06:40am 11 November 2026
NEWS
നടി ഒരു മാഫിയയുടെ തടവിലാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ
09/09/2025  04:15 PM IST
nila
നടി  ഒരു മാഫിയയുടെ തടവിലാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ

തനിക്കെതിരെ പരാതി നൽകിയ നടി  ഒരു മാഫിയയുടെ തടവിലാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. പിന്തുടർന്ന് ശല്യംചെയ്തുവെന്ന നടിയുടെ പരാതിയിൽ അറസ്റ്റിലായ സനൽകുമാറിന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സനൽകുമാർ ശശിധരൻ പരാതിക്കാരിയായ നടി മാഫിയയുടെ തടവിലാണെന്ന് ആരോപിച്ചത്. നടിയുമായി മാനസിക അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുന്നവരെയെല്ലാം കേസിൽ കുടുക്കി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സനൽകുമാർ പറയുന്നു. 

'ഞാൻ കുറ്റംചെയ്തിട്ടില്ല, നടി പരാതി കൊടുത്തിട്ടില്ല. അവരെ ബലമായി പിടിച്ചുവച്ചിരിക്കുകയാണ്. അവരുമായി മാനസികമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ആരൊക്കെയാണോ, അവർക്കെതിരെയെല്ലാം കേസ് കൊടുക്കുന്നുണ്ട്. ആ കേസിലൊന്നും വിചാരണ നടക്കുന്നില്ല. തെളിവ് കൊടുക്കുന്നില്ല. അവരെയൊക്കെ ഭീഷണിപ്പെടുത്തി അകറ്റാൻ മാത്രമാണ് കേസ് കൊടുക്കുന്നത്. അതേ രീതിയാണ് എന്റെ കാര്യത്തിലും', സനൽകുമാർ ശശിധരൻ ആരോപിച്ചു.

'അവർ അഭിനയിച്ച ഞാൻ സംവിധാനംചെയ്ത 'കയറ്റം' എന്ന സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്തുകൊണ്ട് അത് പുറത്തിറങ്ങിയില്ല എന്ന് ചോദിക്കാൻ വേണ്ടി കാണാൻ ശ്രമിച്ചാൽപ്പോലും, ഞാൻ മിണ്ടരുത് സംസാരിക്കരുത് എന്നാണ് സമീപനം. അതിനു ശേഷമാണ് എന്റെ വിശ്വാസ്യത തകർക്കാൻ ശ്രമം നടക്കുന്നത്. ഞാൻ സ്ഥിരം കുറ്റവാളിയാണെന്നും പിന്തുടർന്ന് ശല്യപ്പെടുത്തുന്ന ആളാണെന്നും മാനസികരോഗമാണെന്നും പറയുന്നു. എനിക്കെതിരെ ട്രാൻസിറ്റ് വാറന്റോ, ലുക്ക് ഔട്ട് നോട്ടീസോ ഇല്ല. 2022-ൽ ഇതുപോലെ ആരുമറിയാതെ എന്നെ വന്ന് പിടിച്ചുകൊണ്ടുപോയി കൊന്നുകളയാനുള്ള ശ്രമം നടന്നു. ഇന്നലെയും അത് തന്നെയാണ് നടന്നത്', സംവിധായകൻ പറഞ്ഞു.

'അവരെ തടവിൽ വച്ചിരിക്കുന്ന ഒരു മാഫിയയുണ്ട്. അവരാണ് കേസിന് പിന്നിൽ. അവരുടെ ഒപ്പ് കള്ള ഒപ്പാണ്. അവർ കോടതിയിൽ വന്ന് മൊഴികൊടുത്താൽ ഞാൻ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് തെളിയുമല്ലോ?', സനൽ കുമാർ ശശിധരൻ ചോദിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img