
തിരുവാങ്കുളത്ത് മൂന്നരവയസ്സുകാരിയെ പെറ്റമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സന്ധ്യ മുമ്പും കല്യാണിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന് അയൽവാസിയും ബന്ധുവുമായ അശോകൻ വെളിപ്പെടുത്തി. ഐസ്ക്രീമിൽ വിഷം കലർത്തിയും ടോർച്ചുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്നാണ് വെളിപ്പെടുത്തൽ. അതേസമയം, യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
‘‘സന്ധ്യ അധികം ആരോടും മിണ്ടുന്ന ഒരാളായിരുന്നില്ല. കുട്ടികളെ ടോർച്ച് കൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട്. ഐസ്ക്രീമിൽ വിഷം കലർത്തി ഇളയ കുഞ്ഞിനെ നേരത്തെയും കൊല്ലാൻ ശ്രമിച്ചു. അന്ന് ഒച്ചയുണ്ടാക്കിയത് മൂത്ത കൊച്ചാണ്. സുഭാഷിന്റെ അമ്മ ഇതു കണ്ട് പേടിച്ചുവിറച്ച് സന്ധ്യയെയും കുഞ്ഞുങ്ങളെയും വീട്ടിൽ കൊണ്ടാക്കി. അന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. അവർ കൗൺസിലിങ്ങിനു വിട്ടു. മാനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നിയിട്ടില്ല. സന്ധ്യയുടെ സഹോദരിയുടെയും അമ്മയുടെയും പെരുമാറ്റത്തിൽ സംശയമുണ്ട്’’ – അശോകൻ പറഞ്ഞു.
സന്ധ്യ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നുവെന്ന് ഭർത്താവ് സുഭാഷും പറഞ്ഞു. ചേച്ചിയും അമ്മയും പറയുന്നതേ സന്ധ്യ കേൾക്കുകയുള്ളൂ എന്നാണ് സുഭാഷ് പറയുന്നത്. ഇന്നലത്തെ സംഭവവും അവർക്ക് അറിയാമായിരിക്കാമെന്നും സുഭാഷ് ആരോപിക്കുന്നു.











