12:32am 08 November 2026
NEWS
ചന്ദന കൃഷി : സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ ഗൂഢനീക്കമെന്ന് കര്‍ഷക കൂട്ടായ്മ
18/03/2025  10:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചന്ദന കൃഷി : സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ ഗൂഢനീക്കമെന്ന് കര്‍ഷക കൂട്ടായ്മ

കൊച്ചി : വയനാട്ടില്‍ ചന്ദനകൃഷി തട്ടിപ്പ് എന്ന പേരില്‍ ചില ദിനപത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് കര്‍ഷക കൂട്ടായ്മ.  30 വര്‍ഷം മുമ്പ് നടന്ന ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിനോട് ഉപമിച്ചാണ് സ്വന്തം ഭൂമിയില്‍ ചന്ദനം കൃഷി ചെയ്യുന്ന കര്‍ഷകരെ തട്ടിപ്പ്കാരായി ചിത്രീകരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് വയനാട് മുള്ളംകൊല്ലി പാടിച്ചിറയിലെ ചന്ദന കര്‍ഷകരുടെ കൂട്ടായ്മയായ സാന്റല്‍വുഡ് ഗ്രൂപ്പ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ചന്ദന കൃഷി ജനകീയമാക്കുന്നതിന് സ്വകാര്യ മേഖലയുടെയും കര്‍ഷകരുടെയും സഹകരണം ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  2024-ലെ സംസ്ഥാന ബജറ്റിലും പ്രഖ്യാപനങ്ങളുണ്ട്. സര്‍ക്കാരിന്റെ ചന്ദന കൃഷി പദ്ധതികളെ അട്ടിമറിക്കാനായി  സര്‍ക്കാര്‍ വിരുദ്ധരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം വ്യാജ വാര്‍ത്തയെന്ന് സംശയിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ മോഹന വാഗ്ദാനങ്ങളില്‍പ്പെട്ട് ധാരാളം പേര്‍ വഞ്ചിക്കപ്പെടുന്നു വെന്നാണ് തങ്ങളുടെ ചന്ദന തോട്ടത്തിന്റെ ചിത്രം സഹിതം മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ചന്ദന കര്‍ഷകരെയോ, അസ്സോസിയേഷന്‍ ഭാരവാഹികളെയോ ബന്ധപ്പെടാതെയാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് അനു വര്‍ക്കി, സെക്രട്ടറി ലിസിയാമ്മ സണ്ണി, ട്രഷറര്‍ റാഫി മതിലകം എന്നിവര്‍ പറഞ്ഞു .

ഏതെങ്കിലും കമ്പനിയുടെ മോഹന വാഗ്ദാനങ്ങളില്‍പ്പെട്ടല്ല തങ്ങള്‍ വയനാട്ടില്‍ ഭൂമി വാങ്ങി ചന്ദന കൃഷി നടത്തുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.  പത്രവാര്‍ത്തയില്‍ പറയും പോലെ ആരും വഞ്ചിക്കപ്പെട്ടിട്ടില്ല. കൃഷി ഉപേക്ഷിക്കപ്പെട്ടതും തരിശായി കിടന്നിരുന്നതുമായ കരഭൂമി മൊത്തമായി വാങ്ങി  പ്ലോട്ടുകളായി തിരിച്ച് മറയൂരിലെ വനം വകുപ്പിന്റെ പക്കല്‍ നിന്നും വാങ്ങിയ ചന്ദനക്കുരു പാകി മുളപ്പിച്ച് കൃഷിചെയ്ത ചന്ദന തോട്ടമാണ് സ്വകാര്യ കമ്പനി കര്‍ഷകര്‍ക്ക് വില്‍പന നടത്തിയത്. ഇത്തരം കമ്പനികള്‍ നഗരങ്ങളില്‍  ഭൂമി വാങ്ങി പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക്  ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നു. അതില്‍ തട്ടിപ്പ് ആരും ആരോപിക്കുന്നില്ല. വയനാടിന്റെ പ്രത്യേക സാഹചര്യത്തില്‍ ടൂറിസവും കൃഷിയും സമുന്നയിപ്പിച്ച് പദ്ധതികള്‍ അവതരിപ്പിക്കുന്ന സംരംഭകരെയാണ് സര്‍ക്കാര്‍ വിരുദ്ധതയുടെ പേരില്‍ തട്ടിപ്പുകാരായി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതെന്ന് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മുള്ളംകൊല്ലിയിലെ ചന്ദന തോട്ടം ഓരോ കര്‍ഷകനും  നേരില്‍ കണ്ട് ബോധ്യപ്പെട്ടതിന് ശേഷമാണ് കമ്പനി ആവശ്യപ്പെട്ട തുക നല്‍കി പ്ലോട്ട് സ്വന്തമാക്കിയതും അസ്സോസിയേഷന്‍ രൂപീകരിച്ച് മുന്നോട്ട് പോകുന്നതും. തോട്ടത്തിന് ചുറ്റും സുരക്ഷയ്ക്കായി കമ്പിവേലി, വൈദ്യുതി, ഓരോ കര്‍ഷകനും തന്റെ  പ്ലോട്ടിലേയ്ക്ക് സ്വതന്ത്രമായി എത്താനുളള റോഡ്, കുടിവെളള സൗകര്യം, വിള ഇന്‍ഷുറന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളള  കൃഷിയിടത്തിന് തരിശുഭൂമിയുടെ വിലയുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ഏതൊരാള്‍ക്കും അറിയാം. (കറവയില്ലാത്ത പശുവിനും, ഗര്‍ഭിണിയായ പശുവിനും, കറവയുള്ള പശുവിനും നാട്ടിലെ വില എന്തെന്ന് ഓരോ ക്ഷീരകര്‍ഷകനും അറിയാം.) കൂടുതല്‍ സ്വകാര്യ കമ്പനികള്‍ ചന്ദന കൃഷിയിലേയ്ക്ക് കടന്നുവരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. റബ്ബര്‍ കൃഷിയുടെ പ്രാരംഭകാലത്തും ഇത്തരത്തില്‍ കര്‍ഷകരെ ആശങ്കപ്പെടുത്തി അവരെ കൃഷിയില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനുളള ആസൂത്രിത നീക്കം നടന്നിരുന്നു. സര്‍ക്കാരിന്റെയും റബ്ബര്‍ ബോര്‍ഡിന്റെയും ശക്തമായ ഇടപെടലാണ്  കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് തന്നെ ശക്തമായ പിന്തുണ നല്‍കിയ റബ്ബര്‍ കൃഷി വ്യാപകമാകാന്‍ കാരണം. 

1961-ലെയും 2011 ലെയും ഫോറസ്റ്റ് ആക്ട്, പിന്നീട് 2012-ല്‍ വന്ന സാന്റല്‍ വുഡ് പ്രൊട്ടക്ഷന്‍ ബില്ലിലൂടെ  സ്വകാര്യ വ്യക്തികള്‍ക്ക് കേരളത്തിലെവിടെയും ചന്ദനം നട്ട് വളര്‍ത്താം.  വനം വകുപ്പില്‍ നിക്ഷിപ്തമായിരുന്ന ചന്ദന വില്‍പനയിലും സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നു.  2024 ഒക്ടോബര്‍ 11-ലെ എല്ലാ പത്രങ്ങളിലെയും മുഖ്യ വാര്‍ത്തയും അതായിരുന്നു.  ചന്ദന കൃഷി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച നയം തമിഴ്‌നാടും, കര്‍ണ്ണാടകയും വര്‍ഷങ്ങള്‍ക്ക് മുന്നേ നടപ്പാക്കി. ഇതിന്റെ ചുവടുപിടിച്ചാണ് കേരള സര്‍ക്കാരും നയരൂപീകരണം നടത്തിയത്.  മറയൂരിന് പുറമെ പശ്ചിമഘട്ടത്തില്‍ ചന്ദനത്തിന് വളരാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം വയനാടാണ്. വയനാട്ടിലെ തരിശുഭൂമിയില്‍ വിവിധങ്ങളായ പദ്ധതികളിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും, കൂട്ടായ്മയിലൂടെയും ചന്ദന കൃഷി വ്യാപകമാക്കുന്നതിനുള്ള കര്‍ഷകരുടെ ശ്രമത്തെയാണ് ചില തല്‍പ്പരകക്ഷികള്‍ തുരങ്കംവയ്ക്കുന്നത്. 

പൊതുജനങ്ങള്‍ക്ക് ചന്ദനത്തിന്റെ സാധ്യതകളെക്കുറിച്ചും ചന്ദനകൃഷിയെക്കുറിച്ചും ആധികാരികമായി അറിവ് ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് എന്‍വിയോണ്‍മെന്റ്,  ഫോറസ്റ്റ് ആന്റ് ക്ലൈമറ്റ് ചെയ്ഞ്ചിന്റെ കീഴിലുളള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസേര്‍ച്ച് ആന്റ് എഡ്യൂക്കേഷനും ബ്ലാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ആന്റ് ടെക്‌നോളജിയും ചേര്‍ന്ന് സാന്റല്‍ വുഡ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ മലയാളത്തിലെ ദിനപത്രങ്ങളിലും, കാര്‍ഷിക മാസികകളിലും പ്രസിദ്ധീകരിച്ച ചന്ദന കര്‍ഷകരുടെ ഫീച്ചറുകളിലൂടെയും ലഭിച്ച അറിവിന്റെ കൂടി അടിസ്ഥാനത്തിലാണ് കൃഷിയില്‍ താല്‍പര്യമുളള കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ വയനാട്ടില്‍ ചന്ദനകൃഷി ആരംഭിച്ചത്. വയനാട്ടില്‍ ചന്ദന കൃഷി വ്യാപകമാക്കുന്നതിന് പദ്ധതികള്‍ അവതരിപ്പിക്കുന്ന ആരുമായും സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും സാന്റല്‍വുഡ് ഗ്രൂപ്പ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍  ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ചന്ദന കൃഷി വിരുദ്ധരില്‍ നിന്നും തങ്ങളുടെ തോട്ടത്തിന് മതിയായ സുരക്ഷയും സംരക്ഷണവും സര്‍ക്കാര്‍ നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img