
'മാതൃഭൂമി'ക്കെതിരെ രൂക്ഷവിമർശനമൊരുക്കി വീണ്ടും സംഘപരിവാർ കേന്ദ്രങ്ങൾ.. 'മാതൃഭൂമി' പത്രവും മറ്റ് പ്രസിദ്ധീകരണങ്ങളും തമസ്‌ക്കരിക്കണമെന്ന നിർദ്ദേശം അണികൾക്ക് നൽകി ബഹിഷ്‌ക്കരണം ശക്തമാക്കാനുള്ള നീക്കങ്ങളാണിപ്പോൾ അണിയറയിൽ നടക്കുന്നത്. തങ്ങളുടെ പ്രതിഷേധം 'മാതൃഭൂമി' അധികൃതർ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചില്ലെങ്കിൽ, ശക്തമായ നീക്കങ്ങളുമായി മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനം.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷ വേളകളെ അർഹമായ ഗൗരവത്തോടെ കാണാതെ അവഗണിക്കുകയായിരുന്നു എന്ന ആരോപണമുയർത്തിയാണ് ആർ.എസ്.എസ് കേന്ദ്രങ്ങൾ ഇപ്പോൾ പ്രതിഷേധമുയർത്തിയിരിക്കുന്നത്.
ജിഹാദി സ്വരമെന്ന് വിമർശനം
ഹൈന്ദവ ജീവിതദർശനങ്ങൾക്ക് എതിരായി പ്രവർത്തിക്കുകയാണ് 'മാതൃഭൂമി' എന്നും, ദേശവിരുദ്ധ ശക്തികളുടെയും, ജിഹാദികളുടേയും നാവായി 'മാതൃഭൂമി' മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അതിനാൽ ബഹിഷ്‌ക്കരിക്കണമെന്നുമാണ്, ആർ.എസ്.എസിന്റെ സംഘടനാനേതൃത്വം ഇപ്പോൾ നയം തീരുമാനിച്ചിരിക്കുന്നത്. സംഘടനാ സംവിധാനങ്ങൾ വഴിയും സോഷ്യൽമീഡിയാകളിലൂടെയും ബഹിഷ്‌ക്കരണാഹ്വാനമാണ് ഈ കേന്ദ്രങ്ങൾ ഇപ്പോൾ നടപ്പാക്കിവരുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ(ആർ.എസ്.എസ്) പ്രവർത്തനങ്ങൾ നൂറ് വർഷം പൂർത്തിയാക്കുന്ന വേളയാണിപ്പോൾ. എന്നാൽ അത് സംബന്ധിച്ച വാർത്തകൾ പ്രാധാന്യത്തോടെ നൽകുന്നതിൽ 'മാതൃഭൂമി' താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം മറ്റ് പല മുഖ്യധാരാ മാധ്യമങ്ങളും ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുന്നവിധത്തിൽ വാർത്തകളും ലേഖനങ്ങളും നൽകുകയും ചെയ്തു. ഇതിലുള്ള പ്രതിഷേധമാണ് 'മാതൃഭൂമി'ക്കെതിരായ പ്രചരണങ്ങളിലേക്ക് വഴിയൊരുക്കിയതെന്നാണ് വസ്തുത.
ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷവേളയിൽ, ആർ.എസ്.എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളയുടെ ലേഖനം ഇന്ത്യയിലെ പ്രമുഖമാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചപ്പോൾ, 'മാതൃഭൂമി' ഒരു വരിപോലും നൽകാതെ അവഗണിക്കുകയായിരുന്നുവെന്നാണ് സംഘപരിവാർ കേന്ദ്രങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കുറച്ചുകാലമായി 'മാതൃഭൂമി' ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണെന്നും, ജിഹാദി അച്ചുതണ്ടാണ് മാതൃഭൂമിക്ക് ഉള്ളതെന്നുമാണ് അവരുടെ വിമർശനം. തുടർച്ചയായി ഹൈന്ദവ വാർത്തകളെ അവഗണിക്കുകയും, തമസ്‌ക്കരിക്കുകയും ചെയ്യുന്ന മാതൃഭൂമിയെ സഹിക്കേണ്ടുന്ന ആവശ്യം നമുക്കില്ല. ഇനിയും പൈസ കൊടുത്ത് ഇതിനെ ചുമക്കേണ്ടുന്ന ആവശ്യം നമുക്കുണ്ടോ, എന്ന വിധത്തിലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബഹിഷ്‌ക്കരണാഹ്വാനം.
സംഘശതാബ്ദി വാർത്ത നൽകാത്ത മാധ്യമങ്ങൾ, ദേശാഭിമാനിയും, മാധ്യമവും ഒക്കെയാണ്. അതിലവർക്ക് രാഷ്ട്രീയ താൽപര്യങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടു താനും. അതവരുടെ നയമാണെന്ന് അംഗീകരിക്കാം. എന്നാൽ അതല്ലല്ലോ മാതൃഭൂമിയുടെ കാര്യം. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളയുടെ ലേഖനത്തെ എന്തുകൊണ്ടാണ് മാതൃഭൂമി അവഗണിച്ചത്? ആ ലേഖനം ചുരുക്കി ഒരു പ്രസ്താവന രൂപത്തിൽ പോലും നൽകാൻ മാതൃഭൂമി സന്നദ്ധമായില്ല. സോഷ്യൽമീഡിയാ പ്ലാറ്റ്‌ഫോമുകൾ വഴി ഇത്തരം ഒട്ടനവധി ചോദ്യങ്ങളും, ആർ.എസ്.എസ് കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. ആരാണ് 'മാതൃഭൂമി'യുടെ എഡിറ്റോറിയൽ നയത്തെ നിയന്ത്രിക്കുന്ന ബാഹ്യശക്തികൾ? വാങ്ങിച്ചുവെച്ച ലേഖനം കൊടുക്കാതിരുന്നതെന്താണ്? ഒരു മാധ്യമത്തിന്റെയും തണലേറ്റല്ല സംഘം വളർന്നതെന്ന സത്യം മാതൃഭൂമിയിലുള്ള ആർക്കും അറിയില്ലേ? സംഘശതാബ്ദിയെ 'മാതൃഭൂമി' തമസ്‌ക്കരിച്ചാൽ, ശതാബ്ദിക്കാര്യം ലോകമറിയില്ലെന്ന് കരുതുന്ന വിധത്തിലുള്ള മണ്ടൻമാരാണോ 'മാതൃഭൂമി'യുടെ തലപ്പത്തുള്ളത്? 'മാതൃഭൂമി'യുടെ തലപ്പത്ത് ആരുടെ ദാസൻമാരാണുള്ളത്? മാതൃഭൂമിയുടെ വായനാസമൂഹത്തെ ഒന്നൊന്നായി വെറുപ്പിക്കുന്ന പത്രനയത്തിലൂടെ, 'മാതൃഭൂമി'യുടെ തകർച്ച കാത്തിരിക്കുന്നവർക്ക് വിടുപണി ചെയ്യുകയല്ലേ ഇവർ ചെയ്യുന്നത്. ഈവിധത്തിൽ അത്യന്തം ഗുരുതരമായ ആരോപണങ്ങൾ ആണിവർ ഉയർത്തുന്നത്.
മുമ്പ് 'മീശ' വിവാദം
ഇതിനുമുമ്പും സംഘപരിവാർ കേന്ദ്രങ്ങൾ 'മാതൃഭൂമി'ക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനവുമായി രംഗത്ത് വന്നിരുന്നു. എസ്. ഹരീഷിന്റെ നോവൽ 'മീശ' 'മാതൃഭൂമി' വാരികയിൽ പ്രസിദ്ധീകരിച്ചതിനെ ചൊല്ലിയായിരുന്നു അന്ന് പ്രതിഷേധം. 'മീശ' നോവലിലെ പരാമർശങ്ങൾ ഹൈന്ദവ സ്വത്വബോധത്തിന് നിരക്കാത്തതാണെന്നും, മീശയിലെ പരാമർശങ്ങൾക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അന്നവർ ബഹിഷ്‌ക്കരണാഹ്വാനം മുഴക്കിയത്.
വിശ്വാസത്തിന്റെ മറവിലെ പൊള്ളത്തരങ്ങളും പച്ചയായ ജീവിതവും ചൂണ്ടിക്കാണിച്ചത് ഒരു വിഭാഗത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നതായിരുന്നു യാഥാർത്ഥ്യം. നോവലിൽ ഒരു ഭാഗത്ത് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ സംഭാഷണമാണ് വിവാദങ്ങൾക്ക് ആധാരമായത്. സ്ത്രീകൾ ക്ഷേത്രങ്ങളിൽ പോകുന്നത് ലൈംഗിക പ്രദർശനത്തിനാണെന്ന മട്ടിൽ 'മീശ'യിൽ പരാമർശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അതിശക്ത പ്രതിഷേധം,ബി.ജെ.പി- ആർ.എസ്.എസ് കേന്ദ്രങ്ങൾ ഉയർത്തിയത്. നോവലിസ്റ്റ് ഹരീഷിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് അന്ന് നടന്നത്. 'മാതൃഭൂമി' ബഹിഷ്‌ക്കരിക്കണമെന്ന വിധത്തിൽ രൂക്ഷ പ്രചാരണങ്ങളും അന്ന് നടന്നിരുന്നു. എഴുത്തുകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി ഉയർന്ന അക്കാലത്ത്, എസ്.ഹരീഷിനെ അനുകൂലിച്ചും, പ്രതികൂലിച്ചും വലിയ തർക്കങ്ങൾ ഉയരുകയും ചെയ്തു. സമ്മർദ്ദങ്ങൾക്കൊടുവിൽ ഹരീഷ് 'മീശ'മാതൃഭൂമിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. സംഘപരിവാർ സമ്മർദ്ദങ്ങൾക്ക് വഴി 'മാതൃഭൂമി' നിർദ്ദേശിച്ചതിനെ തുടർന്നാണ് നോവൽ പിൻവലിച്ചതെന്ന വിധത്തിലുള്ള ആരോപണങ്ങളും അന്ന് ശക്തമായി ഉയർന്നിരുന്നു.
'മീശ' വിവാദത്തിൽ, സാമുദായിക സംഘടനയായ എൻ.എസ്.എസ് ബി.ജെ.പിക്ക് അനുകൂല നിലപാട് കൈക്കൊണ്ടതും, 'മാതൃഭൂമി'ക്ക് വലിയ തിരിച്ചടിയായി. സംഘപരിവാർ കേന്ദ്രങ്ങളുടെ ഇടപെടലുകളെ തുടർന്ന് പല പരസ്യദാതാക്കളും, വൻതോതിൽ മാതൃഭൂമിയെ കയ്യൊഴിഞ്ഞു. തുടർന്നാണ് വീഴ്ച അംഗീകരിച്ച് 'മാതൃഭൂമി' വിവാദങ്ങളിൽ നിന്നും തലയൂരിയത്.
'മാതൃഭൂമി' വാരികയിൽ മൂന്ന് ലക്കം മാത്രം പ്രസിദ്ധീകരിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത 'മീശ' പിന്നീട് പുസ്തകരൂപത്തിൽ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിക്കുകയും വൻതോതിൽ ആസ്വാദക ശ്രദ്ധ നേടുകയും ചെയ്തു. 2019, എസ്. ഹരീഷിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു. 'മീശ'യുടെ ഇംഗ്ലീഷ് പരിഭാഷ 'ാീൗേെമരവല' 2020 ൽ 25 ലക്ഷം ഇന്ത്യൻ രൂപ പ്രതിഫലമുള്ള ജെ.സി.ബി (ഖഇആ)സാഹിത്യപുരസ്‌കാരത്തിന് അർഹമാവുകയും ചെയ്തു.
രാഹുൽഗാന്ധിയുടെ 'നന്ദി' പ്രസംഗം
'മീശ'വിവാദം കെട്ടടങ്ങിയെങ്കിലും, അടുത്തകാലത്ത്, 'മാതൃഭൂമി'ക്കെതിരെ ബി.ജെ.പി വീണ്ടും രംഗത്ത് വന്നിരുന്നു. രാഹുൽഗാന്ധിയുടെ ലോക്‌സഭാപ്രസംഗം സംബന്ധിച്ച് നൽകിയ റിപ്പോർട്ടാണ് ബി.ജെ.പിയുടെ പ്രകോപനങ്ങൾക്ക് അടിസ്ഥാനകാരണം. നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തെ 'നന്ദി'എന്ന തലക്കെട്ടോടെ, പ്രാധാന്യത്തോടെയാണ് 'മാതൃഭൂമി' പ്രസിദ്ധീകരിച്ചത്. ബി.ജെ.പിയേയും, ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും, നിശിതമായി വിമർശിക്കുന്നതായിരുന്നു ആ പ്രസംഗം. ഇതിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി 'മാതൃഭൂമി' പത്രം കത്തിച്ച് പ്രതിഷേധമുയർത്തുകയും ചെയ്തു. പിന്നീട്, മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ, താൻ മാതൃഭൂമി പത്രം നിർത്തുകയാണെന്ന് കാണിച്ച്, പത്രാധിപർക്ക് കത്തയയ്ക്കുകയും ചെയ്തു. തുടർന്ന് മാതൃഭൂമി മാനേജ്‌മെന്റ് ബി.ജെ.പി നേതാക്കളുമായി ചർച്ചകൾ നടത്തി ഒത്തുതീർപ്പിലെത്തുകയായിരുന്നു. ആ വിധം ഒത്തുതീർപ്പുകളൊക്കെയാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. സംഘത്തിന്റെ ശതാബ്ദി വാർത്തയേയും, ദത്താത്രേയ ഹൊസബാളയുടെ ലേഖനത്തെയും തമസ്‌ക്കരിച്ചത് അത്യന്തം വൈകാരികമായിട്ടാണ് ബി.ജെ.പി കേന്ദ്രങ്ങൾ ഉൾക്കൊണ്ടിട്ടുള്ളത്.
സർക്കുലേഷൻ സംബന്ധിച്ച് വലിയ കിടമത്സരമാണ് അച്ചടി മാധ്യമരംഗത്ത് ശക്തമായി നിലകൊള്ളുന്നത്. ഈ കാര്യത്തിൽ മുൻനിര മാധ്യമങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരങ്ങൾ നിലനിൽക്കുന്നുവെന്നതും യാഥാർത്ഥ്യമാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പി ബഹിഷ്‌ക്കരണ ആഹ്വാനം ശക്തമാക്കിയാൽ, അത് 'മാതൃഭൂമി'ക്ക് വലിയ തിരിച്ചടിയായി മാറും. പരസ്യവരുമാനത്തെ അടക്കം അത് ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ബി.ജെ.പി നേതൃത്വവുമായി ചർച്ച ചെയ്ത് വസ്തുതകൾ രമ്യമായി പരിഹരിക്കാനുള്ള നീക്കമാണ് 'മാതൃഭൂമി' അധികൃതർ നടത്തുന്നതെന്നാണ് വ്യക്തമാകുന്ന സൂചനകൾ.
അതേസമയം, 'മാതൃഭൂമി' പിന്തുടരുന്നത് സംഘപരിവാർ അനുകൂല സമീപനമാണെന്ന വിമർശനം സാംസ്‌കാരികലോകത്ത് നിലനിൽക്കുന്നുണ്ടെന്ന യാഥാർത്ഥ്യവും കാണാതിരിക്കാനാവില്ല. ഈവിധം ഹിന്ദുത്വപ്രീണന നിലപാടുകൾക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് അന്വേഷി അധ്യക്ഷ കെ.അജിത ഇതിന് മുമ്പ് രംഗത്ത് വന്നത്. 'മാതൃഭൂമി' ബഹിഷ്‌ക്കരിച്ചുകൊണ്ട് അജിത എഴുതിയ തുറന്ന കത്ത് അക്കാലത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. കൂടാതെ, ന്യൂനപക്ഷ, ദലിത് വിരുദ്ധ സമീപനങ്ങളാണ് 'മാതൃഭൂമി' നിരന്തരം കൈക്കൊണ്ടുവരുന്നതെന്ന ആക്ഷേപം, പ്രമുഖ സാംസ്‌ക്കാരിക പ്രവർത്തകരായ, എൻ. ശശിധരൻ, ജെ. ദേവിക, ഡോ. ഇ.പി. മോഹനൻ തുടങ്ങിയവരും നേരത്തെ ഉയർത്തിയിട്ടുണ്ട്.
രാഷ്ട്രീയ- സാംസ്‌ക്കാരിക രംഗങ്ങളിൽ ഈവിധത്തിലുള്ള ചർച്ചകൾ നിലനിൽക്കെയാണ്, ആർ.എസ്.എസിനെ ബോധപൂർവ്വം അവഗണിക്കുകയാണെന്ന ആക്ഷേപമുയർത്തി സംഘപരിവാർ കേന്ദ്രങ്ങൾ രംഗത്ത് വരുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.











