യത ഇത്തരക്കാരെ വല്ലാതെ ഞെട്ടിപ്പിക്കുന്നുണ്ട്. യുവതലമുറ വല്ലാതെ അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നുവെന്ന ചർച്ചകൾ ഒരു വിഭാഗം ഉയർത്തുന്നതിനിടയിലാണ്, ഞങ്ങൾ പറയുന്നത് വ്യക്തമായ രാഷ്ട്രീയമാണെന്നും, ചവിട്ടിനിൽക്കുന്ന മണ്ണിനെ മറന്ന് മറ്റൊരു ജീവിതമില്ലെന്നും വേടൻ പറഞ്ഞപ്പോൾ, യുവതലമുറ ആവേശപൂർവ്വമത് ഏറ്റെടുത്തു. 'ഇന്ന് എവിടെയും ജാതീയ വേർതിരിവുകൾ ഇല്ല, എല്ലാവരും സമത്വസുന്ദരമായാണ് ജീവിക്കുന്നത്' എന്ന മട്ടിലുള്ള അസത്യപ്രചരണങ്ങളെ, ഒന്നൊന്നായി തകർത്തുകൊണ്ടാണ് വേടൻ പ്രേക്ഷകർക്കിടയിൽ കൊടുങ്കാറ്റായി ആഞ്ഞുവീശുന്നത്...

അവിടെ ഉത്തരം മുട്ടുമ്പോഴാണ്, 'ഇതാണോ സംഗീതം; ഇങ്ങനെയാണോ പാടേണ്ടത്? ഗോത്രകലകൾ അവതരിപ്പിച്ചാൽ പോരേ' എന്നൊക്കെയുള്ള ചോദ്യങ്ങൾ പലർക്കും ഉയർത്തേണ്ടി വരുന്നത്. എന്താണ് റാപ്പ് സംഗീതമെന്നും, ആഗോളതലത്തിൽ അതുയർത്തിയ തീവ്രചലനങ്ങൾ എന്താണെന്നും തിരിച്ചറിയാത്തവരാണ് ഈ വിധത്തിൽ 'നിഷ്‌കളങ്ക' ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നതെന്നതും വ്യക്തം. അതേസമയം സോഷ്യൽമീഡിയയുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുന്ന യുവതലമുറയാകട്ടെ, ഈവിധം അടിയൊഴുക്കുകൾ ഉൾക്കൊള്ളുകയും, ചോദ്യങ്ങൾ ശക്തമായി ഏറ്റെടുക്കുകയും ചെയ്യുന്നു. കുറച്ചുകാലമായി കേരളത്തിലുടനീളം നിശബ്ദമായ ഒരു തരംഗം പോലെ ഈ വികാരം കത്തിപ്പടരുന്നുണ്ട്. ലഹരിക്കടിമപ്പെട്ട 'കഞ്ചാവോളി'കളുടെ കൂട്ടമെന്ന് വിലകുറച്ച് കാണാൻ ശ്രമിച്ചവർക്ക് പോലും വസ്തുതകൾ കൈവിട്ട് പോകുന്നതായി ഇപ്പോൾ ബോധ്യമായിട്ടുണ്ട്.

ആരാധകരും വോട്ടുബാങ്കും

വേടൻ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ലഭിക്കുന്ന ജനകീയ സ്വീകാര്യത പ്രഖ്യാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വല്ലാതെ ഞെട്ടിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനം ബി.ജെ.പിയും മറ്റ് സംഘപരിവാർ സംഘടനകളുമാണ്. വേടന്റെ ആരാധകരായ യുവതലമുറകൾ, വലിയൊരു വോട്ടുബാങ്ക് കൂടിയാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും, വൈകാതെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പുമെല്ലാം ആസന്നമായ സാഹചര്യത്തിൽ വേടനെ കടന്നാക്രമിക്കുന്നത് കനത്ത തിരിച്ചടിയായി മാറുമെന്ന നിലപാടിലേക്ക് വൈകിയെങ്കിലും ബി.ജെ.പി നേതൃത്വം എത്തിയത് ഈ സാഹചര്യത്തിലാണ്.

ഈവിധം അടിയൊഴുക്കുകൾ ആദ്യംതന്നെ തിരിച്ചറിഞ്ഞത് സി.പി.എം നേതൃത്വമാണ്. നവോത്ഥാന പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്ന നേതാവാണ് വേടൻ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ വിശേഷണം. വേടനെ രാജ്യദ്രോഹിയും വിഘടനവാദിയുമായി ചിത്രീകരിക്കാൻ ചിലർ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സർക്കാരിന്റെ വാർഷികാഘോഷ വേദികളിലും, മുഖ്യമന്ത്രി പങ്കെടുത്ത മറ്റ് പരിപാടികളിലും അതിഥിയായി 'വേടന്റെ' സാന്നിദ്ധ്യവും പിന്നീടുണ്ടായി. ആദ്യമൊന്നും രംഗത്ത് വരാൻ തയ്യാറായില്ലെങ്കിലും, അധികം വൈകാതെ കോൺഗ്രസ് നേതൃത്വവും വേടന് അനുകൂല സമീപനവുമായി എത്തി. രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെയുള്ള യുവനേതാക്കൾ വേടൻ ഉയർത്തുന്ന രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിന് പിന്നിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടവുമൊക്കെ തുറന്ന ചർച്ചയാക്കി മാറ്റുകയും ചെയ്തു. അതിലും വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നതും വ്യക്തം.

ബി.ജെ.പിയുടെ അടവുനയവും സംഘപരിവാർ പ്രതികരണവും

വേടന്റെ ജനകീയസ്വീകാര്യതയും, വോട്ടുബാങ്കായി മാറാൻ സാദ്ധ്യതയുള്ള യുവതലമുറയുള്ള പിൻബലവുമെല്ലാം തിരിച്ചറിഞ്ഞാണ് 'വേടൻ' വിഷയത്തിൽ നിസ്സംഗ സമീപനം കൈക്കൊള്ളാൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്. ഒരർത്ഥത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കൈക്കൊണ്ട അടവുനയം തന്നെയായിരുന്നു ഇത്.

ഈ നീക്കത്തിൽ കടുത്ത അസംതൃപ്തിയായിരുന്നു തീവ്രഹൈന്ദവ വികാരം പേറുന്ന ചില സംഘപരിവാർ നേതാക്കൾക്കുമുണ്ടായിരുന്നത്. ആർ.എസ്.എസ് മുഖമായ 'കേസരി' വാരികയുടെ മുഖ്യപത്രാധിപർ എൻ.ആർ. മധു വേടനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർത്തി രംഗത്ത് വന്നത് ഈ സാഹചര്യത്തിലായിരുന്നു. വേടന് പിറകിൽ, രാജ്യദ്രോഹികളും വിഘടനവാദികളും ഉണ്ടെന്നും, സംഗീതത്തിന്റെ പേരിൽ വേടൻ കലാഭാസം നടത്തുകയാണെന്നും, പുതിയ തലമുറയിൽ വിഷം കുത്തിവയ്ക്കുകയാണെന്നുമുള്ള മട്ടിൽ അത്യന്തം അക്രമോത്സുകമായാണ് എൻ.ആർ.  മധു പ്രതികരിച്ചത്.

വേടനെപ്പോലെയുള്ളവർ നടത്തുന്ന കലാഭാസങ്ങൾ ക്ഷേത്ര പരിസരങ്ങളിൽ അനുവദിക്കരുതെന്നും, ഇങ്ങനെ പോയാൽ ആളുകൂടാൻ കാബറെ ഡാൻസ് വെയ്ക്കണമെന്ന് വാദിക്കുന്നവരും ഉണ്ടാകും എന്നെല്ലാം അദ്ദേഹം ആരോപിച്ചിരുന്നു. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന വിഘടനവാദികളുടെ കയ്യിലെ ആയുധമാണ് വേടൻ എന്ന വിധത്തിലുള്ള എൻ.ആർ. മധുവിന്റെ പ്രതികരണങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സംഘപരിവാർ നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ലഭിച്ചത്. അതേസമയം, വേടനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന പരാതിയിൽ, എൻ.ആർ. മധുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാസെക്രട്ടറി ശ്യാം മോഹൻ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയതിനും, കലാപാഹ്വാനം ചെയ്തതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

കേസരി മുഖ്യപത്രാധിപരുടെ പ്രതികരണവും, തുടർന്ന് സംഘപരിവാർ അനുഭാവികൾ വേടനെതിരെ നടത്തിയ അധിക്ഷേപങ്ങളും വൻവിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. എൻ.ആർ. മധുവിനെതിരെ കേസ് എടുത്തത് മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന നിലപാടുമായി, കർക്കശ പ്രതികരണങ്ങളുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല കൂടി രംഗത്തെത്തിയതോടെ വിവാദങ്ങൾ കൂടുതൽ ശക്തമായി കത്തിപ്പടർന്നു.

തീവ്ര ഇസ്ലാമിക സംഘടനകളും, ഹിന്ദുവിരുദ്ധ ശക്തികളുമാണ് വേടന്റെ പ്രമോട്ടർമാർ എന്നും, ദലിത് വിഭാഗങ്ങളെ ഹൈന്ദവ സമൂഹത്തിൽ നിന്നും വേർപെടുത്തി ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള തീവ്ര ഇസ്ലാമിസ്റ്റുകളുടെ അജണ്ടയാണ് വേടൻ നടത്തുന്നതെന്നുമുള്ള ഗുരുതര ആരോപണമാണ് കെ.പി. ശശികല ഉയർത്തിയത്.

പട്ടികജാതി പട്ടികവർഗ്ഗക്കാരുടെ തനത് സംഗീതങ്ങൾ അവതരിപ്പിക്കുന്നതിന് പകരം എന്തിന് 'റാപ്പ്' അവതരിപ്പിക്കണമെന്ന അത്യന്തം വിഷലിപ്തമായ ചോദ്യവും കെ.പി. ശശികല ഉയർത്തുകയുണ്ടായി. അവർണ്ണവിഭാഗങ്ങൾ എന്ത് പറയണം, പാടണം, എന്ത് ഭക്ഷിക്കണം, എന്ത് ചിന്തിക്കമെന്ന് ഞങ്ങൾ പറയും എന്ന മട്ടിലുള്ള ഫാസിസ്റ്റ് വീക്ഷണമാണ് ഹിന്ദു ഐക്യവേദി നേതാവായ കെ.പി. ശശികല ഉയർത്തിയതെന്ന വിധത്തിൽ ശക്തമായ വിവാദങ്ങളാണ് ഇതിനെ തുടർന്ന് ഉയർന്നത്. വേടന്റെ കുടുംബാന്തരീക്ഷത്തെപ്പോലും അപഹസിക്കുന്ന വിധത്തിലുള്ള പദപ്രയോഗങ്ങൾ നടത്തിയ ശശികലയ്‌ക്കെതിരെ വിവിധ കോണുകളിൽ നിന്നും കക്ഷിരാഷ്ട്രീയവ്യത്യാസമെന്യേ രൂക്ഷപ്രതികരണങ്ങൾ ഉയരുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തര വകുപ്പിനും പരാതി

ബി.ജെ.പി നേതാവും, പാലക്കാട് നഗരസഭയിലെ കൗൺസിലറുമായ മിനി കൃഷ്ണകുമാർ വേടനെതിരെ രംഗത്തുവന്നത് ഇതിനിടയിലായിരുന്നു. മറ്റ് സംഘപരിവാർ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി വേടനെതിരെ കേന്ദ്ര ആഭ്യന്തര വകുപ്പിനും, എൻ.ഐ.എയ്ക്കും പരാതി നൽകുകയാണ് ഇവർ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കപടദേശീയവാദിയെന്ന് ആക്ഷേപിച്ചതായും, ഇല്ലാത്ത ജാതിവ്യവസ്ഥയെക്കുറിച്ച് പറഞ്ഞ്, പൊതുസമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിച്ച് രാജ്യദ്രോഹപ്രവർത്തനങ്ങൾ നടത്തുകയാണ് വേടൻ ചെയ്യുന്നതെന്നും ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നുമായിരുന്നു ഈ ബി.ജെ.പി നേതാവ് കേന്ദ്ര ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈവിധത്തിൽ ഒരു പരാതി നൽകുന്നതിനെക്കുറിച്ച് ബി.ജെ.പി നേതൃത്വവുമായി കൂടിയാലോചിക്കാനോ, അനുവാദം വാങ്ങാനോ മിനി കൃഷ്ണകുമാർ തയ്യാറായതുമില്ല.

നാലുവർഷം മുമ്പ് പുറത്തിറക്കിയ 'വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്' എന്ന ആൽബത്തിൽ വേടൻ പരാമർശിച്ചത് പ്രധാനമന്ത്രി മോദിയെ ആണെന്ന ആരോപണവുമായിട്ടാണ് പരാതിക്കാരി രംഗത്തെത്തിയത്. കൂടാതെ പൊതുവ്യക്തിത്വങ്ങളെ അധിക്ഷേപിക്കൽ, വിദ്വേഷം വളർത്തൽ, ജാതീയ പ്രചാരണം നടത്തൽ, ഡിജിറ്റൽ സംവിധാനങ്ങൾ വഴി വിദ്വേഷം പരത്തൽ തുടങ്ങി ഒട്ടനവധി ആരോപണങ്ങളും ഇവർ ഉയർത്തിയിട്ടുണ്ട്.
എത്ര ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ടായാലും, ഭരണഘടനയ്ക്ക് അനുസരിച്ചുമാത്രമേ ഒരു ഇന്ത്യൻ പൗരൻ പ്രവർത്തിക്കാൻ പാടുള്ളൂ എന്നും അതെല്ലാം വിസ്മരിച്ച് ആണ് വേടൻ പ്രവർത്തിക്കുന്നതെന്ന വാദവും മിനി കൃഷ്ണകുമാർ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ ഭരണഘടനയ്ക്ക് വിരുദ്ധമായി വേടൻ പ്രവർത്തിച്ചു എന്ന് സ്ഥാപിക്കാൻ വ്യക്തമായ ഒരു തെളിവുകളും ഉയർത്തിക്കാണിക്കാൻ മിനി കൃഷ്ണകുമാറിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ആൽബം ഇപ്പോൾ ചർച്ചാവിഷയമാക്കിയതിലും വ്യക്തമായ അജണ്ട ഉണ്ടെന്ന വാദവും ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്. 'വേടൻ തന്റെ പാട്ടിൽ ആരോപണമുയർത്തുന്ന ഭരണാധികാരി നരേന്ദ്രമോദിയാണെന്ന് എവിടെയും പറയുന്നില്ല. എന്നിട്ടും ഈ ബി.ജെ.പി നേതാവ് അത് മോദി ആണെന്ന് തന്നെ ധരിച്ച് പരാതി നൽകുകയായിരുന്നു' എന്ന വിധത്തിലുള്ള ചർച്ചകളും സജീവമായി ഉയരുന്നുണ്ട്. ഭരണഘടനാനുസൃതമായി വിമർശിക്കാനുള്ള ഒരു പൗരന്റെ അവകാശം മാത്രമേ വേടൻ ഉപയോഗിച്ചിട്ടുള്ളു എന്നാണ് നിയമവിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്.

മാത്രവുമല്ല, കേസരി പത്രാധിപരും, ഹിന്ദു ഐക്യവേദി നേതാവും, ബി.ജെ.പി കൗൺസിലറുമെല്ലാം തൊടുത്തുവിട്ട ആരോപണങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ വഴി സംഘപരിവാർ അനുകൂലികൾ വ്യാപകമായി പ്രചരിപ്പിച്ചപ്പോൾ, അതിനെ പ്രതിരോധിച്ചുകൊണ്ടുള്ള ശക്തമായ മറുപടികളും മറുചേരിയിൽ നിന്നുമുണ്ടായി. അതോടെ വടികൊടുത്ത് അടിവാങ്ങിയ അവസ്ഥയിലായി സംഘപരിവാർ അനുകൂലികൾ.


വേടനെതിരായ ഈവിധം പ്രചരണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിർബന്ധിതനായത് ഈ സാഹചര്യത്തിലാണ്. ചർച്ചകൾ ഒന്നും നടത്താതെയും, പാർട്ടിയുടെ അനുമതി വാങ്ങാതെയും, വേടനെതിരെ പരാതി നൽകിയത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും, ഇനി പരസ്യപ്രതികരണങ്ങൾ ഒന്നും നടത്തരുതെന്നും, മിനി കൃഷ്ണകുമാറിനെ നേതൃത്വം അറിയിച്ചത് ഈ സാഹചര്യത്തിലാണ്. ബി.ജെ.പി നേതാവ് മിനി കൃഷ്ണകുമാറിനെതിരെയാണ് ബി.ജെ.പി നേതൃത്വം പ്രതികരിച്ചതെങ്കിലും, കെ.പി. ശശികലയടക്കമുള്ള സംഘ് പരിവാർ നേതാക്കൾക്കുകൂടിയുള്ള നിർദ്ദേശമാണിതെന്ന വികാരവും വളരെയധികം ശക്തമാണ്. വേടന് ലഭിച്ചുകൊണ്ടിരിക്കുന്ന ശക്തമായ ഈ പിന്തുണ തിരിച്ചടിക്കുമെന്ന ഭയത്തിലാണ് ഈവിധത്തിലൊരു നിലപാട് കൈക്കൊള്ളാൻ ബി.ജെ.പി നിർബന്ധിതരായതെന്നാണ് പരക്കെയുയരുന്ന വികാരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img