
ആലുവ: പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഏർപ്പെടുത്തിയ ഈ വർഷത്തെ വന്ദേമാതരം പുരസ്കാരം നാന പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും എഴുത്തുകാരിയുമായ സംഗീത മധുവും നടി ശോഭനയും ഏറ്റുവാങ്ങി. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച പുരസ്കാരദാന ചടങ്ങിൽ ഗവർണർ സി വി ആനന്ദബോസിൽ നിന്നാണ് ഇരുവരും പുരസ്കാരം ഏറ്റുവാങ്ങിയത്.
ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് പശ്ചിമബംഗാൾ ഗവർണർ വന്ദേമാതരം പുരസ്കാരം ഏർപ്പെടുത്തിയത്. വിവിധ മേഖലകളിൽ വ്യക്തിുദ്ര പതിപ്പിച്ച ശക്തരായ വ്യക്തിത്വങ്ങളെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സംഗീത മധുവിന് പുറമേ സിനിമാതാരം ശോഭനയ്ക്കും ഗവർണേഴ്‌സ് എക്‌സലൻസ് അവാർഡായ വന്ദേമാതരം പുരസ്കാരം നൽകി. എഴുത്തുകാരി സന്ധ്യ രാജേന്ദ്രന് വന്ദേമാതരം യങ് ടാലന്റ് അവാർഡ് ഗവർണർ സമ്മാനിച്ചു.
നാന, മഹിളാരത്നം, ജ്യോതിഷരത്നം, ഹാസ്യ കൈരളി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററാണ് സംഗീത മധു. നിരവധി പുസ്തകങ്ങളും സംഗീത മധു എഴുതിയിട്ടുണ്ട്. മറ്റൊരു തുടക്കം, തിരുമുൽക്കാഴ്ച്ച, ഉൾത്തുടിപ്പുകൾ, നാനാത്വത്തിൽ ഏകത്വം, ജന്നത്ത് -ഇ- കശ്മീർ തുടങ്ങിയവയാണ് പ്രധാനകൃതികൾ. ഇതിനുപുറമേ, മികച്ച ഒരു സംരംഭക കൂടിയാണ് സംഗീത മധു.











